ഉണ്ണി കൊടുങ്ങല്ലൂര്‍


ജൈവകൃഷിക്ക് പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വീടുകളില്‍ അടുക്കളത്തോട്ടവും ടെറസുകൃഷിയുമെല്ലാം വ്യാപകമാകുന്നു. ഇതിനെല്ലാം ജൈവവളം ആവശ്യമാണ്. മികച്ച ജൈവ വളങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ആവശ്യാനുസരണം പ്രയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കുകയും ചെയ്യും.
കാലിവളം
കന്നുകാലികളുടെ ചാണകം ഉണക്കിപ്പൊടിച്ച് മണ്ണുമായി കലര്‍ത്തി അടിവളമായിട്ട് ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് കാലിവളം ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിന് നല്ല നനവ് കൊടുക്കണം. പുതിയ പച്ചച്ചാണകം അഞ്ചിരട്ടി വെള്ളത്തില്‍ കലക്കി കുഴമ്പു രൂപത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ക്ക് ഒഴിച്ചു കൊടുത്താല്‍ വളര്‍ച്ചയും വിളവും വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പലതരം പിണ്ണാക്കുകള്‍
കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കുമാണ് പച്ചക്കറികള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നീ പോഷകങ്ങള്‍ പച്ചക്കറികളുടെ വളര്‍ച്ചയും വിളവും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പിണ്ണാക്ക് സെന്റിന് രണ്ടുകിലോ എന്ന തോതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം നേര്‍പ്പിച്ച ലായനി ചെടികളുടെ കടക്കല്‍ ഒഴിച്ചു കൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാം. കടലപ്പിണ്ണാക്ക് പച്ചക്കറി തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
കോഴിവളം
പച്ചക്കറികള്‍ക്ക് ഒരു നല്ല ജൈവവളമാണ് പഴകിയ ഉണങ്ങിയ കോഴിക്കാഷ്ടം. ഇതിന് ചൂട് അധികമായതിനാല്‍ നന്നായി വെള്ളം ഒഴിച്ചു കൊടുക്കണം. അല്ലെങ്കില്‍ ചെടികള്‍ക്ക് വാട്ടം സംഭവിക്കും. കാലിവളത്തെ അപേക്ഷിച്ച് ഉപയോഗിക്കുന്ന അളവും കുറച്ച് മതി.
ആട്ടിന്‍ കാഷ്ടം
കാലിവളത്തെ അപേക്ഷിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസൃം എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ആട്ടിന്‍കാഷ്ടം പച്ചക്കറികള്‍ക്ക് നല്ലൊരു ജൈവവളമാണ്. ആടിന്‍ കാട്ടം ഉണക്കി പൊടിച്ച് മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ പച്ചക്കറികളില്‍ നിന്നു നല്ല വിളവ് ലഭിക്കും.
മത്സ്യവളം
മത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മത്സ്യവളം പെട്ടന്ന് മണ്ണില്‍ അഴുകിച്ചേരുന്നതിനാല്‍ നല്ലൊരു ജൈവവളമാണ്. മത്സ്യം കഴുകുന്ന വെള്ളം (ഉപ്പും പുളിയും ഇടാതെ) പച്ചക്കറികള്‍ക്ക് നല്ലതാണ്.
എല്ലുപൊടി
കാല്‍സ്യവും അടങ്ങിയിട്ടുള്ളതും ഫോസ്ഫറസ് കൂടുതല്‍ അളവില്‍ ഉള്ളതുമായ എല്ലുപൊടി ഉത്തമ ജൈവവളമാണ്. അമ്ലസ്വഭാവമുള്ള കേരളത്തിലെ മണ്ണിന് ഏറ്റവും യോജിച്ചതാണ് എല്ല്‌പ്പൊടി.
ചാരം
നമ്മുടെ വീടുകളില്‍ സുലഭമായി സുലഭമായി ലഭിക്കുന്ന ചാരം പൊട്ടാഷ് പ്രദാനം ചെയ്യുന്ന നല്ലൊരു ജൈവവളമാണ്. എല്ലാതരം പച്ചക്കറികള്‍ക്കും ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി തടത്തില്‍ കൊടുത്ത് നനച്ചാല്‍ പെട്ടന്നു തന്നെ വേരുകള്‍ അതിനെ ആഗിരണം ചെയ്യും. മഞ്ഞു കാലത്ത് അതിരാവിലെ തൈകളില്‍ ചാരം വിതറിയാല്‍ പല കീടങ്ങളുടെ ആക്രമണം കുറയും.
കമ്പോസ്റ്റ്
വിവിധതരം ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ജൈവവളമാണ് കമ്പോസ്റ്റ്. പച്ചക്കറികള്‍ക്ക് ഉത്തമ വളമാണ് ഇത്.
No comments :
Post a Comment