Monday, 6 March 2017

കാർഷിക സംരംഭങ്ങൾക്ക് വായ്പ

ഉണ്ണി കൊടുങ്ങല്ലൂര്‍
കാർഷിക സംരംഭങ്ങൾക്ക് വായ്പ


പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ രൂപീകരിച്ച നോർക (Non Resident Keralites Affairs Department) വിദേശത്തുനിന്നു മടങ്ങുന്ന മലയാളികൾക്ക് നാട്ടിൽ സ്വയംതൊഴില്‍
സംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും ലഭ്യമാക്കുന്നു. Norka Department Project for Return Emigrants (NDPREM) എന്നാണ് പദ്ധതിയുടെ പേര്. തിരികെ എത്തുന്നവർക്ക് സംരംഭകരാവാനുള്ള മാർഗനിർദേശങ്ങളും മൂലധന സബ്സിഡിയും നൽകുകയാണ് പദ്ധതി ലക്ഷ്യം.
ഇരുപതു ലക്ഷം രൂപവരെ മൂലധനച്ചെലവു പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്സിഡി– പരമാവധി മൂന്നു ലക്ഷം രൂപ– ലഭിക്കും. ചുരുങ്ങിയത് രണ്ടു വർഷം വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികളും അത്തരം പ്രവാസികളുടെ സംഘങ്ങളും ഗുണഭോക്താക്കളായിരിക്കും. കൃഷി, കാർഷികവ്യവസായം, കച്ചവടം, സേവനമേഖല, മറ്റ് ഉൽപാദന സംരംഭങ്ങൾ എന്നിവ പദ്ധതിയുടെ പരിധിയിൽപെടുന്നു.
കോഴി വളർത്തൽ, മൽസ്യകൃഷി, ഡെയറി ഫാം, ഭക്ഷ്യസംസ്കരണം, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, പച്ചക്കറികൃഷി, പുഷ്പകൃഷി, തേനീച്ചവളർത്തൽ എന്നിവയാണ് ആനുകൂല്യം ലഭിക്കുന്ന സംരംഭങ്ങൾ. വിശദവിവരങ്ങൾ നോർകയുടെ വെബ്സൈറ്റിൽ NDPREM എന്ന ലിങ്കിൽ ലഭ്യമാണ്. വെബ്സൈറ്റു വഴി തന്നെ അപേക്ഷയും സമർപ്പിക്കാം.
വെബ്സൈറ്റ്: www.norkaroots.net
ഫോൺ (നോർക തിരുവനന്തപുരം ഓഫിസ്): 0471 2770500
സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം
കേരളത്തിലെ കാർഷികോൽപന്നങ്ങളുടെ സംസ്കരണവും മൂല്യവർധനയും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ലക്ഷ്യമിടുന്നവർക്ക് തിരുവനന്തപുരത്തുള്ള സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം (SFAC) സാമ്പത്തിക സഹായം നൽകും. സുഗന്ധവ്യഞ്ജനങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങളുടെ സംസ്കരണവും മൂല്യവർധനയും ലക്ഷ്യമിട്ടുള്ള, അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവു വരുന്ന പദ്ധതികളാണ് സമർപ്പിക്കേണ്ടത്. മൂലധനച്ചെലവിന്റെ 40 ശതമാനം അല്ലെങ്കിൽ പത്തു ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ്, ആ തുക സബ്സിഡിയായി നൽകും.
വിവരങ്ങൾക്കും അപേക്ഷാഫോമിനും വെബ്സൈറ്റ്: www.sfackerala.org
ഫോൺ: 0471–2742110, 2742113, 9446303011
മുദ്ര വായ്പകൾ
കാർഷിക സംരംഭങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പാ പദ്ധതിയും പ്രയോജനപ്പെടുത്താം. ശിശു (50,000 രൂപ വരെ), കിശോർ (50,000 രൂപ – അഞ്ചു ലക്ഷം), തരുൺ (അഞ്ചു ലക്ഷം – 10 ലക്ഷം രൂപ) എന്നീ പേരുകളിലാണ് വായ്പ ലഭ്യമാകുന്നത്. വിശദാംശങ്ങൾക്ക് അടുത്തുള്ള ബാങ്ക് ശാഖയിൽ ബന്ധപ്പെടുക.
അല്ലെങ്കിൽ വെബ്സൈറ്റ്: www.mudra.org.in
പുതുസംരംഭങ്ങൾ
കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ–ചെറുകിട‍– ഇടത്തരം മന്ത്രാലയത്തിന്റെ പിഎംജിപി പദ്ധതി പുതുസംരംഭകരെ ലക്ഷ്യമിടുന്നു. സാധാരണ ബാങ്ക് പലിശയിൽ നിർമാണ സ്ഥാപനങ്ങൾക്ക് 25 ലക്ഷം രൂപയും സേവനസ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപവരെയുമുള്ള പദ്ധതികൾക്കാണ് വായ്പ. കേരളത്തിൽ പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാർ തിരുവനന്തപുരത്തുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ്.
ഫോൺ: 0471 2331625
സംസ്ഥാന സംരംഭക മിഷൻ
കേരള ഫിനാൻഷ്യൽ കോർപറേഷനു കീഴിൽ സംസ്ഥാന സംരംഭക മിഷൻ നടപ്പാക്കുന്ന പലിശരഹിത സ്വയംതൊഴിൽ വായ്പയും പുതുതലമുറ സംരംഭകരെ ലക്ഷ്യമിടുന്നു.
വിശദാംശങ്ങൾക്ക് ഫോൺ: 0471 2737500

No comments :

Post a Comment