കെട്ടിടനിര്‍മാണം

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ
പ്രിന്റ്‌ എഡിഷന്‍  ·  October 31, 2017
കൊച്ചി: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ അനുമതിക്കായുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ‘സങ്കേതം’ സോഫ്റ്റ്‌വെയറിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പരീക്ഷണാടിസ്ഥാനത്തില്‍ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു. നിലവില്‍ തീരുമാനം കര്‍ശനമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തല നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. 100 ചതുരശ്രമീറ്ററിനു മുകളിലേക്കുള്ള എല്ലാ നിര്‍മാണങ്ങള്‍ക്കും തീരുമാനം ബാധകമാണ്.

ലൈസന്‍സുള്ള എന്‍ജിനീയര്‍, ആര്‍ക്കിടെക്ട് എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷ പരിശോധിക്കും. അനുമതി നല്‍കുന്നതും ഓണ്‍ലൈനായാണ്. അപേക്ഷകന് തന്റെ അക്കൗണ്ടില്‍ നിന്ന് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് അടയ്ക്കാന്‍ ബന്ധപ്പെട്ട രേഖകളുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണമെന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കും. സൈറ്റില്‍ ഇ-പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മിക്ക പഞ്ചായത്തുകളിലും സംവിധാനം ഉപയോഗിച്ചിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനം സുപരിചിതമല്ലാത്തവര്‍ അംഗീകൃത ലൈസന്‍സിയുടെ അടുക്കല്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് അതിന്റെ പ്രിന്റുമായി ഓഫീസുകളിലെത്തണം.
ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പിഴകള്‍ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടിലേക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും തിരിച്ചയക്കുമ്പോള്‍, രേഖകള്‍ നഷ്ടമാകുന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.
രേഖകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വേളയില്‍ സെര്‍വര്‍ പണിമുടക്കാറുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. സംവിധാനം കര്‍ശനമാക്കിയതോടെ ഗ്രാമീണ മേഖലയിലെ അപേക്ഷകളെയായിരിക്കും പോരായ്മകള്‍ ഏറെയും ബാധിക്കുക.  www.buildingpermitlsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.ഉണ്ണി കൊടുങ്ങല്ലൂര്‍




