Showing posts with label റാഗിങ്ങ്. Show all posts
Showing posts with label റാഗിങ്ങ്. Show all posts

Thursday, 15 December 2016

പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

റാംഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ചു; പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ; അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു പിതാവിന്റെ നിവേദനം

കാസർഗോഡ്: സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ കുറിപ്പിട്ടശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മറീൻ എൻജിനിയറിംഗിനു പഠിക്കുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ആഷിഷ് തമ്പാൻ ആണ് കഴിഞ്ഞ ചൊവ്വാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. ആഷിഷിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാഗിങ് നടത്തിയ സീനിയർ വിദ്യാർത്ഥികളുടെ പേരുകളടക്കമുള്ള കുറിപ്പാണ് ആഷിഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഒരു പാട് ആഗ്രഹിച്ച് എടുത്ത കോഴ്‌സ്...പക്ഷെ അവിടെ ഉള്ള ഈ കാലി മൃഗങ്ങൾ മാനസികമായും ശാരീരികമായും ഒരു പാട് പീഡിപ്പിച്ചു...നന്ദി' ആഷിഷിന്റെ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ആത്മഹത്യാ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോയ ആഷിഷ് രാത്രി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
കുസാറ്റ് കാമ്പസിലെ മറൈൻ എൻജിനീയറിങ് വിഭാഗത്തിൽ നാല് മാസം മുൻപാണ് ആഷിഷ് കോഴ്‌സിന് ചേർന്നത്. ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന ആഷിഷിനെ മുതിർന്ന വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഒരു അദ്ധ്യാപകൻ വെളിപ്പെടുത്തി. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഷിഷിന്റെ പിതാവ് പി.വി തമ്പാൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ കാമ്പസിൽ റാഗിങ് നടന്നതായി ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കുസാറ്റ് മറൈൻ എൻജിനീയറിങ് വിഭാഗം ഡയറക്ടർ അറിയിച്ചു. ആഷിഷിന്റെ ഫേസ്‌ബുക് കുറിപ്പിൽ ഏതാനും പ്രഫസർമാരുടെ പേരുകളും ഉൾപ്പെടുന്നു. ഇത് എന്തിനാണെന്നു വ്യക്തമല്ല. ആഷിഷിനെ കണ്ടെങ്കിലും സംഭാഷണം വ്യക്തമല്ലാതിരുന്നതിനാൽ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം നേരിട്ടുള്ള പരാതിയിൽ കേസന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tuesday, 27 September 2016

എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ക്ലാസിൽ പോയതിനു കുസാറ്റിലെ വിദ്യാർത്ഥിക്കു ക്രൂരമർദനം; പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്നു ഭീഷണിയും; എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു


കോഴിക്കോട്/കൊച്ചി: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിൽ പങ്കെടുക്കാതെ ക്ലാസിൽ കയറിയ വിദ്യാർത്ഥി റാഗിങ്ങിനെ ഭയന്ന് ആത്മഹത്യക്കു ശ്രമിച്ചു. ഒന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥി കോഴിക്കോട് കുറ്റ്യാടി ഊരത്ത് സ്വദേശി മുഹമ്മദ് ഷെറിനാണു സീനിയർ വിദ്യാർത്ഥികളുടെ ക്രൂരറാഗിങ്ങിനു വിധേയനായത്.
സംഭവത്തിൽ മനംനൊന്തു കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാർത്ഥി എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിക്കു നേരെ സംഘടിതമായ ആക്രമണം നടന്നത്. എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു ആക്രമണം നടത്തിയതെന്നു ഷെറിന്റെ സഹപാഠികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. 30 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
തുടർന്നു കോളേജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ പരാതി നൽകിയ വിവരവും ചൂണ്ടിക്കാട്ടി ഇതേസംഘം ഷെറിനു നേരെ നിരന്തരം ആക്രമണം നടത്തുകയായിരുന്നു. ഒടുവിൽ ഇന്നും മർദനം തുടർന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതെത്തുടർന്നു കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ക്യാമ്പസിൽ കയറി അക്രമം നടത്തിയതായി ഷെറിന്റെ സഹപാഠികൾ പറഞ്ഞു. ഷെറിൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണു വിവരം.

