Showing posts with label പോലീസ്. Show all posts
Showing posts with label പോലീസ്. Show all posts

Wednesday, 28 December 2016

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Monday, 26 December 2016

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk26/12/2016IndiaPage Views 54
Posted BY web desk26/12/2016IndiaPage Views 54

കറന്‍സി പിന്‍വലിക്കല്‍: നാല് ദിവസം കൊണ്ട് കര്‍ണാടകയിലെ സഹകരണ ബാങ്കിലെത്തിയത് 500 കോടി

ബെംഗലൂരു: 500 ന്റെയും 1000 ത്തിന്റെയും കറന്‍സി പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷമുളള നാല് ദിവസങ്ങളില്‍ കര്‍ണാടകയിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 500 കോടിയിലധികം രൂപ. നവംബര്‍ ഒന്‍പത് മുതല്‍ 14 വരെയുളള ദിവസങ്ങളിലാണിത്. ഇതില്‍ രണ്ടാം ശനിയും ഞായറും ഒഴികെയുളള നാല് ദിവസങ്ങളിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചത്.
ബഗല്‍കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ തന്നെ 162 കോടി രൂപ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പലരും ഇവിടെ ഈ ദിവസങ്ങളില്‍ നിക്ഷേപിച്ചു. നാല് ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് ഈ ബാങ്കിലാണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ രേഖകളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ബഗല്‍കോട്ട് സഹകരണബാങ്കിന്റെ മാനേജ്‌മെന്റ് തലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അജയകുമാര്‍ സര്‍നായിക് ആണ് ബാങ്കിന്റെ ചെയര്‍മാന്‍. സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എസ്.ആര്‍ പാട്ടീല്‍, എസ്.വൈ മേട്ടി തുടങ്ങിയവര്‍ ബാങ്കിന്റെ ഡയറക്ടര്‍മാരാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരും ബാങ്കിന്റെ തലപ്പത്ത് ഉണ്ട്. വ്യാഴാഴ്ച ബെലഗാവി സഹകരണ ബാങ്കിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ സ്രോതസ് വെളിപ്പെടുത്താതെ ലഭിച്ച കോടികളുടെ നിക്ഷേപം ഇവിടെയും കണ്ടെത്തിയിരുന്നു.
ബെല്ലാരി, മാണ്ഡ്യ, ഷിമോഗ, ഹാവേരി തുടങ്ങിയ ഇടങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ വരള്‍ച്ച മൂലവും മറ്റും പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയധികം പണം ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തിയതെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ ഉറവിടം സംശയിക്കപ്പെടേണ്ടതാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പലരും ദീര്‍ഘകാലമായി കുടിശിക വരുത്തിയിരുന്ന കാര്‍ഷിക വായ്പകള്‍ ഈ ദിവസങ്ങളില്‍ തന്നെ അടച്ചുതീര്‍ക്കുകയും ചെയ്തു.
കറന്‍സി പിന്‍വലിച്ചതിന് ശേഷം നവംബര്‍ 9 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

കൊച്ചി ∙ നീതിപൂർവമായ വിചാരണ നടക്കണമെങ്കിൽ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. അധികാരത്തിന്റെ പിൻബലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സാക്ഷികൾക്കും മേൽ സമ്മർദമുണ്ടാകാൻ സാധ്യതയേറെയാണ്. കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നതിൽ സംശയമില്ല.
മണിയപ്പോലെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്തൊരാളാകുമ്പോൾ, പ്രത്യേകിച്ചും. ഗുരുതരമായ നിയമ, ധാർമിക പ്രശ്നമാണ് ഉണ്ടായിട്ടുള്ളത്. ജുഡീഷ്യറിയുടെ പ്രവർത്തനം സ്വതന്ത്രമായി നടക്കുന്നതിനു സാഹചര്യം ഒരുക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിൽ മണിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണം. സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
തീരപരിപാലന നിയമവും പരിസ്ഥിതി നിയമങ്ങളുമൊക്കെ ലംഘിച്ചു കൊച്ചിയിൽ ഡിഎൽഎഫ് നിർമിച്ച പാർപ്പിട സമുച്ചയം ക്രമപ്പെടുത്താനുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിസാര പിഴ മാത്രം നൽകി നിർമാണം ക്രമപ്പെടുത്താനുള്ള വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നോട്ടു പിൻവലിക്കൽ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടും താൻ ചെയ്തതു മാത്രം ശരിയെന്ന നിലപാടാണു പ്രധാനമന്ത്രി സ്വീകരിക്കുന്നത്. 50 ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കുമെന്നു വാഗ്ദാനം നൽകി ജ‍നങ്ങളെ വഞ്ചിച്ച മോദി സർക്കാരിനെതിരെ 30 നു കോൺഗ്രസ് ബ്ലോക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

ഉണ്ണി കൊടുങ്ങല്ലൂര്‍

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കൊല്ലം ∙ കൊലക്കേസിൽ പ്രതിയായ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദൻപോലും ആവശ്യപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണല്ലോ രാജിവയ്ക്കാൻ പ്രശ്നം. ഇപ്പോൾ വി.എസും രാജിയാണു നിർദേശിച്ചിരിക്കുന്നത്. മണി ഇനിയും മന്ത്രിസ്ഥാനത്തു തുടരുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് വിഎസിന്റെ കത്തിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

ഉണ്ണി കൊടുങ്ങല്ലൂര്‍

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം ∙ അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തിൽ വ്യക്തമാക്കുന്നു.

Read More: കൊലക്കേസിൽ മന്ത്രി മണി പ്രതി തന്നെ
എന്നാൽ, മന്ത്രിസ്ഥാനത്ത് തുടരാൻ എം.എം.മണിക്ക് അയോഗ്യതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മണിയെ മാറ്റണമെന്ന വിഎസിന്റെ കത്തിനെക്കുറിച്ച് തനിക്കറിയില്ല. ഇ.പി. ജയരാജൻ രാജിവച്ച സാഹചര്യവുമായി ഇപ്പോഴത്തെ കാര്യങ്ങളെ ബന്ധിപ്പിക്കാനാകില്ല. മന്ത്രിയായശേഷം നേരിട്ട ആരോപണത്തിന്റെ പേരിലായിരുന്നു ജയരാജന്റെ രാജി. തന്റെ പേരിൽ കേസുണ്ടെന്ന് തുറന്നു പറഞ്ഞാണ് മണി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും ജയിച്ചതും– കോടിയേരി വ്യക്തമാക്കി.
മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണിക്ക് പൂർണ പിന്തുണ നൽകുന്നതായിരുന്നു പാർട്ടിയുടെ നിലപാട്. മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

Monday, 19 December 2016

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു


ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
Published: Dec 19, 2016, 03:45 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശരീഅത്ത് നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വത്ത് തര്‍ക്കവും വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ശരീഅത്ത് കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ശരീഅത്ത് കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Tuesday, 4 October 2016

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

കണ്ണൂര്‍/കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക്(ഐ.എസ്.) യുവാക്കളെ ആകര്‍ഷിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ 30അംഗ സംഘം. 'അന്‍സാറുല്‍ ഖലീഫ' എന്നപേരിലാണ് ഐ.എസ്സിന്റെ കേരളഘടകം പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ജില്ലകളിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) രഹസ്യാന്വേഷണവിഭാഗം കൈമാറി.

