Thursday, 15 September 2016

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി; ജീവപര്യന്തം നിലനില്‍ക്കും


കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും ഒഴിവാക്കി പകരം ഗുരുതരമായി പരിക്കേല്‍പിച്ചതിന് 325-ാം വകുപ്പ് ചുമത്തി ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ചു; മറ്റു കുറ്റങ്ങളിലെ വിധികള്‍ നിലനിര്‍ത്തി
Published: September 15, 2016, 06:40 PM IST

ന്യൂഡല്‍ഹി: കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ ഗോവിന്ദച്ചാമിയുടെ ശിക്ഷ ഏഴുവര്‍ഷം കഠിനതടവ് മാത്രമായി കുറച്ചതായായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്നംഗ ബെഞ്ചിന്റെ വിധിപ്രസ്താവത്തില്‍ നിന്നും സുപ്രീംകോടതി അഭിഭാഷകര്‍ നല്‍കിയതായിരുന്നു ഈ വിവരം. എന്നാല്‍ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെയാണ് ജീവപര്യന്തം തടവ് നിലനില്‍ക്കുമെന്ന കാര്യം വ്യക്തമായത്.
ട്രെയിനില്‍ നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് സൗമ്യയുടെ മരണകാരണമായത്. എന്നാല്‍ ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.
കൊലപാതകത്തിനുള്ള ഐപിസി 302 വകുപ്പ് ഒഴിവാക്കിയപ്പോള്‍ ഗുരുതരമായി പരിക്കേല്‍പിച്ചതിനുള്ള ഐപിസി 325 വകുപ്പ് കോടതി പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് ഏഴു വര്‍ഷം കഠിനതടവും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇതും ജീവപര്യന്തവും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ സുപ്രധാന വിധി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ്കോടതി ശിക്ഷ ചുരുക്കിയത്.
എന്നാല്‍ കൊലപാതകം ഒഴികെയുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന് തെളിയിക്കാനായിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതി നടത്തിയത് ഹീനമായ കൃത്യമാണെന്നും രഞ്ജന്‍ ഗൊഗോയ്, യു.യു.ലളിത്, പ്രഫുല്ല സി.ചാന്ത് എന്നിവര്‍ ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് സൗമ്യ മരിച്ചു.
സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പില്‍ വിധിന്യായം വ്യക്തമാക്കുന്ന ഭാഗം

No comments :

Post a Comment