Sunday, 8 January 2017

മോദി പറഞ്ഞതും ലക്ഷ്യമിട്ടതും

ഉണ്ണി കൊടുങ്ങല്ലൂര്‍

നരേന്ദ്ര മോദി പറഞ്ഞതും ലക്ഷ്യമിട്ടതും


ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

നോട്ട് പിന്‍വലിച്ചതിന്റെ അമ്പത്തിയൊന്നാം നാളില്‍, പുതുവത്സരത്തലേന്ന്, പ്രധാനമന്ത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അനവധി കോണുകളില്‍ നിന്നുമുയര്‍ന്നു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേരളത്തിലിരുന്നുകൊണ്ട് വിലയിരുത്തുന്ന വേളയില്‍ അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറയാനും കഴിയില്ല.

ഇവിടെ നവംബര്‍ എട്ടുമുതല്‍ അതൊക്കെയാണല്ലോ സ്ഥിരമായി കണ്ടുവരുന്നത്. നോട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണം എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ അതിനെതിരെ എന്തെല്ലാം ചെയ്യാമോ അതൊക്കെ കാട്ടിക്കൂട്ടുക എന്നതായിരുന്നു പൊതുനയം. അതില്‍ ബിജെപിവിരുദ്ധ പക്ഷത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും  ഒരേ മനസായിരുന്നു. വിദേശസഹായം പറ്റിവരുന്നവര്‍, കള്ളപ്പണത്തിന്റെ ദല്ലാളന്മാര്‍, അധോലോക വിഭാഗങ്ങളുടെ സ്‌നേഹിതര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയതും കേരളം കണ്ടതാണ്. നമ്മുടെ ചില മാധ്യമ സുഹൃത്തുക്കള്‍ക്കും രാത്രികളില്‍ ഉറക്കമില്ലാതായതിന്റെ സൂചനകള്‍ കണ്ടതും സ്മരിക്കാതെ വയ്യ. അതൊക്കെക്കൊണ്ട്, പ്രധാനമന്ത്രിയല്ല, ആര് എന്തെല്ലാം പറഞ്ഞാലും കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതികരണം എങ്ങനെയാവും എന്നത് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്, സംഭവിക്കുന്നത് എന്നകാര്യം  പരിശോധിക്കേണ്ടതുണ്ടല്ലോ.
കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ജനങ്ങള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല. പലര്‍ക്കും ആവശ്യത്തിന് പണം കിട്ടാതെ വന്നു. വിവാഹം, കുട്ടികളുടെ പഠനം, ആശുപത്രി ചിലവ് തുടങ്ങിയവയുടെ കാര്യത്തില്‍ പ്രയാസം നേരിട്ടു. അങ്ങിനെ വിഷമതകള്‍ പലതുമുണ്ടായി. പലരും മുണ്ടുമുറുക്കിയുടുക്കാന്‍ ശീലിച്ചതും ഇതിനിടയില്‍ കാണാതെ വയ്യ. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഒരു നല്ലകാര്യത്തിനാണ്, രാജ്യതാല്പര്യത്തിന്  വേണ്ടിയാണ്, നാളെകളില്‍ രാജ്യത്തിനും വരുംതലമുറക്കും ഗുണകരമാവും എന്നത് ജനകോടികള്‍ മനസിലാക്കി എന്നതാണ് മഹത്വം. ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമാവും ഇത്രമാത്രം സഹനശേഷി ജനകോടികള്‍ ഒരേ മനസോടെ കാണിച്ചിട്ടുണ്ടാവുക. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയിലുള്ള വിശ്വാസവും അതിനുകാരണമാണ്. മോദി പറയുന്നത് ശരിയാവും; അദ്ദേഹം മറിച്ചൊന്നും ചെയ്യില്ല എന്ന ചിന്ത കോടിക്കണക്കായ ജനത മനസിലേറ്റി.  