കൊച്ചിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാനുള്ള പദ്ധതിയുള്‍പ്പെടെ ഒട്ടേറെ 'ഓപ്പറേഷനുകള്‍' ഇവര്‍ ആസൂത്രണംചെയ്തിരുന്നു. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ കേരളത്തിലെ നാല് പ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. കൊച്ചിയില്‍ അക്രമം നടത്താനുള്ള പദ്ധതി പരാജയപ്പെട്ടതാണ് ഇവരിലേക്ക് എന്‍.ഐ.എ.ക്ക് വഴിതുറന്നത്.

കണ്ണൂര്‍ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും ഇവര്‍ക്കുണ്ട്. കേരളത്തില്‍നിന്ന് ഐ.എസ്സിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. നവമാധ്യമങ്ങളിലെ പത്തോളം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ആശയപ്രചാരണം നടത്തിയിരുന്നത്. ഇവയെല്ലാം എന്‍.ഐ.എ.യുടെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലാണ്.

ഇതിലൊരു ഗ്രൂപ്പിന്റെ അഡ്മിനാണ് കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ്. എട്ടുമാസം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ നേരത്തേ കോയമ്പത്തൂരില്‍ ഒരുമിച്ച് പഠിച്ചിരുന്നു. തീവ്രവാദചര്‍ച്ചകള്‍ക്കായി 'ടെലിഗ്രാം മെസഞ്ചറി'ലാണ് ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലി എന്ന വ്യാജപ്പേരിലാണ് മന്‍സീദ് ഗ്രൂപ്പിനെ നയിച്ചിരുന്നത്.

എന്‍.ഐ.എ. ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യാജപ്പേരില്‍ ഈ ഗ്രൂപ്പില്‍ കയറിപ്പറ്റിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. കൊച്ചിയിലെ ആക്രമണപദ്ധതിയും ഇവര്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തിരുന്നു. പദ്ധതി പൊളിഞ്ഞതോടെ ഗ്രൂപ്പ് നിശ്ചലമായി. ഗ്രൂപ്പില്‍ ഒറ്റുകാരനുണ്ടെന്ന സംശയമുയര്‍ന്നതോടെ ചര്‍ച്ച നേരിട്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിലെ കനകമലയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത് ചോര്‍ത്തിയെടുത്ത എന്‍.ഐ.എ. സംഘം ഇവരെ പിടികൂടുകയായിരുന്നു.

അന്വേഷണസംഘം കൊയിലാണ്ടിയിലെത്തിയപ്പോഴാണ് തീവ്രവാദസംഘത്തിലുള്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ണൂരിലെ കനകമലയിലുള്ള ടവറിനു സമീപമാണെന്നു സ്ഥിരീകരിക്കുന്നത്. അങ്ങനെയാണ് നേരിട്ടെത്തി കൈയോടെ അഞ്ചുപേരെയും പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് കുറ്റിയാടിയില്‍നിന്ന് ഒരാളെയും കോയമ്പത്തൂരില്‍നിന്ന് രണ്ടുപേരെയും അറസ്റ്റുചെയ്തു.

ഐ.എസ്സിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അറബിക് പുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ഇതും കൈമാറുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. തീവ്രവാദബന്ധം സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഐ.എസ്. പ്രചാരകരായ രണ്ടു മലയാളികള്‍ ബഹ്‌റൈനില്‍ ജയിലിലുണ്ട്. ഇവരും കേരളത്തിലെ സംഘത്തില്‍പ്പെട്ടവരാണ്. ഐ.എസ്. ക്യാമ്പിലേക്ക് വടക്കേ മലബാറില്‍നിന്ന് ആദ്യം ചേക്കേറിയത് കണ്ണൂരിലെ വളപട്ടണം, തലശ്ശേരി എന്നിവിടങ്ങളിലുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിനുശേഷമാണ് കാസര്‍കോട്ടുനിന്നുള്ളവര്‍ പോയത്. ഇതിലെല്ലാം കേരളത്തിലെ പ്രചാരകസംഘത്തിനു ബന്ധമുണ്ട്.

ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

ആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ; ഒരാൾ തിരുനൽവേലിയിൽ അറസ്റ്റിൽ

