Thursday, 3 August 2017

ദിവ്യൗഷധമായ കുടങ്ങല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വെബ് ഡെസ്‌ക്
August 4, 2017
നാട്ടുമ്പുറങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഈ ഔഷധ സസ്യത്തെ പഴയതലമുറയ്ക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ പുതുതലമുറക്കാര്‍ക്ക് തീരെ പരിചയമുണ്ടാകില്ല
ഈ ചെടിയെ. കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപര്‍ണ്ണി എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക്ക(Centella Asiatica)എന്നാണ്
വളരെ നല്ല ഒരു ഔഷധസസ്യവും പച്ചക്കറിയുമാണ് ഈ ചെടി. പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂര്‍വം ഔഷധസസ്യങ്ങളില്‍ ഒന്നാണ് കുടങ്ങല്‍. ഔഷധഗുണങ്ങളുടെ കലവറയുമാണിത്.
ഇതിന്റെ ഇല സാധാരണ തോരന്‍ വെക്കുന്നതുപോലെ കറിവെക്കാവുന്ന ഇതിന് ഏകദേശം കാരറ്റിന്റെ രുചിയാണ്. സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം വിട്ടുമാറുന്നു. മാത്രമല്ല പ്രായമാകുമ്പോഴുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉത്തമ പ്രതിവിധിയുമാണിത്.
ആയുര്‍വേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്.
കുടങ്ങല്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്‌കത്തിന്റെ രേഖാചിത്രം പോലെയുള്ള കുടങ്ങലിന്റെ ഇലയുടെ രൂപം, ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്‌കവുമായുള്ള ബന്ധത്തിന്റെ പ്രകൃതിയുടെ സൂചനയാവാം. കുടങ്ങല്‍ ധാതുവര്‍ദ്ധകമാണ്.
ഔഷധഗുണങ്ങള്‍
സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ കുടങ്ങലിനു കഴിവുണ്ട്.ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ കുടങ്ങലിനു കഴിവുണ്ട്.
കരള്‍സംബന്ധമായ രോഗങ്ങളിലും കുടങ്ങല്‍ ഫലപ്രദമാണ്.
കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്.
തിരുതാളി, കുടങ്ങല്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്‍പ്പാല്‍പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്.
കുടങ്ങലിന്റെ ഇലയും കുരുമുളകും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും.
കുടങ്ങലിന്റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്താല്‍ വിക്കല്‍ (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.
കുടങ്ങലിന്റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും.
കുടങ്ങലിന്റെ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്‍ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും.
കുടങ്ങല്‍ കഷായം വെച്ച് മുടങ്ങാതെ ആറു മാസം കഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് – ബി ശമിക്കും.
ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.
മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം അര ഔണ്‍സ് വീതം വെണ്ണ ചേര്‍ത്തു കൊടുക്കുകില്‍ കൊച്ചുകുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഉന്മാദം, അപസ്മാരം എന്നീ രോഗാവസ്ഥകളില്‍ ഈ ഔഷധം സേവിക്കുന്നത് നിദ്രയെ വര്‍ദ്ധിപ്പിക്കും, തദ്വാരാ രോഗത്തിനു ശമനം ഉണ്ടാക്കുകയും ചെയ്യും.
കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, കുടങ്ങല്‍ തന്നെ അരച്ചു കല്‍ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.
കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീരോ, മുത്തിള്‍ ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും, വ്രണങ്ങള്‍ ശമിക്കും.
കുടങ്ങല്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്, കുടല്‍പ്പുണ്ണ് എന്നിവ ശമിക്കും എന്ന് ചില നാട്ടുവൈദ്യന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
കേരളത്തിലെ യുവതലമുറയ്ക്ക് ഒരു പക്ഷെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു മഹൗഷധിയാണ് കുടങ്ങല്‍.
(പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതുമായ അറിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.)


ജന്മഭൂമി: http://www.janmabhumidaily.com/news678216#ixzz4ok3inujv

No comments :

Post a Comment