അത് ചെറിയ കാര്യമല്ല. ഒരുപക്ഷെ പണ്ഡിറ്റ് നെഹ്രു പ്രധാനമന്ത്രിയായ ആദ്യകാലങ്ങളില്‍ കണ്ട  ഒരു വിശ്വാസ്യതയാണ് ഇന്നിപ്പോള്‍ മോദിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. മറ്റൊരു നേതാവിനും ഇന്ത്യയില്‍ അതാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും സ്മരിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ഇന്ത്യയെ തകര്‍ക്കും, സമ്പദ്ഘടന താറുമാറാകും, ജനങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടും. ഇന്ത്യയ്ക്ക്  ഒരിക്കലും കരകയറാത്ത അവസ്ഥയുണ്ടാകും എന്നതൊക്കെയാണ് ഇക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകരില്‍ നിന്നും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്; ഭരണകൂടത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ അവഗണിക്കാനാവില്ലതാനും. പക്ഷെ അതില്‍ കുറെയെങ്കിലും ന്യായം ഉണ്ടാവണ്ടേ; വസ്തുതകള്‍ വിമര്‍ശകര്‍ കാണേണ്ടതല്ലേ. അതിന്റെ അഭാവമാണ് എല്ലാവരെയും വേദനിപ്പിച്ചത്. സമ്പദ് വ്യവസ്ഥയില്‍ ചില്ലറ വിഷമങ്ങള്‍ ഉണ്ടാവുമെന്നത് പാഴൂര്‍ പടിപ്പുരയില്‍ പോകാതെതന്നെ മനസിലാവും. അത്ര പ്രധാനപ്പെട്ട ഒരു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രചാരത്തിലുള്ള 84 ശതമാനം കറന്‍സി പിന്‍വലിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ. എന്നാല്‍ അത് ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍, അതിലൂടെ കരഗതമാവാന്‍ പോകുന്ന സാമ്പത്തിക സുരക്ഷിതത്വം, ഇതിലൂടെ നമുക്ക് തകര്‍ക്കാന്‍ കഴിഞ്ഞ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അപ്രമാദിത്യം; ഭീകരതയെയും വിഘടനവാദത്തെയും വിധ്വംസക  നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാനായത്. ഇതെല്ലാം കാണാതെ പോകാന്‍ ശ്രമിക്കുന്നത് ശരിയാണോ. കള്ളപ്പണത്തിന് ഇവിടെ ഒരു മേല്‍വിലാസമുണ്ടാക്കി എന്നതും എടുത്തുകാട്ടേണ്ട കാര്യമാണല്ലോ.
അമ്പത് ദിവസം തരൂ, അതിനകം എല്ലാം ശരിയാവും എന്നതായിരുന്നു മോദി നല്‍കിയ വാഗ്ദാനം. സ്വാഭാവികമായും 50 നാള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം  എന്ത് പറയുന്നു എന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, പ്രധാനമന്ത്രി എന്താണ് പറയേണ്ടതെന്ന്  സ്വയം പലരും തീരുമാനിച്ചാലോ?.  ജനങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ കണക്കിലെടുത്ത് ചില സാമ്പത്തിക നടപടികള്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞവര്‍ പോലും എത്ര കള്ളപ്പണം കിട്ടി,  അത് ആരുടേതാണ്, അത് എന്ന് എവിടെ എങ്ങിനെ കിട്ടി എന്നൊക്കെ നരേന്ദ്ര മോദി ടിവിയില്‍ വന്ന് പരസ്യമായി വിളിച്ചുപറയണം എന്ന് ശാഠ്യം പിടിച്ചാലോ?.  ഇവിടെ കള്ളപ്പണമേയില്ല എന്ന്, അല്ലെങ്കില്‍ നാമമാത്രമായ കള്ളപ്പണമേയുള്ളൂ എന്ന്,  ഇന്നലെവരെ പറഞ്ഞവരാണ് ഇന്നിപ്പോള്‍ കൃത്യമായ നയാപൈസയുടെ കണക്ക് ചോദിക്കുന്നത്. അതിനൊക്കെ ഓരോ വ്യവസ്ഥാപിതമായ രീതികളില്ലേ. അതിലൂടെ എല്ലാം വേണ്ടപോലെ വേണ്ട സമയത്ത് ഇന്ത്യയിലെ ജനങ്ങളെ അറിയിക്കും. എന്തിനാണ് ഇത്ര തിരക്കും ബേജാറും. എന്നാല്‍ അതൊക്കെ  ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും എന്നല്ല.
