Thursday, 19 January 2017

ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം' ജി.അരുണ്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ 'വൃക്ഷായുര്‍വേദം'


125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്

പത്ത് പുത്രന്‍മാര്‍ക്ക് തുല്യമായിട്ടാണ് ഒരു വൃക്ഷത്തെ നമ്മള്‍ കരുതുന്നത്. അത്രയേറെ പ്രകൃതിയെ അറിഞ്ഞും ആദരിച്ചുമാണ് നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നത്. മനുഷ്യന് ആയുര്‍വേദ ചികിത്സ എന്നതുപോലെ തന്നെ വൃക്ഷങ്ങള്‍ക്കും ചികിത്സ നടത്തുവാന്‍ നടത്തുവാന്‍ കഴിയും.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് വൃക്ഷായുര്‍വേദം. ഇത്തരത്തിലുള്ള ചികിത്സ നടത്തുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് കഴിയുന്നതാണ്.  50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കേരളത്തില്‍ വൃക്ഷായുര്‍വേദ ചികിത്സ നടത്തിയിരുന്നു എന്നാല്‍ പിന്നീട് ഈ ചികിത്സാ രീതി നിന്നു പോകുകയായിരുന്നു.
എന്നാല്‍ ഈ ചികിത്സാരീതിക്ക് പുനര്‍ ജീവന്‍ നല്‍കുവനുള്ള ശ്രമത്തിലാണ് അദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ കെ ബിനു. വൃക്ഷ ചികിത്സയുടെ പ്രധാന്യം മനസ്സിലാക്കി അദ്ദേഹം വൃക്ഷ മുത്തശ്ശിമാര്‍ക്ക് പുതുജീവന്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി തൊടുപുഴയില്‍ 125 വര്‍ഷം പഴക്കമുള്ള നെല്ലിമരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആയുര്‍വേദ ചികിത്സ നടത്തി.
വൃക്ഷായുര്‍വേദ ചികിത്സ തിരിച്ച് കൊണ്ടുവരുന്നതിലൂടെ പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് കെ.ബിനു പറഞ്ഞു. നമ്മുടെ പൂര്‍വ്വികര്‍ നടത്തിവന്നിരുന്ന ഈ ചികിത്സ രീതി പ്രകൃതിയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കും. കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ധന്വന്തരി വൈദ്യശാലയുടെ കുടുംബവീട്ടില്‍ നില്‍ക്കുന്ന നെല്ലിമരത്തിനാണ് വൃക്ഷായുര്‍വേദ പ്രകാരം ചികിത്സ നടത്തിയത്. പ്രായം കൂടിയതിനെ തുടര്‍ന്ന് മരത്തിന്റെ വേരും ശിഖരങ്ങളും ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയില്‍ എത്തിയിരുന്നു. 125 വര്‍ഷത്തിനു മേല്‍ പഴക്കുള്ള ഈ വൃക്ഷത്തെ വെട്ടിമാറ്റാതെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയില്‍ നിന്നാണ് വൃക്ഷായുര്‍വേദം നടത്തുവാന്‍ തീരുമാനിച്ചത്. മനുഷ്യനെ ചികിത്സിക്കുന്ന അതേ രീതിയില്‍ തന്നെയാണ് വൃക്ഷായുര്‍വേദത്തിലും ചികിത്സ നടത്തുന്നത്.
വ്യക്ഷ ചികിത്സയ്ക്കായി പശുവിന്റെ പാല്‍, ചിതല്‍പുറ്റ്, വയലിലെ മണ്ണ്, കദളി പഴം, എള്ള്, തേന്‍, നെയ്യ് എന്നിവയാണ് ഔഷധകൂട്ടുകള്‍. ഈ കൂട്ടുകള്‍ വെള്ളം ചേര്‍ക്കാതെ കുഴച്ചെടുത്ത് മരത്തിന്റെ കേടുവന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. തേച്ച് പിടിപ്പിച്ച ശേഷം ആ ഭാഗം തുണി കൊണ്ട് കെട്ടിവെക്കുന്നു. കെട്ടിവെച്ച ഭാഗത്ത് ദിവസവും നനച്ചു കൊടുക്കുകയും വേണം.  ഇത്തരത്തില്‍ വൃക്ഷത്തിന് ചികിത്സ നടത്തുമ്പോള്‍ വൃക്ഷത്തിലെ ചെറുജീവികള്‍ക്ക് ആഹാരം നല്‍കിയ ശേഷമായിരുന്നു ചികിത്സ നടത്തിയത്. ചരകസംഹിതകളിലുള്‍പ്പെടെ പ്രതിപാദിക്കുന്ന ചികിത്സരീതിയാണ് വൃക്ഷായുര്‍വേദം. ആറ് മാസം കൊണ്ട് വൃക്ഷങ്ങള്‍ക്ക് ആരോഗ്യം തിരികെ ലഭിക്കും.
ബിനുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലെ പ്ലാവിന് ചികിത്സ നടത്തിയിരുന്നു. ഇടിവെട്ട് എറ്റതിനെ തുടര്‍ന്നാണ് ചികിത്സ നടത്തിയത്.  ചെറുക്കടവ് എല്‍, പി സ്‌കൂളിലെ 156 വര്‍ഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനും ഇത്തരത്തില്‍ ചികിത്സ നടത്തിയിരുന്നു. വനനശീകരണം വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാന്‍ ബിനു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാണ്. 

No comments :

Post a Comment