Thursday, 19 January 2017

കാശ്മീരി മുളകു മുതല്‍ കോളിഫ്‌ളവര്‍ വരെ ഇതൊരൊന്നൊന്നര മട്ടുപ്പാവ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാശ്മീരി മുളകു മുതല്‍ കോളിഫ്‌ളവര്‍ വരെ ഇതൊരൊന്നൊന്നര മട്ടുപ്പാവ്

പുന്നയൂര്‍ക്കുളം: തൃപ്പറ്റ് കുലവത്ര ബാബുരാജിന്റെ മട്ടുപ്പാവില്‍ വിളഞ്ഞുനില്‍ക്കുന്നത് 12 ഇനം പച്ചക്കറികളാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും ബാബുവിന്റെ തോട്ടത്തില്‍ ഇതിനോടകം രണ്ട് വിളവെടുപ്പ് കഴിഞ്ഞു.
കാശ്മീരി മുളകാണ് ബാബുവിന്റെ തോട്ടത്തിലെ പ്രധാനി. വീട്ടാവശ്യത്തിനു തുടങ്ങിയതാണെങ്കിലും മുളകിന് ആവശ്യക്കാര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പ്രദേശത്തെ മൊത്തക്കച്ചടക്കാര്‍ക്കും പച്ചക്കറി കടകളിലും ബാബു മുളക് കൊടുക്കുന്നുണ്ട്. എരിവ് കൂടിയ മുളകായതിനാല്‍ വീട്ടില്‍ കറിവെയ്ക്കുമ്പോള്‍ രണ്ടോ മുന്നോ മുളക് മാത്രമേ വേണ്ടിവാരാറുള്ളു എന്നാണ് ബാബു പറയുന്നത്.
തക്കാളി, പയര്‍, വഴുതന, വെണ്ട, കോളിഫ്‌ളവര്‍, കുമ്പളം, മത്തന്‍, വിവിധ തരം ചീര, കക്കരിക്ക, വെള്ളരി, മല്ലി, കൈപ്പ, പടവലം എന്നിവയാണ് കൃഷിചെയ്യുന്നത്. ഗ്രോബാഗിലും ചാക്കിലുമാണ് കൃഷി.
ടെറസില്‍ ഷീറ്റ് വിരിച്ച് മണ്ണിട്ടാണ് മുളക് പാവുന്നത്. ചെടി വലുതായി തുടങ്ങിയാല്‍ ഗ്രോബാഗുകളിലേക്ക് മാറ്റും. കൈപ്പ, പടവലം എന്നിവ വീടിനു താഴെനിന്ന് മുളപ്പിച്ച് കയര്‍ കെട്ടി ടെറസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ സ്ഥലം ലാഭിക്കുകയും ചെടികള്‍ പെട്ടെന്ന് വളരകയും ചെയ്യുന്നു.
ഇതുകൂടാതെ വീട്ടുമുറ്റത്ത് ചോളവും കൃഷി ചെയ്യുന്നുണ്ട്. ജൈവവളമാണ് വിളകള്‍ക്ക് ഇടുന്നത്. പുകയില, വെളുത്തുള്ളി, ശര്‍ക്കരഎന്നിവ ഉപയോഗിച്ചാണ് കീടനാശിനി പ്രയോഗം നടത്തുന്നത് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ബാബുരാജ് കഴിഞ്ഞവര്‍ഷമാണ് നാട്ടിലെത്തിയത്. ഭാര്യ സുശീലയും പൂര്‍ണ്ണപിന്തുണയോടെ കൂടെയുണ്ട്. മകന്‍ ബ്ലസിന്ത്.

No comments :

Post a Comment