കണക്കുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമല്ലേ വരിക. പിന്നെ അതൊക്കെ ശരിയാക്കി വരുന്നേ ഉണ്ടാവൂ.  ഇക്കാലത്ത് ബാങ്കുകളില്‍ ജനങ്ങള്‍  നിക്ഷേപിച്ചതില്‍ എത്രകോടി കള്ളപ്പണം, എത്ര കോടി രൂപ നല്ലത് എന്നതും നോക്കണ്ടേ. മറ്റൊന്ന് ആര്‍ബിഐയുടെ കണക്ക്  എങ്ങിനെ പ്രധാനമന്ത്രി വെളിപ്പെടുത്തി, ആര്‍ബിഐ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമല്ലേ എന്നും ചോദിയ്ക്കാന്‍ ഇടയാകില്ലേ? നോട്ട് റദ്ദാക്കല്‍ തീരുമാനം മോദി പ്രഖ്യാപിച്ചവേളയില്‍  ഇത്തരം ചില ചോദ്യങ്ങള്‍ പ്രമുഖരായ  ചിലര്‍പോലും ഉയര്‍ത്തിയത് ഓര്‍ക്കുക.  ഇപ്പോള്‍ കണക്കൊക്കെ  പറയാത്തതിന് അതും കാരണമായിട്ടുണ്ടാവാം.
ഇവിടെ മോദി ഉദ്ദേശിച്ചത് ഒരു സാമ്പത്തിക പാക്കേജ് ആയിരുന്നു എന്നത് വ്യക്തം. അതിന് കാരണങ്ങള്‍ ഉണ്ടുതാനും. സാധാരണക്കാര്‍, മധ്യവര്‍ഗക്കാര്‍ ഒക്കെ നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന്  വിഷമിക്കുന്നു എന്ന് പറഞ്ഞത്  പ്രതിപക്ഷ കക്ഷികള്‍ തന്നെയാണല്ലോ. അതൊക്കെ മോദി കണക്കിലെടുത്തു എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന്  കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കും ഞാനും ഒരു ടിവി ചാനലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. 'നാളെ  പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമ്പോള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് ' എന്നത് അപ്പോള്‍ ആങ്കര്‍ ഡോ.  ഐസക്കിനോട് ചോദിച്ചു. പ്രധാനമന്ത്രി എന്ത് പറയണം എന്ന് എനിക്ക് പറയാന്‍ കഴിയില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി അതിനു നല്‍കിയ മറുപടി ഏതാണ്ടിങ്ങനെയാണ്: രാജ്യം മാന്ദ്യത്തിലേക്ക് വഴുതിനീങ്ങുകയാണ്; റാബി വിള മോശമാകും; അതുകൊണ്ട്  കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണം; നാട്ടില്‍ പണിയില്ല. നൂറു ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയണം; അതിനാവശ്യമായ പണം നീക്കിവെക്കണം. പുതിയ സാഹചര്യത്തില്‍  നികുതിപ്പിരിവ് കുറഞ്ഞതുകൊണ്ട്  സംസ്ഥാനങ്ങള്‍ക്ക് പ്രയാസമുണ്ടായിട്ടുണ്ട്; അത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എടുക്കാനുള്ള പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. മറ്റൊന്ന് ഒരു മാന്ദ്യ പാക്കേജ് വേണം. അതൊക്കെയായാല്‍ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ പഴയ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയും തോമസ് ഐസക് പ്രകടിപ്പിച്ചു. യഥാര്‍ഥത്തില്‍ അതുതന്നെയാണ്  മോഡി ശനിയാഴ്ച പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ തോമസ് ഐസക് അടക്കമുള്ളവര്‍ എതിര്‍ക്കാന്‍ രംഗത്തുവരുന്നു. സമാന്തര ബജറ്റാണിത് എന്ന് ആക്ഷേപിക്കുന്നു. യുപിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കുറ്റപ്പെടുത്തുന്നു. അതൊക്കെ പരിശോധിക്കേണ്ടതുണ്ട്, തീര്‍ച്ച.
