Monday, 30 October 2017

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ

ഉണ്ണി കൊടുങ്ങല്ലൂര്‍
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ
പ്രിന്റ്‌ എഡിഷന്‍  ·  October 31, 2017
കൊച്ചി: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ അനുമതിക്കായുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ‘സങ്കേതം’ സോഫ്റ്റ്‌വെയറിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പരീക്ഷണാടിസ്ഥാനത്തില്‍ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു. നിലവില്‍ തീരുമാനം കര്‍ശനമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തല നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. 100 ചതുരശ്രമീറ്ററിനു മുകളിലേക്കുള്ള എല്ലാ നിര്‍മാണങ്ങള്‍ക്കും തീരുമാനം ബാധകമാണ്.
ലൈസന്‍സുള്ള എന്‍ജിനീയര്‍, ആര്‍ക്കിടെക്ട് എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷ പരിശോധിക്കും. അനുമതി നല്‍കുന്നതും ഓണ്‍ലൈനായാണ്. അപേക്ഷകന് തന്റെ അക്കൗണ്ടില്‍ നിന്ന് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് അടയ്ക്കാന്‍ ബന്ധപ്പെട്ട രേഖകളുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണമെന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കും. സൈറ്റില്‍ ഇ-പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മിക്ക പഞ്ചായത്തുകളിലും സംവിധാനം ഉപയോഗിച്ചിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനം സുപരിചിതമല്ലാത്തവര്‍ അംഗീകൃത ലൈസന്‍സിയുടെ അടുക്കല്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് അതിന്റെ പ്രിന്റുമായി ഓഫീസുകളിലെത്തണം.
ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പിഴകള്‍ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടിലേക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും തിരിച്ചയക്കുമ്പോള്‍, രേഖകള്‍ നഷ്ടമാകുന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.
രേഖകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വേളയില്‍ സെര്‍വര്‍ പണിമുടക്കാറുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. സംവിധാനം കര്‍ശനമാക്കിയതോടെ ഗ്രാമീണ മേഖലയിലെ അപേക്ഷകളെയായിരിക്കും പോരായ്മകള്‍ ഏറെയും ബാധിക്കുക.  www.buildingpermitlsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

No comments :

Post a Comment