Saturday, 5 August 2017

കാട്ടുതിപ്പലി

ഉണ്ണി കൊടുങ്ങല്ലൂര്‍

കാട്ടുതിപ്പലി

കുടുംബം
പൈപ്പറേസി (Piperaceceae)
ശാസ്ത്രീയനാമം
പൈപ്പര്‍ ലോങം (Piper longum )
മറ്റ്പേരുകള്‍
സംസ്കൃതത്തില്‍ പിപ്പലി, ഉപകുല്യാ, കൃഷ്ണാ, മഗധജം,വൈദേഹി, കണാ, കൃകര എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
വിവരണം
ചെറുതിപ്പലി, വന്‍തിപ്പലി, അത്തിതിപ്പലി, നീര്‍തിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി,  ഉണ്ടതിപ്പലി തുടങ്ങി വിവിധയിനം തിപ്പലികളുണ്ട്. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഇവ വളരുന്നു. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ അടിസസ്യമായും തിപ്പലി വളരുന്നുണ്ട്. അപൂര്‍വമായി ഇത് കൃഷി ചെയ്യാറുമുണ്ട്. തിപ്പലി ദുര്‍ബല ശാഖകളുള്ള ആരോഹി (climbing) സസ്യമാണ്. ഇതിന് കുരുമുളകുകൊടിയോട് വളരെയേറെ സാദൃശ്യമുണ്ട്. ‘തിപ്പലി’ സസ്യം സുഗന്ധമുള്ളതാണ്. വേര് ‘പിപ്പലിമൂലം’ എന്നറിയപ്പെടുന്നു. ഇലകള്‍ ലഘുവും ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിട്ടുള്ളതുമാണ്. ഇവ ഞെട്ടുള്ളതും കനം കുറഞ്ഞതും ഹൃദയാകാരത്തിലുള്ളതുമാണ്. അനുപര്‍ണങ്ങളുമുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇതിന്റെ പുഷ്പകാലം. വെവ്വേറെ സസ്യങ്ങളിലാണ് ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടാകുന്നത്. മൂപ്പെത്താത്ത കായകള്‍ക്ക് മങ്ങിയ പച്ചയും മൂപ്പെത്തിയവയ്ക്ക് ചുവപ്പു കലര്‍ന്ന കറുപ്പും നിറമായിരിക്കും. രണ്ടുമാസം കൊണ്ട് ഫലങ്ങള്‍ മൂപ്പെത്തുന്നു. കായകള്‍ക്കു കടും പച്ചനിറമുള്ളപ്പോഴാണ് അവ ശേഖരിക്കുന്നത്. ഇത് നന്നായി ഉണക്കി ഔഷധമായുപയോഗിക്കുന്നു.
അടങ്ങിയിരിക്കുന്നഘടകങ്ങള്‍
തിപ്പലിയുടെ തണ്ടില്‍ രാസഘടകങ്ങളായ ഡി-ഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിനും സ്റ്റിറോയിഡും അടങ്ങിയിട്ടുണ്ട്. തിപ്പലിയുടെ കായ്കളില്‍ പൈപ്പയാര്‍ട്ടിന്‍, പൈപ്പറിന്‍ എന്നീ ആല്‍ക്കലോയിഡുകളും റെസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു.
കൃഷിരീതി
തണ്ട് മുറിച്ചു നട്ടാണ് തിപ്പലി സസ്യത്തിന്റെ വംശവര്‍ധന നടത്തുക.പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് വളരുന്നു.
ഔഷധയോഗ്യഭാഗം
വേര്, തണ്ട്, കായ് എന്നിവ ഔഷധമായുപയോഗിക്കുന്നു.
ഔഷധഗുണങ്ങള്‍
കായ് ത്രിദോഷങ്ങളേയും അകറ്റുന്നു. കുഷ്ഠം, ജ്വരം, ക്ഷയം, മഹോദരം, പ്രമേഹം മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ തിപ്പലി ഉപയോഗിച്ചുവരുന്നു. രക്തത്തിലെ ഹീമോഗ്ളോബിന്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. അണുനാശക ശേഷിയുള്ള ഇത് നേത്രരോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കാറുണ്ട്. വാജീകരണൌഷധവുമാണ്. ദഹന ശക്തി വര്‍ധിപ്പിക്കാനും തിപ്പലിക്കു കഴിവുണ്ട്. പച്ചതിപ്പലി കഫത്തെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉണങ്ങിയ തിപ്പലി കഫശമനത്തിനുത്തമമാണ്.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
  1. തിപ്പലി, ചുക്ക്, മുളക് ഇവ മൂന്നും കൂടി ത്രികടു എന്ന് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നു. ത്രികടു കഷായം ചുമ, പനി,ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ്.
  2. തിപ്പലി, തിപ്പലി വേര്, ചുക്ക്, കുരുമുളക്, കൊടുവേലിക്കിഴങ്ങ് എന്നിവ ചേര്‍ന്ന ഔഷധക്കൂട്ട് പഞ്ചകോലം എന്നറിയപ്പെടുന്നു.ദഹനേന്ദ്രിയത്തിലും യകൃത്തിലുമുള്ള മൃദു കലകള്‍ക്ക്കേടുവരുത്തുന്നതിനാല്‍ തിപ്പലി ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നതു നന്നല്ല.

No comments :

Post a Comment