Sunday, 26 June 2016

വിഎസിന്റെ വളർച്ചയും സിപിഐ(എം) ഭയക്കുന്നെന്ന് ആക്ഷേപമുയരുന്നു

വിഎസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി; ഇല്ലാതായത് രണ്ടുമാസത്തിനകം രണ്ടുലക്ഷം ഫോളോവേഴ്‌സിനെ നേടിയ അക്കൗണ്ട്; സൈബർപോരാളിയായുള്ള വിഎസിന്റെ വളർച്ചയും സിപിഐ(എം) ഭയക്കുന്നെന്ന് ആക്ഷേപമുയരുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് ശക്തമായ പ്രചരണായുധമായി മാറിയിരുന്ന വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി. സർക്കാരിനെതിരായ വിഎസിന്റെ പരസ്യപ്രസ്താവനകൾ ഭയന്ന് സിപിഐ(എം) തന്നെ മുൻകൈയെടുത്താണ് വിഎസിന്റെ അക്കൗണ്ട സസ്‌പെന്റ് ചെയ്യിച്ചതെന്നാണ് രഹസ്യസംസാരം. നിയമസഭാ സമ്മേളനം നാളെമുതൽ സജീവമാകാനിരിക്കെ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വി എസ് പോസ്റ്റുകൾ നൽകാൻ സാധ്യതയുണ്ടെന്ന ഭയം പാർട്ടി നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഎസിനെ ഫേസ്‌ബുക്കിന്റെ പടിക്കുപുറത്തുനിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
വിഎസിന് അർഹമായ പദവി നൽകുമെന്ന് പിബിയും പിണറായിയും കോടിയേരിയുമുൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും ആവർത്തിച്ച് പുറത്ത് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതു വൈകുന്നതിൽ കടുത്ത അതൃപ്തിയിലാണ് വി എസ്. അതിനാൽത്തന്നെ സഭാ സമ്മേളനം തുടങ്ങിയാൽ വിവിധ വിഷയങ്ങളിൽ വി എസ് പ്രസ്താവനകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് നിയമസഭയിൽ ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ. ഫേസ്‌ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുമെന്നതിനാലാണ് ഇപ്പോൾ വിഎസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് നിർത്തലാക്കിയതെന്നാണ് സൂചനകൾ.
ചുരുങ്ങിയ കാലത്തിനിടെ വൻ മൈലേജ് നേടിയിരുന്ന ഫേസ്‌ബുക്ക് അക്കൗണ്ടായിരുന്നു വിഎസിന്റേത്. ഇക്കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയച്ചൂടിനിടെ വി.എസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തുറന്നത്. മണിക്കൂറുകൾക്കകം തന്നെ കാൽലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത അക്കൗണ്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഒന്നരലക്ഷം ഫോളോവേഴ്‌സുമായി മുന്നേറി. തിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെയും സുധീരനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും വെള്ളാപ്പള്ളിക്കെതിരെയും വി എസ് പുറത്തുവിട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുമായി ഫേസ്‌ബുക്ക് യുദ്ധംതന്നെയാണ് വി എസ് തന്റെ അക്കൗണ്ടിലൂടെ നടത്തിയതെന്നു പറയാം. ഈ സാധ്യത മുന്നിൽക്കണ്ട് പാർട്ടിതന്നെ മുൻകൈയെടുത്താണ് വിഎസിനെ ഹൈടെക് ആക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പാലക്കാട്ടുവച്ചു നടന്ന ചടങ്ങിലാണ് മുൻനിര സാമൂഹ്യ മാദ്ധ്യമങ്ങളാട ഫേസ്‌ബുക്കിലും ട്വിറ്ററിലും ഗൂഗിൾ പഌസിലും വിഎസിന്റെ അക്കൗണ്ടുകളുടെ പ്രകാശനം പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ നടത്തിയത്. ഉടൻ വാട്‌സ്ആപിലും അദ്ദേഹത്തെ പ്രതീക്ഷിക്കാമെന്ന പ്രഖ്യാപനമുണ്ടായി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത www.facebook.com/OfficialVSpage എന്ന ഫേസ്‌ബുക്ക് പേജ് മണിക്കൂറുകൾക്കകം കാൽ ലക്ഷത്തോളം പേർ ഷെയർ ചെയ്തു.
