Thursday, 23 June 2016

ലോകശക്തികൾക്ക് ഇന്ത്യയെ അത്രയ്ക്ക് വിശ്വാസമാണ്, വരാനിരിക്കുന്നത് കോടികൾ

manoramaonline.com

ലോകശക്തികൾക്ക് ഇന്ത്യയെ അത്രയ്ക്ക് വിശ്വാസമാണ്, വരാനിരിക്കുന്നത് കോടികൾ

by സ്വന്തം ലേഖകൻ

ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞദിവസം ഐഎസ്ആർഒ സ്വന്തമാക്കിയത്. ഏറെ ചെലവ് കുറഞ്ഞ ഒരു റോക്കറ്റിൽ 20 ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നു. ഇനിയുള്ള നാളുകൾ ഇന്ത്യയുടേതാണ്. ബഹിരാകാശ വിപണിയിലൂടെ രാജ്യത്തിന്റെ ഖജനാവിലേക്ക് വരാനിരിക്കുന്നത് കോടികളാണ്. ബഹിരാകാശ വിപണിയിലെ ലോകശക്തികൾക്ക് ഇന്ത്യയെയും ഐഎസ്ആർഒയുടെ സാങ്കേതിക വിദഗ്ധരെയും സാങ്കേതിക സംവിധാനങ്ങളെയും ഇപ്പോൾ അത്രയ്ക്ക് വിശ്വാസമാണ്. വിദേശ രാജ്യങ്ങൾ വിക്ഷേപിക്കാൻ ഏൽപിച്ച ഉപഗ്രങ്ങളെല്ലാം വിജയകരമായി ലക്ഷ്യത്തിലെത്തിച്ച ചരിത്രമാണ് ഐഎസ്ആർഒയ്ക്കുള്ളത്.
ഇതിനിടെ രാജ്യത്തിന്റെ വിശ്വസ്ത വിക്ഷേപണ വാഹനം പിഎസ്എൽവിക്കു ബഹിരാകാശത്തു സെഞ്ചുറി തികച്ചു. 113 ഉപഗ്രഹങ്ങളെയാണു പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. മറ്റൊരു വിക്ഷേപണ വാഹനത്തിനും നേടാനാവാത്ത ചരിത്രനേട്ടമാണിത്. ഇന്നലത്തെ വിക്ഷേപണത്തിനു മുൻപ് 93 ഉപഗ്രഹങ്ങളെയാണു പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചിരുന്നത്. ഇന്നലെ പിഎസ്എൽവി സി 34 ഇരുപത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതോടെ ചരിത്രം വഴിമാറി; സെഞ്ചുറി പിറന്നു.
ഇന്ത്യൻ ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ വിദേശ ഉപഗ്രഹങ്ങളെയാണു പിഎസ്എൽവി വഹിച്ചിട്ടുള്ളത്. 19 വിദേശ രാജ്യങ്ങളിൽ നിന്നായി 74 വിദേശ ഉപഗ്രഹങ്ങളെയാണു പിഎസ്എൽവി ലക്ഷ്യത്തിലെത്തിച്ചത്. വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന കാര്യത്തിൽ ഒരിക്കൽപ്പോലും ഐഎസ്ആർഒയ്ക്കു പിഴച്ചിട്ടില്ല. ആ വിശ്വാസം കൊണ്ടു തന്നെയാണു തങ്ങളുടെ ഉപഗ്രഹങ്ങൾ ഐഎസ്ആർഒയെ ഏൽപ്പിക്കാൻ വിദേശ രാജ്യങ്ങൾ മടികാട്ടാത്തതും.
യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൂടുതൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ അവരെല്ലാം ആശ്രയിക്കുന്നത് ഇന്ത്യയെയും. ഉപഗ്രഹ വിക്ഷേപണ സാങ്കേതികവിദ്യ സ്വന്തമായുള്ള മറ്റ് ഏജൻസികളുടെ നിരക്കിനെക്കാൾ 25% കുറവാണ് ഐഎസ്ആർഒയുടെ ചെലവ്. വിജയസാധ്യതയുടെ കാര്യത്തിലാണെങ്കിൽ 100% ഉറപ്പും.
modi-isro
1993 സെപ്റ്റംബർ 20നു നടന്ന ആദ്യ പിഎസ്എൽവി ഡി1 വിക്ഷേപണം മാത്രാണു പരാജയപ്പെട്ടത്. പിന്നീട്, പിഎസ്എൽവിയും ഐഎസ്ആർഒയും തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്നലത്തേതു പിഎസ്എൽവിയുടെ തുടർച്ചയായ 35–ാം വിക്ഷേപണ വിജയം. ഇന്ത്യയുടെ അഭിമാന പദ്ധതികളായ ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയവയ്ക്കും വിക്ഷേപണ വാഹനമായതു പിഎസ്എൽവി തന്നെ. 

No comments :

Post a Comment