നിയമമറിഞ്ഞ് പണിയാം



കെട്ടിടനിര്‍മാണ നിയമം കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും വളരെ മുമ്പുതന്നെ നിലവിലുണ്ട്. ഓരോ വ്യക്തിയുടെയും സ്ഥലത്ത് അവരവര്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്, എല്ലാവര്‍ക്കും നീതി ഒരുപോലെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. വായുവും വെളിച്ചവും തടസ്സപ്പെടാതിരിക്കാനും അയല്‍വാസിയുടെ ജലം 
മലിനമാക്കപ്പെടാതിരിക്കാനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
പഞ്ചായത്തുകള്‍ക്കുള്ള കെട്ടിടനിര്‍മാണ നിയമമല്ല, മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ളത്. ഇവ തമ്മില്‍ കുറഞ്ഞ വ്യത്യാസമേയുള്ളൂ. കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍ 1999 ആണ് കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ബാധകമായത്. ഈ നിയമമായിരുന്നു 2011 വരെ ചില പഞ്ചായത്തുകളിലും നിലവിലുണ്ടായിരുന്നത്. 2011ല്‍ പഞ്ചായത്തുകള്‍ക്ക് മാത്രമായി കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ നിലവില്‍വരുകയും അത് എല്ലാ പഞ്ചായത്തുകള്‍ക്കും ബാധകമാക്കുകയും ചെയ്തു. ഈ നിയമപ്രകാരം പഞ്ചായത്തുകളെ കാറ്റഗറി 1 കാറ്റഗറി 2എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. നേരത്തേതന്നെ മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളാണ് കാറ്റഗറി ഒന്നിലുള്ളത്.
അനുമതി വേണ്ടാത്തതാര്‍ക്ക്
കേരളത്തില്‍ നിര്‍മിക്കുന്ന പൊതുവായതോ സ്വകാര്യ ആവശ്യത്തിനുള്ളതോ ആയ ഏതൊരു കെട്ടിടത്തിനും ഈ നിയമം ബാധകമാണ്. നിലവിലുള്ള കെട്ടിടത്തില്‍ മാറ്റംവരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗത്തിലുള്ള മാറ്റംവരുത്തുന്നതിനും നിയമം ബാധകമായിരിക്കും. മാത്രമല്ല, കുടുംബസ്വത്തുക്കള്‍ ഭാഗംവെക്കുന്നതൊഴികെയുള്ള വിഭജനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഈ നിയമം പാലിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്‌ളാന്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങിയ ശേഷമേ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍, കാറ്റഗറി II പഞ്ചായത്തുകളില്‍ 100 ചതുരശ്ര മീറ്റര്‍ (1076 ചതുരശ്ര അടി) വരെയുള്ള വീടുകള്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങുന്നതിനു പകരം പഞ്ചായത്തുകളില്‍ ഇന്റിമേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതി.
മുന്നില്‍ മൂന്നു മീറ്റര്‍, പിന്നില്‍ രണ്ട്
10 മീറ്റര്‍ വരെ ഉയരമുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് മുന്‍ഭാഗത്ത് ശരാശരി മൂന്നു മീറ്റര്‍ അകലം അതിരില്‍നിന്നുണ്ടാവണം. പിന്‍ഭാഗത്ത് ശരാശരി രണ്ടു മീറ്ററും ഒരു പാര്‍ശ്വത്തില്‍ ചുരുങ്ങിയത് 1.20 മീറ്ററും മറുപാര്‍ശ്വത്തില്‍ ചുരുങ്ങിയത് ഒരു മീറ്ററും തുറസ്സായ സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റികളില്‍ ഏഴു മീറ്ററില്‍ താഴെ ഉയരമുള്ള കെട്ടിടമാണെങ്കില്‍ പിന്‍ഭാഗത്ത് ശരാശരി 1.50 മീറ്റര്‍ മതിയാവും. കൂടാതെ പിന്‍വശത്തും ഒരു പാര്‍ശ്വത്തിലും തൊട്ടടുത്തുള്ള സ്ഥലമുടമയുടെ രേഖാമൂലമുള്ള അനുവാദത്തോടെ അതിരിനോടു ചേര്‍ത്ത് നിര്‍മാണം നടത്താം. എന്നാല്‍, ജനലോ വെന്റിലേറ്ററോ വെക്കാന്‍ അനുവാദമില്ല. പഞ്ചായത്തുകളില്‍ ഒരു പാര്‍ശ്വത്തിനു മാത്രമേ ഇത്തരത്തില്‍ ചേര്‍ത്ത് നിര്‍മിക്കാന്‍ അനുവാദമുള്ളൂ.
റോഡില്‍ നിന്ന് മൂന്നു മീറ്റര്‍