www.vsachuthanandan.in എന്ന അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റും നിലവിൽ വന്നു. ട്വിറ്ററിൽ vs1923 എന്നതാണ് വിഎസിന്റെ ഹാൻഡിൽ. ഇതോടെ പുത്തൻ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ എതിരാളികൾക്കെതിരെ തീപാറുന്ന പോസ്റ്റുകളുമായി വി എസ് കത്തിക്കയറി. ഏഴ് വർഷത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഫേസ്‌ബുക്കിൽ ലഭിച്ച ലൈക്കുകൾ 9,33,275 ആണെങ്കിൽ ഒരാഴ്ചകൊണ്ട് മാത്രം വിഎസിന് ലഭിച്ച ലൈക്കുകൾ 1,42,233 എന്ന നിലയിലായി.
ഇതോടെ മാദ്ധ്യമങ്ങളിൽ വിഎസിന്റെ ഫേസ്‌ബുക്ക് പ്രതികരണങ്ങൾ ദിവസവും ചൂടുള്ള വാർത്തകളായി. ഒരോ ദിവസവും രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ കൊണ്ട് ചൂടുപിടിക്കുന്ന ഇടമായി മാറി വിഎസിന്റെ അക്കൗണ്ട്. വിഎസിന്റെ ഒരു പോസ്റ്റിന് കിട്ടുന്ന റീച്ച് മറ്റൊരു നേതാവിന്റെ പോസ്റ്റിനും തിരഞ്ഞെടുപ്പുകാലത്ത് ലഭിച്ചതുമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേജിന് 9 ലക്ഷത്തിലധികം ലൈക്കുണ്ടെങ്കിലും ഒരു ലക്ഷത്തിനപ്പുറം മാത്രം ലൈക്കുള്ള വിഎസിന്റെ ഒരു പോസ്റ്റിന് ലഭിക്കുന്ന സ്വീകാര്യത മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നില്ലെന്ന് മാദ്ധ്യമങ്ങൾ എഴുതി.
ഓരോ ദിവസവും വിഎസിന്റെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പേർ ലൈക്കുകളും കമന്റുകളുമായി എത്തി. ചുരുങ്ങിയ കാലത്തിനകം രണ്ടുലക്ഷത്തിലേറെപ്പേർ സന്ദർശിക്കുന്ന ഫേസ്‌ബുക്ക് പേജാണ് ഇപ്പോൾ പൂട്ടിയത്. ദീർഘകാലമായി ഫേസ്‌ബുക്ക് അക്കൗണ്ടുള്ള പിണറായി വിജയന് മൂന്നുലക്ഷത്തിൽപ്പരവും സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമായ തോമസ് ഐസകിന് നാലുലക്ഷത്തിൽപ്പരവും ഫോളോവേഴ്‌സുള്ള സ്ഥാനത്താണ് രണ്ടുമാസം തികയുംമുമ്പ്് രണ്ടുലക്ഷം പിന്നിട്ട് വി എസ് മുന്നേറിയതെന്നതും ശ്രദ്ധേയമാണ്.
ഈ രംഗത്തേക്ക് തന്നെ പോലൊരാൾ ഇറങ്ങുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണെന്നും ഭയാശങ്കളും ഇല്ലാതില്ലെന്നും സാമൂഹികമാദ്ധ്യമങ്ങളിലേക്കുള്ള തന്റെ കടന്നുവരവിനെ പരാമർശിച്ചു കൊണ്ട് വി എസ്. അച്യുതാനന്ദൻ പറഞ്ഞത്. സാങ്കേതികവിദ്യയുടെ അപാരമായ പ്രയോഗമാണ് ഇതിലുള്ളത്. എന്നാൽ, തന്നെ സഹായിക്കാൻ ഒരു പാടു പേർ മുന്നോട്ടുവന്നു. നവമാദ്ധ്യമങ്ങളെ ഉപയോഗിച്ച് താനും തന്റെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും ഇതൊരു വൺവേ ട്രാഫിക്ക് ആകില്ലെന്നും അച്യുതാനന്ദൻ പറഞ്ഞു.
നിസ്വവർഗത്തിന്റെ പോരാളിയാണ് വി എസ് എന്നും എക്കാലവും അദ്ദേഹം അങ്ങനെയായിരുന്നുവെന്നും ആണ് വിഎസിന്റെ അക്കൗണ്ട് ഉദ്ഘാടനം നിർവഹിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഈ നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കുമൊക്കെ ഒരു മണിക്കൂറിനകം മറുപടി പറയാൻ വി എസ് ശ്രമിക്കുമെന്ന് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ. കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.
ഫേസ്‌ബുക്ക് അക്കൗണ്ടിലേതുപോലെ തന്നെയാണ് ട്വിറ്റർ അക്കൗണ്ടിന്റേയും വെബ്‌സൈറ്റിന്റേയും അവസ്ഥ. ട്വിറ്ററിൽ വി എസ് ഏറ്റവുമൊടുവിൽ ട്വീറ്റ് ചെയ്തത് പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് തലേന്ന് മെയ് 24നാണ്. എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുള്ളതായിരുന്നു ആ ട്വീറ്റ്. വെബ്‌സൈറ്റിന്റെ അവസ്ഥയും അതുതന്നെ. വിഎസിനെ പ്രതിപക്ഷ നേതാവെന്നു പറയുന്ന പ്രൊഫൈൽപോലും ഇതുവരെ തിരുത്തിയിട്ടില്ല. വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പാർട്ടിതന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പുവരെ ആക്റ്റീവായി കൊണ്ടുപോയെങ്കിലും പദവി നൽകാമെന്ന പാർട്ടിവാഗ്ദാനം ജലരേഖയായതോടെ വി എസ് പിണങ്ങുന്ന സാഹചര്യം മുന്നിൽക്കണ്ട് ഇവയുടെ പ്രവർത്തനം നിർത്തിക്കുകയായിരുന്നു എന്നാണ് സൂചനകൾ.