കൊച്ചി/ചെന്നൈ ∙ ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായ ആറു പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ഈ മാസം 14 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഐഎസ് ബന്ധം സംശയിക്കുന്ന സുബ്ഹാനി(21) എന്നയാളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിലാണു സ്ഥിരതാമസം. തൊടുപുഴയിലെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.
കൊച്ചിയിലെത്തിച്ച സുബ്ഹാനിയെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇതേസമയം, കേ‍‍ാളജ് വിദ്യാർഥി ഉൾപ്പെടെ നാലു യുവാക്കളെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരുടെ വീടുകൾ റെയ്ഡ്ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഏതുസമയത്തും ഹാജരാകാമെന്ന് എഴുതിവാങ്ങി വിട്ടയച്ചുവെന്നുമാണു സൂചന. കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട 10 പേരിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കണ്ണൂർ അണിയാരം മൻസീദ്(മുത്തുക്ക–30), രണ്ടാം പ്രതി തൃശൂർ ചേലാട് സ്വാലിഹ് മുഹമ്മദ്(26), മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് അലി(അബു ബഷീർ–29), നാലാം പ്രതി കുറ്റ്യാടി റംഷാദ് നംഗീലം(ആമു–24), ഒൻപതാം പ്രതി തിരൂർ പി.സഫ്‌വാൻ(30), പത്താം പ്രതി കുറ്റ്യാടി എൻ.കെ.ജാസിം(25) എന്നിവരെയാണു പ്രത്യേക കോടതി ജഡ്ജി കെ.എം.ബാലചന്ദ്രൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. എല്ലാവരെയും നവംബർ രണ്ടുവരെ റിമാൻഡ് ചെയ്തു. ഇവരുടെ സംഘത്തിലുള്ള ബാക്കി മൂന്നു പേരെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചു.
ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്. വൈകാതെ ഇവരും അറസ്റ്റിലാവുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ പെരിങ്ങത്തൂർ കനകമലയിലെ കശുമാവ് തോട്ടത്തിലാണു പ്രതികളിൽ അഞ്ചു പേർ സംഘം ചേർന്നത്. എൻഐഎ അഡീ.എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിരിച്ചറിയൽ പരേഡ് കഴിയും വരെ പ്രതികളുടെ മുഖംമറയ്ക്കാൻ കോടതി അന്വേഷണ സംഘത്തിന് അനുവാദം നൽകി.
സുബ്ഹാനിക്ക് പരിസരവാസികളുമായി ബന്ധമില്ല
ചെന്നൈ ∙ തിരുനെൽവേലി കടയനല്ലൂരിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുബ്ഹാനി. ഐഎസ് ബന്ധം സംശയിച്ചു നേരത്തേ അറസ്റ്റ് ചെയ്തവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുബ്ഹാനിയുടെ അറസ്റ്റ്. നാലുമാസമായി കടയനല്ലൂരിലെ ജ്വല്ലറിയിൽ 10,000 രൂപ ശമ്പളത്തിന് സെയിൽസ്മാനായി ജോലി നോക്കിവരികയായിരുന്നു.
ഭാര്യയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഞായർ അർധരാത്രിമുതൽ കടയനല്ലൂർ പൊലീസ് പള്ളിവാസൽ തെരുവിൽ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഇരുപതോളം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥരെത്തി സുബ്ഹാനെ കസ്റ്റഡിയിലെടുക്കുന്നത്. നാലുമാസമായി ഇവിടെ താമസിക്കുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലായൊന്നും അറിയില്ല. എല്ലാ ദിവസവും രാവിലെ ജ്വല്ലറിയിൽ പോയിട്ട് വൈകിയേ വരാറുള്ളുവെന്നും പരിസരവാസികളുമായി അധികം അടുപ്പമില്ലായിരുന്നുവെന്നും പറയുന്നു.
സുബ്ഹാനി മൂന്നുവർഷമായി തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ
തൊടുപുഴ ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു 40 വർഷം മുൻപു വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലെത്തിയയാളുടെ നാലു മക്കളിൽ മൂന്നാമനാണു സുബ്ഹാനി(30). തൊടുപുഴ നഗരത്തിലാണു പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനം. ഇതിനു തൊട്ടടുത്താണു പിതാവ് താമസിക്കുന്നത്. മറ്റു സഹോദരങ്ങൾ തൊടുപുഴയ്ക്കു സമീപമാണു താമസം. സ്കൂൾ, കംപ്യൂട്ടർ പഠനം തൊടുപുഴയിൽ പൂർത്തിയാക്കിയ സുബ്ഹാനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് തൊടുപുഴയിൽ തിരിച്ചെത്തി വസ്ത്രവ്യാപാരത്തിൽ പങ്കാളിയായി.
2012ൽ തിരുനെൽവേലിയിലേക്കു പോയ സുബ്ഹാനി അവിടെ കടയന്നൂർ സ്വദേശിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മക്കളില്ല. 2013ൽ വിദേശത്തേക്കു പോയ സുബ്ഹാനി ഇതിനു ശേഷം തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം സുബ്ഹാനിയുടെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു.
അടുത്തിടെ സഹോദരങ്ങളുടെ മക്കളിലൊരാൾ തിരുനെൽവേലിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയപ്പോൾ സുബ്ഹാനിയുടെ മൊബൈൽ ഫോൺ‌ നന്നാക്കാൻ കൊണ്ടുവന്നതായി എൻഐഎ അധികൃതർ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുമായാണ് ഉദ്യോഗസ്ഥർ തൊടുപുഴയിലെത്തിയത്. ഈ മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ സുബ്ഹാനി ആരെയൊക്കെ ഫോൺ ചെയ്തുവെന്നതിനെക്കുറിച്ച് വ്യക്തമാകൂവെന്ന് എൻഐഎ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഉക്കടത്ത് ചോദ്യം ചെയ്തവർ അറസ്റ്റിലായ പ്രതിയുടെ കൂട്ടുകാരെന്നു സംശയം
കോയമ്പത്തൂർ‌ ∙ ഉക്കടം ജി.എൻ. നഗറിലെ നാലുപേരെയാണ് എൻഐഎ കോയമ്പത്തൂരിൽ ചോദ്യം ചെയ്തത്. ഒരാൾ വിദ്യാർഥിയാണ്. കേരളത്തിൽ അറസ്റ്റിലായ ആറു പേരിൽ ജി.എൻ.നഗറിലെ അബു ബഷീറിനെ ചോദ്യംചെയ്തപ്പോഴാണ് ഈ നാലു യുവാക്കളെക്കുറിച്ചു സൂചനകൾ ലഭിച്ചതെന്നറിയുന്നു.
ഇവരുടെ വീടുകളിലും ബന്ധു വീടുകളിലും നടത്തിയ റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തതായാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്ത നാലു പേരെയും പുലർച്ചെ മൂന്നു മണിയോടെ വിട്ടയച്ചു. അബു ബഷീർ ഇവരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടതായാണ് വിവരം. വിദ്യാർഥി ഒഴികെയുള്ളവർ ബഷീറിന്റെ കൂട്ടുകാരാണെന്നും സംശയിക്കുന്നു.
പിടിയിലായവരിൽ സഹോദരങ്ങളുടെ മക്കളും
കണ്ണൂർ ∙ കനകമലയിൽനിന്നു പിടികൂടിയ സംഘത്തിലെ കുറ്റ്യാടിക്കാരനായ നങ്ങീലിക്കണ്ടി എൻ.കെ.ജാസിമും വളയന്നൂർ നങ്ങീലിക്കണ്ടി റംഷാദും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. ഇരുവരെയുംകുറിച്ച് നാട്ടുകാർക്കും കൂടുതൽ അറിവില്ല. ഇന്നലെ മുതൽ ഇരുവരുടെയും വീടുകൾ അടച്ചിട്ട നിലയിലാണ്. ലോക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്.

ഉണ്ണി കൊടുങ്ങല്ലൂര്‍
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.

ഓപ്പറേഷൻ ഐഎസ്; സംഘത്തിൽ 12 പേർ; ചാറ്റ് ഗ്രൂപ്പിൽ അന്വേഷകർ കയറിക്കൂടിയത് വ്യാജ പേരുകളിൽ

