Wednesday, 8 February 2017

ആശയമുണ്ടോ..? NIT പഠിപ്പിക്കും ആര്‍ക്കും വിജയിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ആശയമുണ്ടോ..? NIT പഠിപ്പിക്കും



എൻ.ഐ.ടി. കോഴിക്കോട് ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ നടത്തുന്ന ഓന്ത്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കാം. സംരംഭകനാകാനുള്ള
പാഠങ്ങൾ പഠിക്കാം

ലോകം മാറ്റിമറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ നിങ്ങളുടെ കൈയിലുണ്ടോ...? എങ്കില്‍ അവയ്ക്ക് ചിറകുനല്‍കാന്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ (എന്‍.ഐ.ടി. ടി.ബി.ഐ.) സെന്ററുണ്ട്. നല്ലൊരു സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും അവിടെ ലഭിക്കും.
ഉത്പന്നമാക്കി എങ്ങനെ വിപണിയിലെത്തിക്കാം തുടങ്ങിയ കാര്യങ്ങള്‍ എന്‍.ഐ.ടി. ടി.ബി.ഐ. സംഘടിപ്പിക്കുന്ന ഓന്ത്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ (ഇ.ഡി.പി.)നിന്ന് പഠിക്കാം. ഈ വര്‍ഷത്തെ പരിശീലനപരിപാടി ഫെബ്രുവരി 13 ന് ആരംഭിക്കും. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓന്ത്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍.എസ്.ടി.ഇ.ഡി.ബി.) സഹായത്തോടെയാണിത്. ഹൈദരാബാദിലെ ഓന്ത്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മാര്‍ഗനിര്‍ദേശം നല്‍കുക.
പരിശീലനം 
ഓന്ത്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം 1 & 2 (ഇ.ഡി.പി):  സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് സ്വപ്നംകാണുന്നവര്‍ക്ക് ഇ.ഡി.പി. വഴികാട്ടിയാകും. നാലാഴ്ചത്തെ പരിശീലനം. രണ്ടുഘട്ടങ്ങളിലെ ഒന്നാംഘട്ടം ഫെബ്രുവരി 13ന് ആരംഭിച്ച് മാര്‍ച്ച് 11ന് അവസാനിക്കും. രണ്ടാംഘട്ടം ജൂണ്‍ അഞ്ചിന് ആരംഭിച്ച് ജൂണ്‍ 30ന് അവസാനിക്കും.
ടെക്‌നോളജിക്കല്‍ ഓന്ത്രപ്രെണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം (ടി.ഇ.ഡി.പി.) കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഫുഡ് പ്രോസസിങ്): ആശയങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായമാവശ്യമാണ്. അതിന് പ്രാധാന്യംനല്‍കിയുള്ള പരിശീലനപരിപാടിയാണ് ടി.ഇ.ഡി.പി. ഇതില്‍ ആദ്യം കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങിനെക്കുറിച്ച് മാര്‍ച്ച് ആറുമുതല്‍ ഏപ്രില്‍ 15 വരെയും ഫുഡ് പ്രൊസസിങ്ങുമായി ബന്ധപ്പെട്ട പരിശീലനം മെയ് 22 മുതല്‍ ജൂണ്‍ 30 വരെയും നടക്കും. ആറാഴ്ചനീളുന്ന ക്ലാസില്‍ ആദ്യ നാലാഴ്ച എങ്ങനെ സംരംഭം തുടങ്ങാം എന്നതിനെക്കുറിച്ചും ബാക്കി രണ്ടാഴ്ച സ്‌പെഷലൈസേഷനുകളായി കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഫുഡ് പ്രോസസിങ് എന്നിവയിലും ക്ലാസ് നടക്കും.
വിമണ്‍സ് ഇ.ഡി.പി: വനിതാസംരംഭകര്‍ക്ക് മാത്രമുള്ള പരിശീലനപരിപാടി.  ഏപ്രില്‍ 17ന് ആരംഭിക്കുന്ന പരിശീലനം  മേയ് 13ന് അവസാനിക്കും.
ഫാക്കല്‍റ്റി ഇ.ഡി.പി: വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനായി കോേളജുകളില്‍ ഓന്ത്രപ്രെണര്‍ഷിപ്പ് സെന്ററുകളുണ്ട്. ഈ സെന്ററിന്റെ ചുമതലയുള്ള അധ്യാപകന്‍, കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പൂര്‍ണമായി റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണിത്. മേയ് 15ന് ആരംഭിച്ച് 27ന് അവസാനിക്കും. സ്ഥാപനമേധാവി നിര്‍ദേശിക്കുന്ന അധ്യാപകന് പരിശീലനപരിപാടിയില്‍ പങ്കെടുക്കാം.
യോഗ്യത
സംരംഭകാശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ബിരുദമാണ് അടിസ്ഥാനയോഗ്യത (എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ആര്‍ട്‌സ്, സയന്‍സ്, ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ്) പ്രായം: 45 വയസ്സുവരെ. എഫ്.ഡി.പി. ഒഴികെയുള്ള പ്രോഗ്രാമുകള്‍ക്ക് 1,500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബിരുദധാരികള്‍ മുതല്‍ പിഎച്ച്.ഡി.ക്കാര്‍വരെ പരിശീലനപരിപാടിയില്‍ പങ്കെടുക്കാറുണ്ടെന്ന് എന്‍.ഐ.ടി. കാലിക്കറ്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിജിത്ത് കുമാര്‍ പറഞ്ഞു. ക്ലാസുകള്‍ മലയാളത്തിലാണ് നടക്കുകയെങ്കിലും ചിലത് ഇംഗ്ലീഷിലാകും. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി പ്രത്യേകപരിപാടികള്‍ ടി.ബി.ഐ. സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികള്‍ക്കും തുടങ്ങാം
വിദേശത്തുനിന്ന് തിരിച്ചെത്തിയവര്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഇ.ഡി.പി.യില്‍നിന്ന് ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. എന്തെങ്കിലുമൊന്ന് നാട്ടില്‍ തുടങ്ങണമെന്നുകരുതി നാട്ടിലെത്തുന്നവര്‍ക്ക് ഇ.ഡി.പി. സഹായകമാകുമെന്ന് എന്‍.ഐ.ടി. ടി.ബി.ഐ. അധികൃതര്‍ പറഞ്ഞു. കൂടാതെ സംരംഭങ്ങള്‍ തുടങ്ങി വിജയിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ആശയം അവതരിപ്പിച്ചശേഷം അതെങ്ങനെ വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ചര്‍ച്ചചെയ്യും. ആശയം വിജയിക്കുമോ എന്നറിയാന്‍ ജനങ്ങളുടെ അഭിപ്രായം തേടണം. ഇതിനായി ചോദ്യാവലി എങ്ങനെ തയ്യാറാക്കണം, ജനങ്ങളെ എങ്ങനെ കാണണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തശേഷം അഭിപ്രായംതേടും.
അതായത് ഉത്പന്നം വിജയിക്കുമോ ഇല്ലയോ എന്നറിയാന്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പുറത്തുപോയി മാര്‍ക്കറ്റ് സര്‍വേ നടത്തും. പിന്നീട് തിരിച്ചുവന്ന് അവരത് എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കണം. അതിനുശേഷമാണ് ഉത്പന്നം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഉത്പന്നത്തിന് എങ്ങനെ വില നിശ്ചയിക്കാമെന്നതുവരെ പരിശീലനത്തില്‍നിന്ന് പഠിക്കാം.
മികച്ച ആശയങ്ങള്‍ കണ്ടെത്താം
പരിശീലനത്തിന്റെ തുടക്കത്തില്‍ ആശയങ്ങളും പ്രോജക്ടുകളും അവതരിപ്പിക്കാം. പിന്നീട് ഒരു സംരംഭം ആരംഭിക്കുന്നതെങ്ങനെയെന്ന കാര്യം ചര്‍ച്ചചെയ്യും. സംരംഭം തുടങ്ങുന്നതിനുള്ള അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പരിശീലനപരിപാടി. വ്യവസായവകുപ്പ്, ബാങ്കുദ്യോഗസ്ഥര്‍, എച്ച്.ആര്‍. പരിശീലകര്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും.
ബിസിനസ് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ അധ്യാപകര്‍ ക്ലാസെടുക്കും. സംരംഭം എങ്ങനെ രജിസ്റ്റര്‍ചെയ്യാം, സര്‍ക്കാര്‍ സഹായങ്ങള്‍ എങ്ങനെ ലഭിക്കും, ബാങ്ക് ലോണ്‍ നടപടികള്‍ എന്തെല്ലാം തുടങ്ങിയവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടറിയാം. വ്യക്തിത്വ, ആശയവിനിമയശേഷിവികസനം, മാര്‍ക്കറ്റിങ്, പ്രൊഡക്ഷന്‍, പാക്കിങ്, ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ ക്ലാസുണ്ടാകും.
കൂടാതെ വ്യവസായശാലകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം നേരിട്ടറിയുകയും ചെയ്യാം. കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കിനാലൂര്‍ കെ.എസ്.ഐ.ഡി.സി., ജില്ലാപഞ്ചായത്ത് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നല്ലളം,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഇന്‍ക്യുബേഷന്‍ സെന്റര്‍, മില്‍മ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശനംനടത്തി  പ്രവര്‍ത്തനങ്ങള്‍ അറിയാം.

04952286147, 9895264652, tbi@nit.ac.in.

No comments :

Post a Comment