ഇനി മോദിയുടെ പ്രഖ്യാപനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. ഭവന വായ്പയാണ് അതില്‍ പ്രധാനപ്പെട്ടത്. ചെറുഇടത്തരം വരുമാനക്കരെ ലക്ഷ്യമിട്ടാണ് ആ നിര്‍ദ്ദേശം. ഒന്‍പതുലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് നാല് ശതമാനവും പന്ത്രണ്ടു ലക്ഷം വരെയുള്ളതിന് മൂന്ന് ശതമാനവും 20 ലക്ഷം വരെയുള്ളതിന് രണ്ടു ശതമാനവും ഇളവ് നല്‍കാനാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഭാവന വായ്പകള്‍ക്ക് മൂന്ന് ശതമാനം ഇളവ് നല്‍കും. ഇത് പുതിയ ബജറ്റ് പ്രഖ്യാപനമല്ല; മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ തന്നെ 2022 ഓടെ രാജ്യത്തുള്ള എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ നടപ്പിലാക്കുന്നത് സംസ്ഥാന ഭരണകൂടങ്ങളിലൂടെ ആണുതാനും. കേരളത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലായം പണിതുകൊടുക്കാനൊക്കെ തീരുമാനിച്ചത് ഓര്‍ക്കുക; അത് ഈ പദ്ധതിയില്‍ പെടുത്തിയാണ് എന്നത് മറക്കരുത്. തോമസ് ഐസക് ഉദ്ദേശിച്ചപോലെ  നൂറുദിവസത്തെ തൊഴില്‍ നല്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയില്ലേ. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല കെട്ടിട നിര്‍മാണ മേഖലയിലും മറ്റും സംഭവിച്ചതായ മാന്ദ്യം മാറ്റാനും ഇത് ഉപകരിക്കും.
മറ്റൊരു പ്രഖ്യാപനം ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍ നല്‍കലാണ്. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്പാ പരിധി 25  ശതമാനം കണ്ടു ഉയര്‍ത്തുകയും ചെയ്തു. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി ) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമാക്കിയതോടെ ആ മേഖലയെയും സഹായിക്കാനാകും. ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍, ചെറുവ്യവസായികള്‍ എന്നിവര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാനാവും. ആ മേഖലയില്‍ നോട്ടുക്ഷാമം മുഖേന ഉണ്ടായതായി പറയുന്ന പ്രശ്‌നങ്ങള്‍ ആണ് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാര്‍ഷിക മേഖലയാണ് മറ്റൊന്ന്. അവിടേക്ക് ഇരുപതിനായിരം കോടി രൂപയാണ് നബാര്‍ഡ് പമ്പ് ചെയ്യുന്നത്. അതാവട്ടെ നമ്മുടെ സഹകരണ സ്ഥാപനങ്ങളിലൂടെയും. അതായത് പ്രൈമറി, ജില്ലാ സഹകരണ ബാങ്കുകളാവും ഇത്രയും കോടികള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ചവര്‍ക്കുള്ളശക്തമായ മറുപടിയും അതിലുണ്ട് എന്നുവേണം കരുതാന്‍.  