കോഴിക്കോട് ∙ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവർ ഐഎസിന്റെ കേരളഘടകമായി പ്രവർത്തിച്ചിരുന്ന അൻസാറുൽ ഖിലാഫയിലെ പ്രമുഖർ‌. ഇവരുടെ പ്രചാരണ വിഡിയോയും ഫെയ്സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചു.
12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. ‘അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. ‘കെഎൽ’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ. സംഘടനയുടെ പേരിൽ എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തി.
എസ്പി: എ.പി.ഷൗക്കത്തലി, ഡിവൈഎസ്പിമാരായ അബ്ദുൽഖാദർ, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എൻഐഎ നീക്കങ്ങൾ. സംസ്ഥാന, കേന്ദ്ര ഇന്റലിജൻസും ആഭ്യന്തര സുരക്ഷാവിഭാഗവും ശക്തമായ പിന്തുണ നൽകി. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ ആശയവിനിമയത്തിൽ, വ്യാജപ്പേരുകളിൽ ഏജൻസി അംഗങ്ങളും സജീവമായി പങ്കെടുത്തു. വ്യാജ ഐഡികൾ നേരത്തേതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചാണ് അന്വേഷകർ ഗ്രൂപ്പിൽ സജീവമായത്. സോഷ്യൽമീഡിയയിൽ ദേശ വിരുദ്ധ, വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ചു സൗഹൃദം സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിലേക്കെത്തിയത്.
ഗ്രൂപ്പിലെ ഓരോദിവസത്തെയും ആശയവിനിമയങ്ങൾ നിരീക്ഷിച്ചു. പലരും വന്നും പോയുമിരുന്നു. സ്ഥിരമായി സന്ദേശങ്ങളയച്ചിരുന്നതു 12 പേരായിരുന്നു. ഇവർ ഓരോരുത്തരെയും ഏജൻസികൾ ഇന്റർനെറ്റിലൂടെയും നേരിട്ടും പിന്തുടർന്നു. ഉറി ഭീകരാക്രമണ ദിവസം ഇന്ത്യൻ സൈന്യത്തിനെതിരെ സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇവയാണ് എൻഐഎ പ്രധാന തെളിവുകളായി കണ്ടെടുത്തിരിക്കുന്നത്. ഐഎസിന്റെ നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ പിന്തുടരാനുള്ള ആഹ്വാനങ്ങളുമുണ്ടായിരുന്നു. ആഴ്ചകൾക്കു മുൻപു കൊച്ചിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി യോഗത്തിലേക്കു ലോറി ഇടിച്ചു കയറ്റാനുള്ള ചർച്ചയാണു കണ്ണൂർ കനകമലയിലെ രഹസ്യയോഗത്തിലേക്കും അറസ്റ്റിലേക്കും വഴിതെളിച്ചത്.
യോഗത്തിലേക്കു ലോറിയിടിച്ചു കയറ്റാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഉടൻ രഹസ്യാന്വേഷണവിഭാഗം ഇടപെടുകയും കൊച്ചിയിലെ യോഗസ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ, ഗ്രൂപ്പിൽ ആരോ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇവർക്കു സംശയമുണർന്നു. തുടർന്നു ടെലിഗ്രാം ഗ്രൂപ്പ് മരവിപ്പിച്ചു. പിന്നീട് ഫെയ്സ്ബുക് മെസഞ്ചറിലൂടെ ഗ്രൂപ്പിലെ ഒറ്റുകാരനെ തിരിച്ചറിയാനായി ശ്രമം. അതിനായി പരസ്പരം കണ്ടു സംസാരിക്കാനാണു കണ്ണൂർ കനകമല തിരഞ്ഞെടുത്തത്. അതു ചോർത്തിയാണ് എൻഐഎ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ 12 പേരും മലയാളികളാണ്. ഇവരിൽ പലരും വിദേശത്താണ്. സംഘത്തലവനെന്ന് എൻഐഎ പറയുന്ന മൻസീദ് യോഗത്തിൽ പങ്കെടുക്കാനായി മാത്രം നാലുദിവസം മുൻപു വിദേശത്തുനിന്നെത്തിയതാണെന്ന് അന്വേഷകർ പറഞ്ഞു.
സെപ്റ്റംബർ 26ന് ഇയാളുടെ വ്യാജ ഐ‍ഡിയിൽനിന്നു ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത അറിയിപ്പിൽ പോരാട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാൻ ടെലിഗ്രാം ഐഡി (വിലാസം) നൽകിയിട്ടുണ്ട്. എത്രകാലം ഈ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു ഖിലാഫത്തുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ ടെലിഗ്രാം ഐഡിയിൽ ബന്ധപ്പെടണമെന്നുമാണു പോസ്റ്റ്. തിരിച്ചറിയപ്പെട്ട, രാജ്യത്തിനു പുറത്തുള്ള സംഘാംഗങ്ങളെ നാട്ടിലെത്തിക്കാനായി രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്താടെ എൻഐഎ നീക്കം തുടങ്ങിയിട്ടുണ്ട്.
മികച്ച വിദ്യാഭ്യാസം നേടിയവരാണു സംഘാംഗങ്ങളിൽ അധികവും. വീട്ടുകാർക്കുപോലും ഇവരുടെ നീക്കങ്ങളെക്കുറിച്ചു ധാരണയില്ലായിരുന്നുവെന്ന് അന്വേഷകർ പറയുന്നു. ഒരാൾ കൂടി അറസ്റ്റിൽ ഐഎസ് ബന്ധം സംശയിച്ച് തമിഴ്നാട്ടിലെ തിരുനൽവേലിയിൽ സുബ്ഹാനി എന്നയാളെ എൻഐഎ ഇന്നലെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിൽ സ്ഥിരതാമസമാക്കിയതാണ്. ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂരിൽ നാലു യുവാക്കളെ ചോദ്യം ചെയ്തു  

Tuesday, 27 September 2016

എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ക്ലാസിൽ പോയതിനു കുസാറ്റിലെ വിദ്യാർത്ഥിക്കു ക്രൂരമർദനം; പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്നു ഭീഷണിയും; എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു


കോഴിക്കോട്/കൊച്ചി: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിൽ പങ്കെടുക്കാതെ ക്ലാസിൽ കയറിയ വിദ്യാർത്ഥി റാഗിങ്ങിനെ ഭയന്ന് ആത്മഹത്യക്കു ശ്രമിച്ചു. ഒന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥി കോഴിക്കോട് കുറ്റ്യാടി ഊരത്ത് സ്വദേശി മുഹമ്മദ് ഷെറിനാണു സീനിയർ വിദ്യാർത്ഥികളുടെ ക്രൂരറാഗിങ്ങിനു വിധേയനായത്.
സംഭവത്തിൽ മനംനൊന്തു കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാർത്ഥി എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിക്കു നേരെ സംഘടിതമായ ആക്രമണം നടന്നത്. എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു ആക്രമണം നടത്തിയതെന്നു ഷെറിന്റെ സഹപാഠികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. 30 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
തുടർന്നു കോളേജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ പരാതി നൽകിയ വിവരവും ചൂണ്ടിക്കാട്ടി ഇതേസംഘം ഷെറിനു നേരെ നിരന്തരം ആക്രമണം നടത്തുകയായിരുന്നു. ഒടുവിൽ ഇന്നും മർദനം തുടർന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതെത്തുടർന്നു കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ക്യാമ്പസിൽ കയറി അക്രമം നടത്തിയതായി ഷെറിന്റെ സഹപാഠികൾ പറഞ്ഞു. ഷെറിൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണു വിവരം.

Sunday, 25 September 2016

അടുക്കളയിലെ സ്‌റ്റോറിൽ സൂക്ഷിച്ച അച്ചാർകുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു

ഉണ്ണി കൊടുങ്ങല്ലൂര്‍

അടുക്കളയിലെ സ്‌റ്റോറിൽ സൂക്ഷിച്ച അച്ചാർകുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു..! മേശപ്പുറത്തിരുന്ന അയൺ ബോക്‌സ് പത്തടി ദൂരത്തിലേക്ക് തെറിച്ചുവീണു..! റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനും പരിക്ക്: കാട്ടാക്കടയിലെ വീട്ടിൽ ഇന്നലെ നടന്നത് ചാത്തനേറോ?