ദേശീയപാത മുതല്‍ പഞ്ചായത്ത് വിജ്ഞാപനം ചെയ്ത പാതകള്‍ ഉള്‍പ്പെടെ പ്രധാന റോഡുകളില്‍നിന്ന് ചുരുങ്ങിയത് മൂന്നു മീറ്റര്‍ അകലം പാലിച്ചേ ഏതൊരു കെട്ടിടവും നിര്‍മിക്കാന്‍ അനുവാദമുള്ളൂ. കിണറുകളും റോഡില്‍നിന്ന് ഇതേ അകലം പാലിക്കണം. കിണറുകള്‍ മറ്റ് അതിരുകളില്‍നിന്ന് 1.50 മീറ്റര്‍ വിട്ടാല്‍ മതിയാവും. സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ്, സോക് പിറ്റ് എന്നിവയില്‍നിന്നും ചുരുങ്ങിയത് ഏഴു മീറ്റര്‍ അകലം പാലിച്ചു മാത്രമേ കിണര്‍ നിര്‍മിക്കാവൂ.
ഇത്തരം ടാങ്കുകള്‍ അതിരില്‍നിന്ന് 1.20 മീറ്റര്‍ അകലം പാലിച്ചിരിക്കണം. 125 ചതുരശ്ര മീറ്ററില്‍ (മൂന്നു സെന്റ്) കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളില്‍നിന്ന് മൂന്നു മീറ്റര്‍ അകലം പാലിക്കണമെങ്കിലും മറ്റു റോഡുകളില്‍നിന്ന് രണ്ടു മീറ്റര്‍ മതിയാവും. മുന്‍ഭാഗത്ത് ശരാശരി 1.30 മീറ്ററും പിന്‍ഭാഗത്ത് ശരാശരി ഒരു മീറ്ററും ഒരുവശത്ത് 90 സെന്റിമീറ്ററും മറുവശത്ത് 60 സെന്റിമീറ്ററും തുറസ്സായ സ്ഥലം മതിയാവും.
വേണം മഴവെള്ള സംഭരണി
എട്ടു സെന്റില്‍ കൂടുതലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന 150 ചതുരശ്ര മീറ്ററില്‍ കൂടിയ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണിയും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിപ്പോകാന്‍ സഹായിക്കുന്ന പോഷണക്കുഴിയും നിര്‍ബന്ധമാണ്. കെട്ടിടത്തിന്റെ കവറേജിനെയും ഉപയോഗത്തെയും അടിസ്ഥാനമാക്കിയാണ് സംഭരണിയുടെ ശേഷി നിശ്ചയിക്കുന്നത്. കൂടാതെ 400 ചതുരശ്ര മീറ്ററില്‍ കൂടിയ വീടുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കൂടിയ ഫ്‌ളാറ്റുകള്‍, ലോഡ്ജുകള്‍, ആശുപത്രി, കല്യാണമണ്ഡപങ്ങള്‍ എന്നിവക്കും സൗരോര്‍ജ ജലതാപന/പ്രകാശ സംവിധാനം ഘടിപ്പിക്കണം.
പാലിക്കേണ്ട അനുബന്ധ നിയമങ്ങള്‍
കെട്ടിടനിര്‍മാണ നിയമത്തിനു പുറമെ ഒട്ടേറെ അനുബന്ധ നിയമങ്ങള്‍കൂടി പാലിക്കേണ്ടതുണ്ട്. നഗരാസൂത്രണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്‌ളാനുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മേഖലാ നിയന്ത്രണ നിയമം പാലിക്കണം. നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമവും തീരദേശ സംരക്ഷണ നിയമവും (സി.ആര്‍.ഇസെഡ്) ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടും പാലിച്ചുകൊണ്ടേ നിര്‍മാണങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂ. റെയില്‍വേ ഭൂമിയുടെ അതിരില്‍നിന്ന് 30 മീറ്ററിനുള്ളില്‍ വരുന്ന നിര്‍മാണങ്ങള്‍ക്ക് റെയില്‍വേയുടെയും പ്രതിരോധ വിഭാഗത്തിന്റെ ഭൂമിയില്‍നിന്ന് 100 മീറ്ററിനുള്ളില്‍ വരുന്നവക്ക് ഡിഫന്‍സ് സ്ഥാപനത്തിന്റെയും മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.
ഭൂനിരപ്പില്‍നിന്ന് രണ്ടു നിലകളില്‍ കൂടിയ വാണിജ്യ കെട്ടിടങ്ങള്‍ക്കും മൂന്നു നിലകളില്‍ കൂടിയ താമസ കെട്ടിടങ്ങള്‍ക്കും വിദ്യാഭ്യാസ, ആശുപത്രി കെട്ടിടങ്ങള്‍ക്കും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ എന്‍.ഒ.സി ആവശ്യമാണ്.
അനുമതി കിട്ടാന്‍ ഒരു മാസം
നിയമപ്രകാരം പ്‌ളാന്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനകം അനുവാദം നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഒരു ചെറിയ വീടിന്റെ പ്‌ളാനിനുവേണ്ടി പോലും ഒട്ടേറെ തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതായി വരുന്നു. അനുമതി വാങ്ങി നിര്‍മാണം നടത്തുന്നതിന് ജനങ്ങള്‍ക്ക് വിമുഖതയില്ല. എന്നാല്‍, അതിനായി അനാവശ്യമായി ഓഫിസില്‍ കയറിയിറങ്ങേണ്ടിവരുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.
അവലംബം
മാധ്യമം ഗൃഹം
ജാബിര്‍ തിരവോത്ത്
കണ്‍വീനര്‍, ബില്‍ഡിങ് റൂള്‍ കമ്മിറ്റി,
ലെന്‍സ്‌ഫെഡ് കേരള.

No comments :

Post a Comment