മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കോച്ചിനെ നിശ്ചയിച്ചത്. ബി.സി.സി.ഐ കൈമാറിയ 21 അംഗ പട്ടികയിലെ തിരഞ്ഞെടുത്ത പരീശീലകരുമായി സമിതി അഭിമുഖം നടത്തിയിരുന്നു. സഹകളിക്കാര്‍ ആയിരുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടെ പിന്തുണ കുംബ്ലെയ്ക്ക് ലഭിച്ചുവെന്ന് കരുതുന്നു.
 അതേസമയം ബി.സി.സി.ഐ നല്‍കിയ പട്ടികയില്‍ അനില്‍ കുംബ്ലെ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. സമിതിയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായ കുംബ്ലെയ്ക്ക് തന്റെ പദ്ധതികളും കാഴ്ചപ്പാടുകളും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നാണ് സൂചന.
ബാറ്റിങ് പരിശീലകനായി രവിശാസ്ത്രിയെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ബാറ്റിങ്, ബൗളിങ് പരിശീലകരെ തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.