ഉണ്ണി കൊടുങ്ങല്ലൂര്‍
August 11, 2017

അധികം അധ്വാനമില്ലാതെ എളുപ്പം കൃഷി ചെയ്യാവുന്ന, എന്നാല്‍ ലാഭവും ലഭിക്കുന്ന ഒരു കൃഷിയാണിത്. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാനും ചിപ്പിക്കൂണ്‍ വളര്‍ത്തല്‍ സഹായിക്കും. ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന രീതികള്‍ പരിശോധിക്കാം.
വൈക്കോല്‍ പ്രധാനം
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ വെള്ളത്തില്‍ നന്നായി മുങ്ങിയിരിക്കും വിധം കുതിര്‍ക്കുക. അതിനു ശേഷം തിളക്കുന്ന വെള്ളത്തിലൊ ആവിയിലൊ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളില്‍ഷീറ്റില്‍ ) വൈക്കോല്‍ നിരത്തിയിടുക. ഇതു പോലെ അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക്ക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റി ചുമ്മാടുകള്‍ ഉണ്ടാക്കുക. പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാo കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകള്‍ ഒരുകവറില്‍ വയ്ക്കാവുന്നതാണ്.
വിത്ത് വിതറല്‍
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ ഭാഗം റബര്‍ ബാന്റ് ഉപയോഗിച്ച് നന്നായി കെട്ടുക. അണുവിമുക്തമാക്കിയ ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം ഈ കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വന്നിരിക്കും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള റൂമിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം. മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം ഇതില്‍ നിന്നും വിളവെടുക്കാവുന്നതാണ്. അതില്‍ ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്നും ഏകദേശം 800 ഗ്രാം കൂണ്‍ ലഭിക്കും.
ശുചിത്വം
കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം. വിളവെടുപ്പിനു ശേഷം ഇതിന്റെ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ ഇട്ടു കമ്പോസ്റ്റുണ്ടാക്കാവുന്നതാണ്. മണ്ണിര കമ്പോസ്റ്റ് പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ്. ഈ രീതിയില്‍ പാല്‍ക്കൂണും വളര്‍ത്താം.
No comments :
Post a Comment