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തു നിന്നും ചാത്തനേറ് കഥകളും കിംവതന്ദികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം കഥകൾക്ക് മേമ്പൊടി കൂടിയാകുമ്പോൾ പലപ്പോഴും ആധികാരികതയും കൈവരും. അത്തരമൊരു കഥയാണ് ഇന്നലെ കാട്ടാക്കടയ്ക്ക് സമീപത്തെ മംഗലക്കൽ പ്ലാവൂരിൽ ഉണ്ടായത്. ഒരു വീട്ടിലെ സാധനങ്ങൾ തനിയെ വീണുടഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ പലരും ചാത്തനേറാണെന്ന് സംശയിച്ചു. ഇതോടെ വീട്ടിലെ അസ്വഭാവിക സംഭവങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ആളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. ചാത്തനേറാണെന്ന കഥയും പരന്നു. ഒടുവിൽ വീട്ടിലേക്ക് ആളുകൾ പ്രവഹിച്ചതോടെ കാട്ടക്കട സിഐ എടക്കമുള്ളവർ സ്ഥലത്തെത്തി.
പ്ലാവൂർ തട്ടാംവിളാകം സുരേഷിന്റെ വീട്ടിലാണ് അസ്വഭാവിക സംഭവങ്ങൾ നടന്നത്. വീട്ടിലെ സാധനങ്ങൾ അന്തരീക്ഷത്തിലൂടെ പറന്നു പോയെന്നാണ് വീട്ടുകാർ പറഞ്ഞത്. ഇന്നലെ രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം ഉണ്ടായത്. അടുക്കളയിലെ സ്‌റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന അച്ചാർ കുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു, മേശപ്പുറത്തിരുന്ന അയൺ ബോക്‌സ് പത്തടിയോളം ദൂരത്തു തെറിച്ചു വീണു തുടങ്ങിയ അസ്വാഭാവിക സംഭവങ്ങളാണ് നടന്നത്. ഇതിനിടെ ഹാളിൽ കിടന്നിരുന്ന കസേര തെറിച്ചു മാറിയെന്നും വീട്ടമ്മയായ രാഗിണി പറഞ്ഞു.
ഇങ്ങനെ അസ്വഭാവിക സംഭവം നടക്കുമ്പോൾ വീട്ടമ്മയും ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ മകൻ ഗോവിന്ദും മാത്രമാണ് ഉണ്ടായിരുന്നത്. സമാനമായ അനുഭവം ആദ്യമായല്ലെന്നാണ് ഇവർ പറയുന്നത്. പലപ്പോഴും ഇത്തരത്തിൽ വീട്ടിൽ നിന്നും സാധനങ്ങൾ വീണുടഞ്ഞിട്ടുണ്ടെന്നാണ് വീട്ടുകാർ പറഞ്ഞത്. ചില സമയങ്ങളിൽ ഭർത്താവായ സുരേഷും സംഭവങ്ങൾക്കു സാക്ഷിയാണെന്നും രാഗിണി പറഞ്ഞു. ഒരാഴ്ചയായി വീടിനുള്ളിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടതായും ശബ്ദംകേട്ട ഭാഗത്തു എത്തി പരിശോധിക്കുമ്പോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല എന്നും ഇവർ പറയുന്നു.
ഇത് മാത്രമല്ല, സംഭവമെന്നാണ് വീട്ടമ്മ പറയുന്നത്. ഒരിക്കൽ വീട്ടിൽ പാചകം ചെയ്യാനായി അടുപ്പില് വച്ച അടുത്ത മുറിയിൽ പോയ സമയം പാത്രത്തോടെ മീൻകറി നിലത്തു വീണുമെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ, ഇന്നലെ തീർത്തും അസ്വഭാവികമായ സംഭവം അരങ്ങേറിയപ്പോഴാണ് വീട്ടുകാർ അയൽവാസികളോട് കാര്യം പറഞ്ഞത്. ഇതോടെയാണ് നാട്ടുകാർ വീട്ടിലെത്തിയത്. തുടർന്ന് ബന്ധു വീടിനുള്ളിൽ പരിശോധന നടത്തവേ വെള്ളം നിറച്ച ജഗ് ഇയാളുടെ ശരീരത്തിൽ പതിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയായിത. ചാത്തനേറെന്ന് ശങ്ക പരന്നതോടെ മാദ്ധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ എന്തോ ഒരു സാധനം പത്രക്കാരന്റെ തലയിലും പതിച്ചു.
ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. സംഭവ സമയം കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ,പഞ്ചായത്തു അംഗങ്ങൾ തുടങ്ങിയവരും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ചിലർ അസ്വാഭാവിക സംഭവങ്ങളെ കുറിച്ചു പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടുകാരെയും നാട്ടുകാരിൽ ചിലരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തൽക്കാലം ഇവരോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് കേട്ടറിഞ്ഞ് ജനപ്രവാഹം തന്നെയാണ് വീട്ടിലേക്കെത്തിയത്. ഇതോടെ വീണ്ടും പൊലീസിന് ഇവിടെയെത്തേണ്ടി വന്നു. സംഭവത്തെ കുറിച്ച് കൂടുതൽ നിരീക്ഷണം നടത്തിയാലെ കാരണം കണ്ടെത്താനാകു എന്നാണു പൊലീസ് പറയുന്നത്. ചാത്തനേറാണെന്ന വാദത്തെ പലരും തള്ളിക്കളയുന്നുണ്ട്. പൊലീസ് മറയിൽ കൈകാര്യം ചെയ്താൽ വിഷയം എളുപ്പം കണ്ടെത്താൻ സാധിക്കുമെന്നാണ് നാട്ടുകാരിൽ ചിലരുടെ പക്ഷം.

നാസയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
കംലാപൂരില്‍ നടന്ന സ്വതന്ത്യദിന ചടങ്ങില്‍ അന്‍സാര്‍ഖാനെ ആദരിച്ചപ്പോള്‍. ഫോട്ടോ കടപ്പാട്: എന്‍.ഡി.ടി.വി  
കംലാപൂരില്‍ നടന്ന സ്വതന്ത്യദിന ചടങ്ങില്‍ അന്‍സാര്‍ഖാനെ ആദരിച്ചപ്പോള്‍. ഫോട്ടോ കടപ്പാട്: എന്‍.ഡി.ടി.വി  

നാസയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍


പന്ത്രണ്ടാം ക്ലാസ് വദ്യാഭ്യാസം മാത്രമുള്ള അന്‍സാര്‍ ഖാന് 1.85 ശമ്പളത്തില്‍ നാസയില്‍ ജോലി കിട്ടിയതറിഞ്ഞ പ്രദേശവാസികള്‍ ആഘോഷിക്കുകയും ചെയ്തു
Published: Sep 25, 2016, 04:09 PM IST

ഭോപ്പാല്‍: നാസയില്‍ 1.85 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തോടു കൂടി ജോലി ലഭിച്ചെന്ന് പറഞ്ഞ്‌ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. മധ്യപ്രദേശിലാണ് സംഭവം. കംലാപൂര്‍ സ്വദേശിയായ 20 വയസുകാരന്‍ അന്‍സാര്‍ഖാനാണ് ഒരു ഗ്രാമത്തെ മുഴുവന്‍ കബളിപ്പിച്ചത്.
 അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ സെപെയ്‌സ് ആന്‍ ഫുഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ തനിക്ക് ജോലി ലഭിച്ചെന്നായിരുന്നു അന്‍സാര്‍ ഖാന്റെ അവകാശ വാദം.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അന്‍സാര്‍ ഖാന് 1.85 കോടി രൂപ ശമ്പളത്തില്‍ നാസയില്‍ ജോലി കിട്ടിയതറിഞ്ഞ പ്രദേശവാസികള്‍ ആഘോഷിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒപ്പോടു കൂടിയ ഐഡന്റിറ്റി കാര്‍ഡും ഇയാള്‍ എല്ലാവരേയും കാണിച്ച് വിശ്വസിപ്പിച്ചു.

കംലാപൂരില്‍ സ്വതന്ത്ര്യ ദിനത്തില്‍ രാഷ്ട്രീയ നേതാക്കളക്കം പങ്കെടുത്ത ചടങ്ങില്‍ അന്‍സാര്‍ഖാനെ ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ശുക്ലയ്ക്ക് ഇയാളുടെ ഐഡന്റിന്റി കാര്‍ഡില്‍ കണ്ട ഒബാമയുടെ ഒപ്പില്‍ സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന്‌ ശുക്ല രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഇയാളെ പോലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇതിനിടെ നാസയിലെ ശമ്പളം കിട്ടിയിട്ട് തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Thursday, 22 September 2016

പെല്ലറ്റ് , ബുള്ളറ്റ് , ബാല്ലറ്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk22/09/2016IndiaPage Views 27
Posted BY web desk22/09/2016IndiaPage Views 27

പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു കശ്മീര്‍ ഹൈക്കോടതി തളളി


ജമ്മു: കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ജമ്മു-കശ്മീര്‍ ഹൈക്കോടതി തളളി
. അപൂര്‍വ്വമായ സാഹചര്യത്തിലാണ് പെല്ലറ്റ് തോക്കുകള്‍ സൈന്യം ഉപയോഗിക്കുന്നതെന്നും ഇത് വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
കശ്മീരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാസേന പലപ്പോഴും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റീസ് എന്‍ പോള്‍ വസന്തകുമാറും ജസ്റ്റീസ് അലി മൊഹമ്മദ് മാഗ്രെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രതിഷേധക്കാര്‍ കലാപത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ചുമതലപ്പെട്ടവര്‍ സേനയെ അതിനായി നിയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് പെല്ലറ്റ് തോക്കുകളുടെ ഉപയോഗം വിലക്കാനാകില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പൂര്‍ണമായി വിലക്കാനാകില്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളക് ഗ്രനേഡുകള്‍ ഉപയോഗിക്കാമെങ്കിലും അവശ്യഘട്ടങ്ങളില്‍ പെല്ലറ്റ് തോക്കുകള്‍ തന്നെ വേണ്ടി വരുമെന്നായിരുന്നു സമിതിയുടെ നിഗമനം.

