Tuesday, 1 August 2017

മാലിന്യ സംസ്‌കരണം ഗ്രോ ബാഗുകളില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

മാലിന്യ സംസ്‌കരണം ഗ്രോ ബാഗുകളില്‍

മാലിന്യ സംസ്‌കരണം ഗ്രോ ബാഗുകളില്‍August 01, 2017
അടുക്കളത്തോട്ടമൊരുക്കാന്‍ സ്ഥലപരിമിതിയുള്ളവര്‍ ഗ്രോബാഗിനെയാണ് ആശ്രയിക്കുന്നത്. മുറ്റത്തും ടെറസിലും


മതിലിലുമെല്ലാം ഗ്രോബാഗ് ഉപയോഗിച്ച് വിജയകരമായി കൃഷി നടത്തുന്നവര്‍ നിരവധിയുണ്ട്. ഇതേ ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് അടുക്കളയിലെ ജൈവാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ കമ്പോസ്റ്റാക്കി മാറ്റാം. അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കാന്‍ ഏറെ അനുയോജ്യമാണ് ഇത്തരത്തില്‍ തയാറാക്കുന്ന കമ്പോസ്റ്റ്.
അടുക്കള മാലിന്യങ്ങള്‍
പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, പഴത്തൊലി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങി അലിയുന്ന മാലിന്യങ്ങളെല്ലാം നമുക്ക് ദ്രോ ബാഗില്‍ സംസ്‌കരിക്കാം. മൂന്നോ നാലോ ദിവസത്തെ അടുക്കള മാലിന്യ സംസ്‌കരിക്കാന്‍ ഒരു ഗ്രോ ബാഗ് മതിയാകും. മാലിന്യ സംസ്‌കരണത്തോടൊപ്പം മികച്ച ജൈവവളം കൂടി ലഭിക്കും. വലിയ അധ്വാനവും സ്ഥലവും സമയവും ഗ്രോ ബാഗില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമില്ല.
ഗ്രോ ബാഗ് തയാറാക്കാം
ഗ്രോ ബാഗില്‍ രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ മണ്ണും ഉണങ്ങിയ കരിയിലകളും ഇടണം. ഇലകള്‍ ഇല്ലെങ്കില്‍ മണ്ണ് മാത്രമായി ഇട്ടാലും മതി. അതിനു മുകളില്‍ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഇടണം. ഇതിനു ശേഷം വീണ്ടും മണ്ണിടുക, പിന്നെ അടുക്കളയിലെ അവശിഷ്ടങ്ങളും. ഗ്രോ ബാഗ് നിറയും വരെ ഇതു തുടരുക. നിറഞ്ഞാല്‍ മുകളില്‍ മണ്ണിട്ട് രണ്ടു മാസം തണലത്ത് സൂക്ഷിക്കുക. വെള്ളം നേരിട്ട് ബാഗിലേക്ക് വീഴാതെ സൂക്ഷിക്കണം. എന്നാല്‍ ചെറിയ നനവ് ഉണ്ടാകുകയും വേണം. ഇടയ്ക്ക് വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. രണ്ടു മാസം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മണ്ണില്‍ പൊടിഞ്ഞു ചേര്‍ന്ന് കമ്പോസ്റ്റായിട്ടുണ്ടാകും. ചെടികള്‍ നടുന്ന സമയത്ത് ഇതു പുറത്തെടുത്ത് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക്, ഒരു പിടി എല്ലു പൊടി, രണ്ടു പിടി ഉണങ്ങിയ ചാണകം എന്നിവ ചേര്‍ത്ത് ചെടികള്‍ നടാന്‍ ഉപയോഗിക്കാം. ഈ മിശ്രിതം ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം നിറച്ച് ചെടികള്‍ നട്ടാല്‍ നല്ല വളര്‍ച്ചയും കായ്പിടുത്തവുമുണ്ടാകും.

No comments :

Post a Comment