Thursday, 19 January 2017

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും

ഉണ്ണി കൊടുങ്ങല്ലൂര്‍

ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാകും


വിമാന ടിക്കറ്റ് ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കുന്നത് പരിഗണനയിൽ 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും
Published: Jan 20, 2017, 09:20 AM IST

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിർബന്ധമായി മാറും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇത്തവണ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ഫോമിൽ ഇപ്പോൾ തന്നെ ആധാർ നമ്പർ രേഖപ്പെടുത്താൻ കോളമുണ്ട്. എന്നാൽ, അതു പൂരിപ്പിക്കണമെന്ന് നിർബന്ധമല്ല. എന്നാൽ, അടുത്ത സാമ്പത്തിക വർഷം മുതൽ അത് പൂരിപ്പിച്ചാൽ മാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. എയർ ഇന്ത്യ, ജെറ്റ് എയർവെയ്‌സ് എന്നിങ്ങനെ ഏതാനും വിമാനക്കമ്പനികൾ ഇപ്പോൾ തന്നെ ആധാർ നമ്പർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് നിർബന്ധമല്ല.
ആധാർ നമ്പർ നിർബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാൻ സർക്കാരിന് കഴിയും. വിമാന യാത്രയ്ക്ക് വേണ്ടി ഓരോരുത്തരും പ്രതിവർഷം എത്ര തുക ചെലവഴിക്കുന്നുണ്ടെന്ന് കണക്കാക്കാനും സാധിക്കും. ഇതുവഴി ആദായനികുതി വെട്ടിപ്പ് വലിയൊരളവോളം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

ആഭ്യന്തര യാത്രകൾക്കാവും ആധാർ നിർബന്ധമാക്കുക. വിദേശ യാത്രകൾക്ക് പാസ്‌പോർട്ട് നിർബന്ധമായതിനാൽ ഇപ്പോൾ തന്നെ അതു നിരീക്ഷിക്കാൻ അവസരമുണ്ട്.
ആധാറിനു പുറമെ പെർമനന്റ് അക്കൗണ്ട് നമ്പരായ പാനിന്റെ ഉപയോഗവും കർശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ പാൻ നിർബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല, 30,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമാകും. നിലവിൽ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ മതി. 

No comments :

Post a Comment