Sunday, 18 September 2016

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

ഷൊര്‍ണൂര്‍: കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അജ്ഞാതന്‍ ടെലിഫോണിലൂടെ ഭീഷണി മുഴക്കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഭീഷണി.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണി സന്ദേശം. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുംവരെ കേസിന്റെ പിന്നാലെ പോകുമെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

Friday, 16 September 2016

സൗമ്യ കേസിന്റെ തലവര മാറ്റിയ ആ മധ്യവയസ്‌കന്‍ ആരാണ്?

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗമ്യ കേസിന്റെ തലവര മാറ്റിയ ആ മധ്യവയസ്‌കന്‍ ആരാണ്?


അടുത്ത ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍ - ടോമി ദേവസ്യ - അലാം ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്
Published: September 16, 2016, 07:11 PM IST

കോഴിക്കോട്:  സൗമ്യ വധക്കേസില്‍ കൊലപാതക കുറ്റത്തില്‍ നിന്നും വധശിക്ഷയില്‍നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ കാരണമായത് അജ്ഞാതനായ ഒരു മധ്യവയസ്‌കനാണോ... അങ്ങനെയെങ്കില്‍ ആരാണയാള്‍... കവിയും ഇടതു സഹയാത്രികനുമായ പ്രഭാ വര്‍മ്മ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച ചില സംശയങ്ങളാണിത്.
അടുത്ത ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍ - ടോമി ദേവസ്യ - അലാം ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിന്‍ വലിക്കുന്നയാളെ ഇയാള്‍ പിന്തിരിപ്പിച്ചത് എന്ന് സുപ്രീംകോടതിയുടെ വിധിയിലുണ്ട്.
ഈ മധ്യവയസ്‌ക്കന്റെ വാക്കുകള്‍ ഉദ്ധരണിയായി കേസില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.
ട്രെയിനില്‍ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കില്‍ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്. മധ്യവയസ്‌ക്കന്റെ വാക്കുകളുടെ പഴുതിലൂടെയാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിധിയുടെ ചില ഭാഗങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മധ്യവയസ്‌കനെ കണ്ടെത്താന്‍ ആരു ശ്രമിച്ചില്ല. ഈ വഴിക്ക് പോലീസ് മാധ്യമങ്ങളോ അന്വേഷണം നടത്തിയില്ല. ഇനിയും വൈകിയിട്ടില്ലെന്നും ആ അജ്ഞാതനെ കണ്ടെത്തണമെന്നും മാധ്യമങ്ങള്‍ അതിനു വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം ചേര്‍ക്കുന്നു.
സത്യം തുറന്നു പറയാന്‍ അജ്ഞാതനായ ആ മധ്യവയസ്‌കനോട് പുറത്തു വരാനും പ്രഭാ വര്‍മ പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസിന്റെ ഗതി ഇനി ഈ മധ്യവയസ്‌കന്റെ വാക്കുകളിലാണെന്നും അദ്ദേഹം മനസ്സ് തുറക്കെട്ടെയെന്നും അങ്ങനെ വര്‍ഗീസ് വധക്കേസിലെന്നപോലെ കേസിന്റെ അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തുറക്കപ്പെടട്ടെയെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Tuesday, 13 September 2016

കാവേരി കത്തുന്നു .മനോരമ

ഉണ്ണി കൊടുങ്ങല്ലൂര്‍

കാവേരി കത്തുന്നു: ബെംഗളൂരുവിൽ അക്രമം; നിരോധനാജ്ഞ

ബെംഗളൂരു/ചെന്നൈ ∙ കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കർണാടകയിൽ പ്രതിഷേധം ആളിക്കത്തി. ഹെഗ്ഗനഹള്ളിയിൽ പൊലീസ് വാൻ ആക്രമിച്ചവർക്കു നേരെ അർധസൈനിക വിഭാഗം നടത്തിയ വെടിപയ്പിൽ ഒരാൾ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം. ബെംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിൽ ബലിപെരുന്നാൾ ഇന്നായതിനാൽ ഈദ്ഗാഹുകൾക്ക് ഇളവുണ്ട്. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി. സംസ്ഥാനമാകെ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.

കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകൾ റദ്ദാക്കിയത് ഓണത്തിനു നാട്ടിൽ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. കേരളസർക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഇന്നു പകൽ 11.15നു ബെംഗളൂരു സിറ്റി സ്റ്റേഷനിൽനിന്നു തിരുവനന്തപുരത്തേക്കു സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കണ്ണൂരിലേക്കും ട്രെയിൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർക്കായി ഷൊർണൂരിൽനിന്നു കണക്‌ഷൻ സർവീസാകും ഏർപ്പെടുത്തുക.

മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ കുടുങ്ങിയവരുമായി അഞ്ചു കേരള ആർടിസി ബസുകൾ രാത്രി 12നു ശേഷം കാസർകോട്ടേക്കു പുറപ്പെട്ടു. പൊലീസ് അകമ്പടിയോടെ ഹാസൻ വഴിയായിരുന്നു യാത്ര. എല്ലാവർക്കും കാസർകോട്ടുനിന്നു തുടർയാത്രയ്ക്കും സൗകര്യമൊരുക്കും.
സംഘർഷത്തെത്തുടർന്നു 39 കെഎസ്ആർടിസി ബസുകൾ കർണാടകയിൽ കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ കർണാടക എമർജെൻസി കോ– ഓർഡിനേറ്ററും എടപ്പാൾ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കർണാടക സർക്കാർ നിയോഗിച്ചു.

ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരിൽ ലോറികളും കത്തിച്ചു. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾക്കു തീയിട്ടു. അമ്പതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരുവിലെ വീടിനു നേരെയും കല്ലേറുണ്ടായി.

ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാൻ കർണാടക സർക്കാർ അഭ്യർഥിച്ചു.

ബെംഗളൂരുവിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മെട്രോ, ബെംഗളൂരു മെ‌ട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ ബസുകൾ, ഓട്ടോ, ടാക്സി കാബ് എന്നിവയെല്ലാം മുടങ്ങി. പലയിടത്തും ടയറുകൾ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചു. തമിഴ്നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകർത്തു.മഡിവാളയിൽ സ്വകാര്യ ബസ് ഏജൻസി ഓഫിസുകളെല്ലാം അടച്ചിട്ടു. സമരത്തിന്റെ ഗതി അനുസരിച്ചാകും ഇന്നു ബസുകൾ ഓടുക.

