Sunday, 9 July 2017

അടുക്കളത്തോട്ടം ഇങ്ങനെയൊരുക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



ദിവസം കഴിയുംതോറും പച്ചക്കറിയുടെ വില കൂടിവരികയാണ്. കിട്ടുന്നവയാകട്ടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ അളവിൽ കീടനാശിനികൾ തളിച്ച് എത്തിക്കുന്ന
പച്ചക്കറികളും. അൽപ്പം സമയവും അധ്വാനവും ചെലവഴിച്ചാൽ വിഷമയമല്ലാത്ത പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ നട്ടുവളര്‍ത്താവുന്നതാണ്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ വേണമെങ്കില്‍ കൃഷി
ഒരു ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്യാം.
പച്ചക്കറി വിത്തുകള്‍ നടുമ്പോള്‍ ചീര, വെണ്ട, പാവല്‍ എന്നിവ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടുന്നതായിരിക്കും ഉചിതം. എന്നാല്‍ തക്കാളിയും, മുളകും അല്പം തണല്‍ ഉള്ള ഭാഗത്തുവെച്ചാല്‍ മതി. അധികം വെയില്‍ വേണ്ടാത്ത വിഭാഗമാണിത്. വിത്ത് പാകി മുളപ്പിച്ച തൈകള്‍ നാലില പാകമാകുമ്പോഴാണ് സാധാരണയായി പറിച്ച് നടുന്നത്. നല്ല ആരോഗ്യത്തോടെ വളരുന്ന തൈകള്‍ മാത്രമേ പറിച്ചു നടാവൂ. കീടശല്യത്തെ പ്രതിരോധിക്കാന്‍ നല്ല ആരോഗ്യത്തോടെ വളരുന്ന തൈകള്‍ക്ക് കഴിയും. മുളച്ചുവരുന്ന ചെടികളില്‍ മുരടിച്ച് വരുന്നവയെ പറിച്ച് കളയുക. ബാക്കിയുള്ളവ നന്നായി വളരാന്‍ ഇത് സഹായിക്കും. തൈകള്‍ പറിച്ചെടുക്കുമ്പോള്‍ വേര് മുറിഞ്ഞുപോകാതെ ശ്രദ്ധയോടെ വേണം പറിച്ചെടുക്കാന്‍.പറിച്ചു നടുന്നതിനു മുമ്പായി ചെടിയുടെ ചുവട്ടില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. 5 മിനിറ്റിനു ശേഷം മണ്ണോടു കൂടി വേരുകള്‍ പൊട്ടാതെ തൈകള്‍ പറിച്ചെടുക്കുക.
പച്ചക്കറി തൈകള്‍ പറിച്ചു നടുന്നതിനു മുന്നേ ചെയ്യേണ്ട വേറൊരു കാര്യം മണ്ണൊരുക്കലാണ്. അതിനായി ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ കരിയില, കുമ്മായം ഇതെല്ലാം നല്ലതുപോലെ യോജിപ്പിച്ച് 5 ദിവസമെങ്കിലും ഉണക്കിയ ശേഷം ഗ്രോബാഗിലോ കുഴിയിലോ നിറയ്ക്കാം. എന്ത് തൈകളായാലും പറിച്ചു നടുന്നത് വൈകുന്നേരങ്ങളിലാകുന്നതാണ് ഉത്തമം.
പറിച്ചു നട്ടശേഷം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം 3-4 ദിവസമെങ്കിലും ഈ തൈകള്‍ക്ക് നല്ല രീതിയില്‍ തണല്‍ കൊടുക്കുക. പറിച്ചു നട്ട ചെടികള്‍ക്ക് ഉടനെ വളപ്രയോഗം ചെയ്യേണ്ട ആവശ്യമില്ല. രാവിലെയും വൈകുന്നേരങ്ങളിലും മിതമായ രീതിയില്‍ തൈകള്‍ നനച്ചു കൊടുക്കുക. സ്യൂഡോമോണസ് ലായനിയില്‍ വേരുകള്‍ മുക്കിവെച്ചോ വിത്തുകള്‍ മുക്കിവെച്ചശേഷം നടുകയോ ചെയ്താല്‍ തൈകള്‍ കരുത്തോടെ വളരുകയും വാട്ടരോഗം, മൂട് ചീയല്‍, തൈ ചീയല്‍ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വീട്ടുമുറ്റങ്ങളിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ ജൈവ കാർഷികരീതികൾ അവലംബിക്കുന്നതാണ് ഉത്തമം.

No comments :

Post a Comment