മുംബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജനപദ്ധതി ബാങ്കിങ് മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലയില്‍ ബുധനാഴ്ച വന്‍ കുതിപ്പുണ്ടായി.
പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്താനുള്ള പദ്ധതി സമ്പദ് മേഖലയില്‍ കുതിപ്പിന് വഴിതുറക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗം വിലയിരുത്തി. ബാങ്കിങ് മേഖലയുടെ ആരോഗ്യം വീണ്ടെടുക്കാനും സമ്പദ് വ്യവസ്ഥയുടെ ഭാവി ശോഭനമാക്കാനുമുള്ള നിര്‍ണായക തീരുമാനമാണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.
ബാങ്കുകളെ ശക്തിപ്പെടുത്താനും കിട്ടാക്കടം മറികടക്കാനുമായി 2.11 ലക്ഷം കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അനുവദിച്ചത്. ഇതില്‍ 1.35 ലക്ഷം കോടിരൂപ കടപ്പത്രം വഴിയാണ് സമാഹരിക്കുക. 18,139 കോടി രൂപ ബജറ്റുവിഹിതമായും 58,000 കോടിരൂപ പൊതുമേഖലാബാങ്കുകളുടെ ഓഹരി വില്‍പ്പനയിലൂടെയുമാണ് ലഭിക്കുക.
ബാങ്കിങ് മേഖലയിലെ വിപണിവിഹിതത്തില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതായതുകൊണ്ട് അവയുടെ പ്രവര്‍ത്തനമൂലധനം വര്‍ധിക്കുന്നത് വായ്പാലഭ്യത വര്‍ധിപ്പിക്കുമെന്ന് എസ്.ബി.ഐ. ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തിഘോഷ് അഭിപ്രായപ്പെട്ടു.
മുദ്ര പദ്ധതിപ്രകാരം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വന്‍തോതില്‍ വായ്പ ലഭ്യമാക്കുന്നത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. മുദ്ര പദ്ധതിപ്രകാരം ഇതുവരെ 9.18 കോടി സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 80 ശതമാനവും വനിതാസംരംഭകരാണ്. മുദ്ര വഴി 1.68 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് എസ്.ബി.ഐ. ഗവേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കിങ് മേഖലയുടെ അടിത്തറ സുദൃഢമാക്കാനും അതുവഴി സമ്പദ്രംഗത്തെ ശക്തിപ്പെടുത്താനും കേന്ദ്രനടപടി വഴിയൊരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു. വായ്പാലഭ്യതയും സ്വകാര്യനിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിക്കാന്‍ ഇതുസഹായിക്കും. മൂലധന അടിത്തറയും വായ്പാ ലഭ്യതയും തമ്മിലുള്ള സന്തുലനം നിലനിര്‍ത്താന്‍ കേന്ദ്രനടപടി സഹായിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ്‌കുമാര്‍ പറഞ്ഞു.