Thursday, 6 July 2017

ഡിജിറ്റല്‍ ഇടപാടില്‍ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം വിവരമറിയിക്കണം

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ:

സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നുദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക്
വ്യക്തമാക്കി. നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യും.
ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പുകാരണം പണം നഷ്ടമായാല്‍ എപ്പോഴൊക്കെയാണ് ഇടപാടുകാരന് ഉത്തരവാദിത്വമുണ്ടാവുക എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.
ഇടപാടുകാരന്റെ അശ്രദ്ധകാരണം, പാസ്വേഡ് കൈമാറുകയോ മറ്റോ ചെയ്തതുകാരണമാണ് പണം നഷ്ടമായതെങ്കില്‍ ആ വിവരം ബാങ്കില്‍ അറിയിക്കുന്നതുവരെ ആ നഷ്ടത്തില്‍ ഇടപാടുകാരനും ഉത്തരവാദിത്വമുണ്ടാകും. എന്നാല്‍ ബാങ്കില്‍ വിവരമറിയിച്ചതിനുശേഷവും പണം നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ബാങ്കിനായിരിക്കും.
ബാങ്കിന്റെഭാഗത്തോ ഡിജിറ്റല്‍ പണമിടപാട് കൈകാര്യംചെയ്യുന്ന മൂന്നാംകക്ഷിയുടെ ഭാഗത്തോ വന്ന വീഴ്ചകൊണ്ടാണ് പണം നഷ്ടമായതെങ്കില്‍ അതില്‍ ഇടപാടുകാരന് ഉത്തരവാദിത്വമൊന്നുണ്ടാകില്ലെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കുന്നു. പണം പിന്‍വലിക്കപ്പെട്ടതായി അറിയിപ്പുകിട്ടി മൂന്നു ദിവസത്തിനകം ഇക്കാര്യം ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാത്രം.
Viewed using Just Read

No comments :

Post a Comment