Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Thursday, 22 September 2016

ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി

ഉണ്ണി കൊടുങ്ങല്ലൂര്‍

'ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം 'പത്തു കൽപ്പനകൾ'ക്കു വേണ്ടി

തിരുവനന്തപുരം: ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ സംഗീതപ്രേമികൾക്കു സമ്മാനിച്ച എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു. മലയാള സിനിമയായ 'പത്തു കൽപ്പനകൾ'ക്കു വേണ്ടി താരാട്ടു പാട്ടു പാടിയാണു സംഗീതലോകത്തോടു ജാനകി വിട പറയുന്നത്.
മതിയാവോളം പാടിയെന്നും ഇനി വേണ്ടത് വിശ്രമമാണെന്നും ദക്ഷിണേന്ത്യയുടെ ഗാനകോകിലം വ്യക്തമാക്കി. 60 വർഷം നീണ്ടുനിന്ന സംഗീത ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.
അനൂപ് മേനോനും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണു 'പത്തു കൽപനകൾ'. ചിത്രത്തിലെ താരാട്ടു പാട്ടിനു മിഥുൻ ഈശ്വറാണു സംഗീതം പകർന്നത്. ഈ ചിത്രത്തിലേതു തന്റെ അവസാനത്തെ ഗാനമാണ്. ഇനി ഒരു റെക്കോഡിങ്ങും ഉണ്ടാകില്ല. സ്റ്റേജ് ഷോകളിലും ഇനി പാടില്ല. എനിക്ക് പ്രായമായി. നിരവധി ഭാഷകളിൽ പാടാനുള്ള ഭാഗ്യമുണ്ടായി. മതിവരുവോളം പാടി. ഇനി വിശ്രമമാണ് ആവശ്യം. അതിനായി കരിയർ വിടുകയാണെന്നും ജാനകി പറഞ്ഞു.
1957 ലാണ് എസ് ജാനകി സിനിമാ സംഗീതലോകത്തേക്ക് കടക്കുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങൾ പാടി. നാലു ദേശീയ അവാർഡും 32 സംസ്ഥാന അവാർഡും ഈ അനുഗൃഹീത ഗായികയ്ക്കു ലഭിച്ചിട്ടുണ്ട്. അവസാന ഗാനമായി എന്തുകൊണ്ടാണ് ഒരു മലയാളഗാനം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇതൊരു മുൻകൂട്ടിയുള്ള തീരുമാനമായിരുന്നില്ലെന്ന് ജാനകി പറഞ്ഞു. 'സംഗീതജീവിതം ഒരുദിവസം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ ഗാനം എന്നെതേടിയെത്തിയത്. അതൊരു താരാട്ടായിരുന്നു. എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്ന്. അത് പാടി റെക്കോർഡ് ചെയ്തതിന് ശേഷം മറ്റ് ഓഫറുകളൊന്നും ഞാൻ സ്വീകരിച്ചില്ല- എസ് ജാനകി പറഞ്ഞു.
1957ൽ പുറത്തിറങ്ങിയ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നൽകിയത്. എംഎൽഎൽ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങൾ എത്തിയത്.
ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ജർമ്മൻ ഭാഷകളിലെല്ലാം ജാനകി തന്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് സംഗീത സംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാളത്തിൽ എത്തിച്ചത്. കുട്ടികളുടെ ശബ്ദത്തിൽ പാടാനുള്ള പ്രത്യേക കഴിവും ഈ ഗായികയ്ക്കുണ്ട്. പുരസ്‌കാരങ്ങൾ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ൽ പത്മഭൂഷൺ പുരസ്‌കാരം നൽകാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താൽ അവർ പുരസ്‌കാരം തിരികെ അയക്കുകയായിരുന്നു.

എസ് ജാനകിയുടെ തീരുമാനം മാതൃകാപരം

ഉണ്ണി കൊടുങ്ങല്ലൂര്‍

എസ് ജാനകിയുടെ തീരുമാനം മാതൃകാപരം; പ്രായം കൂടുമ്പോൾ പാട്ടു നിർത്തണം; 78 വയസ് എന്നാൽ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണർഥം; തൊണ്ട തളരുന്നതു ഗായകൻ മനസിലാക്കണമെന്നും ജി വേണുഗോപാൽ

തിരുവനന്തപുരം: സംഗീതലോകത്തുനിന്നു വിട പറയാനുള്ള എസ് ജാനകിയുടെ തീരുമാനം മാതൃകാപരമെന്നു ഗായകൻ ജി വേണുഗോപാൽ. പ്രായം കൂടുമ്പോൾ പാട്ടു നിർത്തണം. 78 വയസ് എന്നാൽ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണർഥം. തൊണ്ട തളരുന്നതു ഗായകൻ മനസിലാക്കണമെന്നും ജി വേണുഗോപാൽ പറഞ്ഞു.
ഗായകന്റെ കാര്യത്തിൽ അയാളുടെ ഇരുപതു വയസുമുതലുള്ള പാട്ടുകൾ, മുപ്പതു വയസുവരെയുള്ള പാട്ടുകൾ നാൽപതു വയസുവരെയുള്ള പാട്ടുകൾ എന്നൊക്കെ പാട്ടുകളെ വേർതിരിക്കേണ്ടിവരും. ഇരുപതു മുതൽ ഇരുപത്തഞ്ചു വർഷം വരെയാണ് ഒരു കലാകാരനു സാധാരണ നിറഞ്ഞുനിൽക്കാവുന്ന കാലം. പഴയഗായകർ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ജാനകി പാടിയത് അറുപതു വർഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കൽകോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം ജോലി ചെയ്തിട്ടുള്ളത്. ഇനി നിർത്തണമെന്നു തോന്നുന്നതു തികച്ചം സ്വാഭാവികമാണ്. തെന്നിന്ത്യൻ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയിൽ ആയിരുന്നകാലത്തു പാടിയിരുന്നവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവർ പാടിയിരുന്ന തരം ഗാനങ്ങൾ ഇന്നില്ല. റെക്കോഡിങ് രീതികളില്ല. ഹാർഡ് വേർ മാത്രം ഗാനം നിർണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ് വെയറിലേക്കു ഗാനശബ്ദലേഖന മേഖല മാറി. ഇതിനോടൊക്കെ പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലർത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ് ഇനി പാടേണ്ട എന്നതെങ്കിൽ അതു തീർച്ചയായും സ്വാഗതാർഹമാണ്. പ്രായം ഒരു പ്രശ്നം തന്നെയാണ്. തലമുറകൾ മാറുന്നു. പാട്ടുകൾ മാറുന്നു. ആ പാട്ടുകൾക്ക് ആവശ്യമായ ശബ്ദങ്ങൾ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാൻ അതിന്റെ സ്രഷ്ടാക്കൾക്കു സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് ജാനകിയമ്മയുടേത് തീർച്ചയായും ഉചിതമായ തീരുമാനമാണെന്നും വേണുഗോപാൽ പറഞ്ഞു. 

വിസാരണൈ' ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യൻ എൻട്രി

ഉണ്ണി കൊടുങ്ങല്ലൂര്‍

മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'വിസാരണൈ' ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യൻ എൻട്രി; പുരസ്‌കാരത്തിന് അയക്കുന്നത് വെനീസ് ചലച്ചിത്രമേളയിലും മികച്ച അഭിപ്രായം നേടിയ ചിത്രം

2017ലെ ഓസ്‌കാർ പുരസ്‌കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തമിഴ് ചിത്രം വിസൈരണൈ തെരെഞ്ഞെടുത്തു.
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് വിസാരണൈ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംവിധായകൻ കേതൻ മേത്ത അധ്യക്ഷനായ ജൂറിയാണ് അക്കാദമി അവാർഡിൽ വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ സമർപ്പിക്കാൻ തീരുമാനിച്ചത്. മലയാളത്തിൽ നിന്ന് സംവിധായകൻ ഹരികുമാർ ജൂറിയിലുണ്ടായിരുന്നു. വിസാരണൈ തെരഞ്ഞെടുത്ത ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യാ സെക്രട്ടറി സുപ്രൻ സെൻ പറഞ്ഞു.
29 സിനിമകളാണ് വിവിധ ഭാഷകളിൽ നിന്നായി പരിഗണിച്ചത്. ഡോ.ബിജു സംവിധാനം കാട് പൂക്കുന്ന നേരം ആയിരുന്ന മലയാളത്തിൽ നിന്നുള്ള ഏക എൻട്രി. ധനക്, ഉഡ്താ പഞ്ചാബ്, തിത്തി, സായ് രാത്, ഉമ്രിക, നീർജ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
2017 ഫെബ്രുവരി 27നാണ് ലോസ് എഞ്ചൽസിൽ 89ാമത് ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യ ഇതേവരെ വിദേശ ഭാഷാ വിഭാഗത്തിൽ അക്കാദമി പുരസ്‌കാരം നേടിയിട്ടില്ല. ഇതുവരെ സമർപ്പിക്കപ്പെട്ട സിനിമകളിൽ മൂന്ന് ചിത്രങ്ങൾക്കാണ് നോമിനേഷൻ ലഭിച്ചിരുന്നത്. വെട്രിമാരനും ധനുഷും ചേർന്നാണ് വിസാരണൈ നിർമ്മിച്ചിരിക്കുന്നത്
ഭരണകൂട ഉപകരണങ്ങൾ നടത്തുന്ന ഹിംസയുടെയും കൊടിയ പീഡനങ്ങളുടെ നേർച്ചിത്രമാണ് വിസാരണൈ എന്ന ചിത്രം. ആന്ധ്രയിലെ ഗുണ്ടൂരിൽ 13 ദിവസം പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായിട്ടും തന്റെ നിരപരാധിത്വത്തിൽ ഉറച്ചുനിന്ന ഓട്ടോ ചന്ദ്രനാണ് വിസാരണൈയ്ക്ക് പ്രചോദനമായ കഥാപാത്രം. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.