Friday, 24 June 2016

റാഗിംഗ്‌: പെണ്‍കുട്ടിയുടെ അന്നനാളകുഴല്‍ ചുരുങ്ങിപ്പോയി; എന്‍ഡോസ്‌കോപ്പി ചെയ്യാനായില്ല

റാഗിംഗ്‌: പെണ്‍കുട്ടിയുടെ അന്നനാളകുഴല്‍ ചുരുങ്ങിപ്പോയി; എന്‍ഡോസ്‌കോപ്പി ചെയ്യാനായില്ല


കോഴിക്കോട്‌: കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്‌സിങ്‌ കോളജില്‍ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യസ്‌ഥിതിയില്‍ മാറ്റമില്ല. അശ്വതിയുടെ അന്നനാളത്തിന്‌ ഗുരുതരമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്നലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയി എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല.
രാസലായനി കടന്നുചെന്നതിനാല്‍ അന്നനാളത്തിലേക്കുള്ള കുഴല്‍ ചുരുങ്ങിപ്പോയിട്ടുണ്ട്‌. ഇതുവഴി എന്‍ഡോസ്‌കോപ്പിയുടെ കുഴല്‍കടത്താന്‍ കഴിയാത്തതാണ്‌ പ്രശ്‌നം. എന്‍ഡോസ്‌കോപ്പി ചെയ്‌തശേഷമേ വിദഗ്‌ധചികിത്സയുടെ കാര്യങ്ങള്‍ നിര്‍ദേശിക്കാനാവൂ. ഇന്നു വീണ്ടും എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിക്കാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതെന്ന്‌ അമ്മാവന്‍ ഭാസ്‌കരന്‍ പറഞ്ഞു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ്‌ വഴി നല്‍കിയാണ്‌ ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌.
ഇതിനിടെ, കേരള പോലീസിന്റെ എഫ്‌.ഐ.ആര്‍. കിട്ടിയതോടെ ഗുല്‍ബര്‍ഗിലെ റാസ പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. തെളിവെടുപ്പിനായി അടുത്ത ദിവസംതന്നെ അവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെത്തുമെന്നാണു വിവരം. ഇന്നലെ രാവിലെ അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ കെ. സോമപ്രസാദ്‌ എം.പി. വിഷയം രാജ്യസഭയിലും ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിലും പെടുത്തുമെന്നു മാധ്യമങ്ങളോടു പറഞ്ഞു.
ഗുല്‍ബര്‍ഗയിലെ കോളജില്‍ ഇനി തുടര്‍പഠനം സാധ്യമല്ലാത്തതിനാല്‍ സംസ്‌ഥാന സര്‍ക്കാര്‍ സൗജന്യപഠനത്തിന്‌ സാഹചര്യമൊരുക്കണം.അശ്വതിയുടെ വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നഴ്‌സിങ്‌ കോളജില്‍ നിലവില്‍ അടച്ച തുക മടക്കികിട്ടാന്‍ സംവിധാനമുണ്ടാക്കണമെന്നും പട്ടികജാതി ക്ഷേമസമിതി അംഗം കൂടിയായ സോമപ്രസാദ്‌ പറഞ്ഞു. സംസ്‌ഥാന വനിതാ കമ്മിഷന്‍ അംഗം നൂര്‍ബീന റഷീദും ആശുപത്രിയിലെത്തി കുട്ടിയെ കണ്ടു.
വിഷയം അറിഞ്ഞപ്പോള്‍ തന്നെ കര്‍ണാടക വനിതാ കമ്മിഷനെ അറിയിച്ചെന്നും അവരുടെ ഭാഗത്തുനിന്ന്‌ ഇടപെടലുണ്ടാവുമെന്ന്‌ ഉറപ്പ്‌ കിട്ടിയതായും നൂര്‍ബീന പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ്‌ അഡ്വ. പി. സതീദേവിയും സംഘവും അശ്വതിയേയും രക്ഷിതാക്കളേയും സന്ദര്‍ശിച്ചു. അശ്വതിക്ക്‌ നീതികിട്ടാനുള്ള എല്ലാ നിയമസഹായങ്ങളും സംഘടനയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന്‌ ഇവര്‍ പറഞ്ഞു.