കർണാടകയിൽ ഇന്ന് ഓഫിസുകൾക്കും സ്കൂളുകൾക്കും ഈദ് അവധിയാണ്. എന്നാൽ ഐടി കമ്പനികൾക്ക് ഇന്നലെയായിരുന്നു അവധി. പ്രവർത്തിച്ച ചുരുക്കം ഐടി കമ്പനികളിൽ ബെന്നാർഘട്ട റോഡിലെ കൺവേർജിസിനു നേരെ കല്ലേറുണ്ടായി. ഐടി കമ്പനികൾക്ക് ഇന്നു പ്രവൃത്തിദിവസമാണെങ്കിലും സംഘർഷം കണക്കിലെടുത്തു വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവദിച്ചേക്കും.

സുപ്രീം കോടതി വിധി വരുന്നതിനു മുൻപ്, തമിഴ്നാട്ടിൽ ചെന്നൈയിലും രാമേശ്വരത്തും അക്രമങ്ങളുണ്ടായി. ചെന്നൈയിൽ കർണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. കർണാടക വാഹനങ്ങൾ ആക്രമിച്ചു. രാമേശ്വരത്തു കന്നഡിഗ യുവാവിനെ മർദിച്ചു. ചെന്നൈയിലെ കർണാടക ബാങ്ക് ശാഖകൾ, കർണാടക മാനേജ്മെന്റുകളുടെ സ്കൂളുകൾ എന്നിവയ്ക്ക് ഇന്നലെ ഉച്ച കഴിഞ്ഞ് അവധി നൽകി.
പ്രതിഷേധം ആളിക്കത്തിയതിവിടെ

ബെംഗളൂരു
∙ കെങ്കേരി: ഗോഡൗണിൽ നിർത്തിയിട്ടിരുന്ന 32 തമിഴ്നാട് സ്വകാര്യ ബസുകൾ കത്തിച്ചു ചാമ്പലാക്കി.
∙ മൈസൂരു റോഡ്: അഡയാർ ആനന്ദഭവൻ ഹോട്ടൽ അടിച്ചുതകർത്തു. തടിമില്ലിൽ നിർത്തിയിട്ടിരുന്ന 25 തമിഴ്നാട് ലോറികൾ കത്തിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തമിഴ്നാട് റിസർവേഷൻ കൗണ്ടർ അടിച്ചുതകർത്തു.
∙ നായന്തഹള്ളി: രണ്ടു ബസുകളും നാലു ലോറികളും കത്തിച്ചു.
∙ മല്ലേശ്വരം: മന്ത്രിസ്ക്വയർ മാൾ അടപ്പിച്ചു.
∙ മഡിവാള: കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ഭൂരിഭാഗവും പുറപ്പെടുന്ന മഡിവാളയിൽ സ്വകാര്യ ട്രാവൽ ഏജൻസികൾ അടപ്പിച്ചു.
∙ ബെന്നാർഘട്ടെ റോഡ്: അഡയാർ ആനന്ദഭവൻ ഹോട്ടലിനു നേരെ ആക്രമണം. ബിടിഎം ലേഔട്ടിൽ തമിഴ്നാട് ബൈക്ക് കത്തിച്ചു.
∙ യെലഹങ്ക: തമിഴ്നാട് റജിസ്ട്രേഷൻ വാഹനങ്ങൾക്കു കല്ലേറ്
∙ ഇന്ദിരാനഗർ: മൊബൈൽ കടയ്ക്കും ഹോട്ടലിനും കല്ലേറ്
∙ യശ്വന്തപുര: മൊത്തവ്യാപാര വിപണനകേന്ദ്രമായ എപിഎംസി യാഡിൽ വ്യാപാരം നിർത്തിവച്ചു.
∙ വിജയനഗർ: തമിഴ്നാട് റജിസ്ട്രേഷൻ കാർ മറിച്ചിട്ടു, തല്ലിത്തകർത്തു.

മൈസൂരു
∙ രാമാനുജ റോഡ്: തമിഴ്നാട് റജിസ്ട്രേഷൻ കാർ കത്തിച്ചു. മർദനമേറ്റ കാർഡ്രൈവർ ഓടിരക്ഷപ്പെട്ടു.
∙ നഞ്ചൻഗുഡ് റോഡ്: എപിഎംസി യാഡിൽ രണ്ടു തമിഴ്നാട് ലോറികൾ കത്തിച്ചു.

ചാമരാജ്നഗർ

∙ തമിഴ്നാട് വാഹനത്തിനു കല്ലേറ്. ഇവിടെ തമിഴ്നാട് അതിർത്തിയിലെ ചെക്പോസ്റ്റ് അടച്ചു.

മണ്ഡ്യ
∙ശ്രീരംഗപട്ടണം: ബെഗളൂരു–മൈസൂരു ദേശീയപാതയിൽ തമിഴ്നാട് വാഹനങ്ങൾക്കു കല്ലേറ്.
∙ മദ്ദൂർ: പ്രതിഷേധത്തിനിടെ യുവാവ് തീയിൽചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
∙ ഇന്ദവലു: തമിഴ്നാട് വാഹനങ്ങൾക്കു കല്ലേറ്.
∙ പാണ്ഡവപുര: തമിഴ്നാട്ടുകാർക്കു നേരെ ആക്രമണം, ആറു കടകൾ തകർത്തു. ഇവിടെ നിരോധനാജ്ഞ.

Sunday, 11 September 2016

ആനക്ക് അടി തെറ്റുമോ

ഉണ്ണി കൊടുങ്ങല്ലൂര്‍

വരവു ചെലവ് പൊരുത്തപ്പെടുന്നില്ല; വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

തിരുവനന്തപുരം ∙ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിൽ സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെതിരെ വിജിലൻസ് കേസ് എടുക്കാമെന്നു നിയമോപദേശം. അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്തുസമ്പാദനം എന്നിവ അന്വേഷിച്ച വിജിലൻസ് കേസെടുക്കുന്നതിന് നിയമോപദേശം തേടിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷൽ സെൽ എസ്.പി: രാജേന്ദ്രൻ നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്. വി.എ.അരുൺ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ. വി.എ.അരുൺകുമാർ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായിരിക്കെ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദനം, കയർഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകൾ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.
വിമാനയാത്രയുടെ പൂർണ്ണത്തുകയുടെ വിവരങ്ങൾ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവു കണക്കാക്കിയത്. വി.എ.അരുൺ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലൻസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്തായിരുന്നു അരുൺ കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
എന്നാൽ, സർക്കാരിന്റെ കാലാവധി തീരുന്നതിനുമുൻപ് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നില്ല. ആദ്യം വിജിലൻസ് സ്പെഷൽ സെൽ എസ്പിയായിരുന്ന വി.എൻ.ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രൻ, അരുൺകുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.