20,000 കോടി എത്തുന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടാവുക എന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതിലുപരി മറ്റൊന്നുകൂടി ആ മേഖലക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ക്ക് രണ്ടുമാസത്തെ പലിശയുടെ ഇളവ് ലഭിക്കുന്നു എന്നതാണത്. അതും കര്‍ഷകക്ഷേമ പദ്ധതിയല്ലേ. അമ്പതുദിവസം ഉണ്ടായ ബുദ്ധിമുട്ടിന് അറുപത് ദിവസത്തെ പലിശ ഒഴിവാക്കിക്കിട്ടുന്നു. ഇതിനൊക്കെയുള്ള പണം നബാര്‍ഡ് കണ്ടെത്തും. അതായത്, ഇതൊന്നും സര്‍ക്കാരിന്റെ ബജറ്റിനെ ബാധിക്കുന്നില്ല. പിന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശ, ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ധനസഹായം എന്നിവയുമുണ്ട്. ഇതൊക്കെ നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ സഹായിക്കുകതന്നെ ചെയ്യും. അതിനൊക്കെയൊപ്പം ഇന്നിപ്പൊഴാരംഭിച്ചിട്ടുള്ള കള്ളപ്പണ വിരുദ്ധ നീക്കങ്ങള്‍ തുടരുകയും ചെയ്യും.
ഇതൊരു സമാന്തര ബജറ്റാണ് എന്ന് പറയുന്നവര്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കാനാവുക എന്നതറിയില്ല. പക്ഷെ നോട്ട് റദ്ദാക്കലോടെ ബാങ്കുകളില്‍ വേണ്ടതിലധികം പണമുണ്ട്. അത് ജനങ്ങളിലേക്ക്, സമൂഹത്തിലേക്ക് ചെല്ലേണ്ടതുണ്ട്. അതിനുള്ള പദ്ധതികൂടിയാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കരുതാനാണ് എനിക്കാഗ്രഹം. ഇനിയുള്ള പ്രശ്‌നം, ബാങ്കിങ് സംവിധാനം എന്നത്തേക്ക് സാധാരണ നിലയിലാവും എന്നതാണ്. എന്റെ നിക്ഷേപം എനിക്ക് സൗകര്യാര്‍ഥം പിന്‍വലിക്കാന്‍ എന്ന് കഴിയുമെന്നതാണ് ഒരു പ്രധാന ചോദ്യം. അതിന് പ്രധാനമന്ത്രി തന്നെ ചില സൂചനകള്‍ നല്‍കിയിരുന്നു.  പുതുവര്‍ഷത്തില്‍ എല്ലാം സാധാരണ നിലയിലാവും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്  കാരണമേറെയാണ്. ഇപ്പോള്‍ മോദി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് തന്നെ അതിനൊരു കാരണം. ബാങ്കില്‍ നിന്ന് എത്രയോ കോടികളാണ് ഇനി പുറത്തേക്ക്  ഒഴുകാന്‍ പോകുന്നത്. ഒരു ബാങ്ക് മാനേജര്‍ പറഞ്ഞത്, ഇനി വായ്പക്കായുള്ള ക്യൂവാകും ബാങ്കുകളില്‍ കാണാന്‍ പോകുന്നത് എന്നതാണ്. അതിനര്‍ഥം  പണം ബാങ്കുകളില്‍ കെട്ടിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നതാണല്ലോ. ഒരു മാസത്തിനകം എല്ലാം സാധാരണ നിലയിലാകണം; അത് റിസര്‍വ് ബാങ്ക് തന്നെ പ്രഖയാപിക്കുമെന്നു കരുതാം.
നരേന്ദ്രമോദി ഒരു വ്യത്യസ്ത രാഷ്ട്രീയക്കാരനാണ് എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ആ ഭരണാധികാരിയും. പറയേണ്ടത് പറയേണ്ട സമയത്തു പറയുക എന്നത് പ്രധാനമാണല്ലോ. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതുപോലെതന്നെയാണ് ഇതും. ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

No comments :

Post a Comment