Thursday, 19 January 2017

പണം നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങിയേക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

പണം നല്‍കി ഭൂമി വാങ്ങിയവര്‍ കുടുങ്ങിയേക്കും


നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്‌ക്കേണ്ടിവന്നേക്കാം.

* 20,000 രൂപയ്ക്കുമുകളില്‍ നോട്ട് നല്‍കിയുള്ള ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിേശാധിക്കും
* ഒന്നരവര്‍ഷത്തെ വസ്തുകൈമാറ്റങ്ങള്‍ പരിശോധിക്കും

കോഴിക്കോട്: നേരിട്ട് നോട്ടുനല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെയുളള ഇടപാടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ വകുപ്പ് തീരുമാനിച്ചു.

ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍നടത്താവൂവെന്ന നിയമം ലംഘിച്ചവരെ പിടികൂടുന്നതിനാണ് നടപടി കര്‍ക്കശമാക്കുന്നത്.

നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ വന്‍കിട ഭൂമിയിടപാടുകളെല്ലാം പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമത്തിന് വിരുദ്ധമായി നോട്ട് സ്വീകരിച്ച് 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്‌ക്കേണ്ടിവന്നേക്കാം.
2015 ജൂണ്‍ ഒന്നിനാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ്. ഭേദഗതി നിലവില്‍ വന്നത്. ഇതിനുശേഷം രജിസ്റ്റര്‍ചെയ്ത ആധാരങ്ങളാണ് പരിശോധിക്കുക.
ഭേദഗതി പ്രകാരം 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ നോട്ടുവഴി നടത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി, വീട്, ഫ്‌ലാറ്റ് തുടങ്ങിയ സ്ഥാവരവസ്തുകള്‍ വില്‍ക്കുമ്പോള്‍ ഈ നിയമം ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ എടുത്തുപറയുന്നു.

പിഴ അടപ്പിക്കാന്‍ തീരുമാനിച്ചാല്‍ വന്‍കിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേര്‍ കുടുങ്ങും. ഭൂമി ഇടപാടുകളില്‍ അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നല്‍കിയാണ് ഇപ്പോഴും രജിസ്‌ട്രേഷനുകളധികവും നടക്കുന്നത്. ഇത് നിയമപ്രകാരം തെറ്റാണ്.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലയിലെ സബ് രജിസ്ട്രാര്‍മാര്‍ക്ക് ആദായനികുതിവകുപ്പ് ഇതുസംബന്ധിച്ച ക്ലാസ് നല്‍കിയിരുന്നു. ഇടപാടുകള്‍ കര്‍ശനമായി ബാങ്ക് മുഖേനയാക്കാനും നിര്‍ദേശിച്ചു. ഇതിനുശേഷം ചില രജിസ്റ്റര്‍ ഓഫീസുകളില്‍ 20,000 രൂപയ്ക്കുമുകളില്‍ നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ വിലക്കി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ പരാതികളെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വീണ്ടും പഴയരീതിയിലാക്കി.

13.5 ലക്ഷം രജിസ്‌ട്രേഷനുകള്‍

* 2015 ഏപ്രിലിനുശേഷം സംസ്ഥാനത്ത് നടന്നത് പതിമൂന്നരലക്ഷം രജിസ്‌ട്രേഷനുകള്‍.
* 20,000 രൂപയ്ക്കുമുകളില്‍ ഡ്രാഫ്‌റ്റോ, ചെക്കോ, ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ വഴിയോ നടന്നിട്ടുണ്ടെന്ന് കരുതുന്നത് 10 ശതമാനംമാത്രം
* 2015 ഏപ്രില്‍മുതല്‍ 2016 ഏപ്രില്‍വരെ 7.26 ലക്ഷം രജിസ്‌ട്രേഷനുകള്‍ നടന്നു.
* സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിച്ചത് 1707 കോടി രൂപ. ഫീസായി 823.48 കോടി
* 2016 ഏപ്രില്‍മുതല്‍ ഡിസംബര്‍ 31 വരെ നടന്നത് 6.38 ലക്ഷം രജിസ്‌ട്രേഷന്‍. ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടി 1350 കോടി. ഫീസ് 535.70 കോടി.
* ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ആറുശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. അത് കഴിഞ്ഞ ബജറ്റില്‍ എട്ടുശതമാനമായി ഉയര്‍ത്തി. ഈ കാലയളവില്‍ നടന്നത് ചുരുങ്ങിയത് 35,000 കോടി രൂപയുടെ ഭൂമി രജിസ്‌ട്രേഷന്‍.

കനത്ത പിഴ

20,000 രൂപയ്ക്കുമുകളില്‍ പണമായി നേരിട്ട് സ്വീകരിച്ച് ഇടപാട് നടത്തിയവര്‍ക്ക് കനത്ത പിഴയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 20,000 രൂപയ്ക്കുമുകളില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്‌ക്കേണ്ടിവരും.
 

No comments :

Post a Comment