Saturday, 10 September 2016

ബുൾബുൾ റോയി ചെയർപഴ്സണായി വിജയിച്ച വിദ്യാർഥിനിയെ എസ്എഫ്ഐ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചു by സ്വന്തം ലേഖകൻ ManoramaOnline | Friday 09 September 2016 11:24 PM IST കുമളി∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകർ ബലമായി രാജിവയ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു ഗേറ്റ് ഉള്ളിൽ നിന്നു പൂട്ടി.കുമളി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്നലെ വൈകിട്ടാണു സംഭവം. വ്യാഴാഴ്ച നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിദ്യാർഥിനിയായ ബുൾബുൾ റോയി എതിരില്ലാതെ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിർ സ്ഥാനാർഥിയും എസ്എഫ്ഐയുടെ പ്രതിനിധിയുമായിരുന്ന ജിതിന്റെ നാമനിർദേശ പത്രിക ഫീസ് കുടിശികയായതിനെ തുടർന്നു തള്ളിപ്പോയി. ഇതോടെയാണു ബുൾബുൾ റോയി തിരഞ്ഞെടുക്കപ്പെട്ടത്. ബുൾബുൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിതാവിനെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ബുൾബുൾ റോയി രാജിവച്ചെന്നാണ് ആരോപണം. തുടർന്നു സ്ഥാനാർഥി അല്ലാതിരുന്ന എസ്എഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ ചെയർമാനായി പ്രഖ്യാപിച്ചു. ബുൾബുൾ റോയിയുമായി കോളജ് പരിസരത്തു സംസാരിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റശ്രമം നടത്തി. ഗേറ്റ് പൂട്ടുകയും ചെയ്തു. സംഭവങ്ങൾ പകർത്തിയ ബുൾബുൾ റോയിയുടെ ഫോൺ പിടിച്ചുവാങ്ങി. പൊലീസ് എത്തി മാധ്യമ പ്രവർത്തകരും കോളജ് അധികൃതരുമായി ചർച്ച നടത്തി മണിക്കൂറുകൾക്കു ശേഷമാണു മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ എസ്എഫ്ഐക്കാർ അനുവദിച്ചത്.തന്നെ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചതും ഫോൺ ബലമായി പിടിച്ചുവാങ്ങി പരസ്യമായി അപമാനിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ചു വനിതാ കമ്മിഷനു പരാതി നൽകുമെന്നു ബുൾബുൾ റോയി പറഞ്ഞു.അതേസമയം, കോളജിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇതു സംബന്ധിച്ച പ്രചാരണങ്ങൾ ശരിയല്ലെന്നും കോളജ് മാനേജർ ഫാ.ഫിലിപ്പ് വട്ടമറ്റം പറഞ്ഞു. ബുൾബുൾ റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, മാധ്യമപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നും എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസലും പറഞ്ഞു. © Copyright 2016 Manoramaonline. All rights reserved

ഉണ്ണി കൊടുങ്ങല്ലൂര്‍ബുൾബുൾ റോയി

ചെയർപഴ്സണായി വിജയിച്ച വിദ്യാർഥിനിയെ എസ്എഫ്ഐ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചു

കുമളി∙  കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകർ ബലമായി രാജിവയ്പിച്ചു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു ഗേറ്റ് ഉള്ളിൽ നിന്നു പൂട്ടി.കുമളി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്നലെ വൈകിട്ടാണു സംഭവം. വ്യാഴാഴ്ച നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിദ്യാർഥിനിയായ ബുൾബുൾ റോയി എതിരില്ലാതെ ചെയർപഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിർ സ്ഥാനാർഥിയും എസ്എഫ്ഐയുടെ പ്രതിനിധിയുമായിരുന്ന ജിതിന്റെ നാമനിർദേശ പത്രിക ഫീസ് കുടിശികയായതിനെ തുടർന്നു തള്ളിപ്പോയി. ഇതോടെയാണു ബുൾബുൾ റോയി തിരഞ്ഞെടുക്കപ്പെട്ടത്.
ബുൾബുൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിതാവിനെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ബുൾബുൾ റോയി രാജിവച്ചെന്നാണ് ആരോപണം. തുടർന്നു സ്ഥാനാർഥി അല്ലാതിരുന്ന എസ്എഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ ചെയർമാനായി പ്രഖ്യാപിച്ചു. ബുൾബുൾ റോയിയുമായി കോളജ് പരിസരത്തു സംസാരിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റശ്രമം നടത്തി. ഗേറ്റ് പൂട്ടുകയും ചെയ്തു. സംഭവങ്ങൾ പകർത്തിയ ബുൾബുൾ റോയിയുടെ ഫോൺ പിടിച്ചുവാങ്ങി.
പൊലീസ് എത്തി മാധ്യമ പ്രവർത്തകരും കോളജ് അധികൃതരുമായി ചർച്ച നടത്തി മണിക്കൂറുകൾക്കു ശേഷമാണു മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ എസ്എഫ്ഐക്കാർ അനുവദിച്ചത്.തന്നെ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചതും ഫോൺ ബലമായി പിടിച്ചുവാങ്ങി പരസ്യമായി അപമാനിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ചു വനിതാ കമ്മിഷനു പരാതി നൽകുമെന്നു ബുൾബുൾ റോയി പറഞ്ഞു.അതേസമയം, കോളജിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇതു സംബന്ധിച്ച പ്രചാരണങ്ങൾ ശരിയല്ലെന്നും കോളജ് മാനേജർ ഫാ.ഫിലിപ്പ് വട്ടമറ്റം പറഞ്ഞു. ബുൾബുൾ റോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, മാധ്യമപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നും എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസലും പറഞ്ഞു.

Wednesday, 7 September 2016

കേസ് രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനകം എഫ്ഐആർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു സുപ്രീം കോടതി; കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഉത്തരവു ബാധകം marunadanmalayali.com ന്യൂഡൽഹി: പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു സുപ്രീം കോടതി. യൂത്ത് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപക് മിശ്രയും സി. നാഗപ്പനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രഭരണപ്രദേശങ്ങൾക്കും എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഉൾപ്രദേശങ്ങളിൽ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ ഈ സമയപരിധി 72 മണിക്കൂർ വരെയാകാം. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം, നുഴഞ്ഞുകയറ്റം പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ തുടങ്ങിയ കേസുകളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. എഫ്ഐആർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തില്ലെന്ന കാരണത്താൽ കേസുകൾ കോടതിയിലെത്തുമ്പോൾ പ്രതികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇത് പരിഗണിക്കില്ല. 48 മണിക്കൂറിനുള്ളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യുന്ന കാര്യമാണ് പരിഗണിച്ചതെങ്കിലും ഒടുവിൽ 24 മണിക്കൂറായി നിശ്ചയിക്കുകയായിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ ചുവട് പിടിച്ചാണ് യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. www.marunadanmalayali.com © Copyright 2016. All rights reserved.

കേസ് രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനകം എഫ്ഐആർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു സുപ്രീം കോടതി; കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഉത്തരവു ബാധകം

ന്യൂഡൽഹി: പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു സുപ്രീം കോടതി. യൂത്ത് ലോയേഴ്സ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസുമാരായ ദീപക് മിശ്രയും സി. നാഗപ്പനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രഭരണപ്രദേശങ്ങൾക്കും എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ഉൾപ്രദേശങ്ങളിൽ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ ഈ സമയപരിധി 72 മണിക്കൂർ വരെയാകാം. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം, നുഴഞ്ഞുകയറ്റം പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ തുടങ്ങിയ കേസുകളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. എഫ്ഐആർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തില്ലെന്ന കാരണത്താൽ കേസുകൾ കോടതിയിലെത്തുമ്പോൾ പ്രതികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മുൻകൂർ ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇത് പരിഗണിക്കില്ല. 48 മണിക്കൂറിനുള്ളിൽ എഫ്ഐആർ അപ്ലോഡ് ചെയ്യുന്ന കാര്യമാണ് പരിഗണിച്ചതെങ്കിലും ഒടുവിൽ 24 മണിക്കൂറായി നിശ്ചയിക്കുകയായിരുന്നു.
ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ ചുവട് പിടിച്ചാണ് യൂത്ത് ലോയേഴ്സ് അസോസിയേഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി.