
ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്05 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍
വിക്ഷേപണം വിജയം; ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം ഭ്രമണപഥത്തില്‍
കാലാവസ്ഥാ നിരീക്ഷണരംഗത്ത് ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം സമ്മാനിക്കുന്നതാണ് ഇന്‍സാറ്റ്-3ഡിആര്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണം
September 8, 2016, 05:08 PM ISTഇന്ത്യയുടെ പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിആറിന്റെ ( INSAT-3DR ) വിക്ഷേപണം വിജയം. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി -എഫ്05 ( GSLV-F05 ) റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വൈകിട്ട് 4.50 ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ് ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ചു. പിന്നീട് ഉപഗ്രഹത്തിനൊപ്പമുള്ള പ്രൊപ്പലന്റാണ് ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സുരക്ഷിതമായി സ്ഥാപിച്ചത്.
നേരത്തെ നിശ്ചയിച്ചതിലും 40 മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായെന്ന വിവരം 5.15 ഓടെ ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി ഐഎസ്ആര്‍ഒ അറിയിച്ചു.
ഉപഗ്രഹ നിര്‍മാണ, വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ ശക്തി ഉറപ്പിക്കുന്നതാണ് ഈ വിക്ഷേപണ വിജയമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. 'ചന്ദ്രയാന്‍-രണ്ട്' അടക്കമുള്ള പദ്ധതികള്‍ക്ക് ജിഎസ്എല്‍വി റോക്കറ്റുകളെയാണ് ഐഎസ്ആര്‍ഒ ആശ്രയിക്കുന്നത്. 415 ടണ്‍ ആണ് റോക്കറ്റിന്റെ ഭാരം.

ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി.
കൂടാതെ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന പിഎസ്എല്‍വി റോക്കറ്റില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള വിശ്വാസം ജിഎസ്എല്‍വിയിലും നേടിയെടുക്കാന്‍ ഈ വിക്ഷേപണ വിജയത്തിലൂടെ കഴിയുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണരംഗത്ത് വന്‍മുന്നേറ്റമാകും ഇന്‍സാറ്റ് -3ഡിആറിന്റെ വിക്ഷേപണം.

* നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനം. ഓസോണ്‍ പാളിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി അറിയാം.
* ഉപഗ്രഹത്തിലെ ക്യാമറകള്‍ ഓരോ 30 മിനിറ്റിലും ഇന്ത്യയുടെ ചിത്രങ്ങള്‍ പകര്‍ത്തും (36,000 കിലോമീറ്റര്‍ ദൂര പരിധി). സൗണ്ടറുകള്‍ ഓരോ മണിക്കൂറിലും അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനങ്ങള്‍ പരിശോധിക്കും.
* അന്തരീക്ഷ താപനില, സാന്ദ്രത, ഓസോണ്‍ എന്നിങ്ങനെ മൂന്ന് മേഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇന്‍സാറ്റ് - 3ഡിആര്‍ നല്‍കുന്നത്.
* ഉപഗ്രഹത്തിലെ ആറ് ഹൈ റസല്യൂഷന്‍ ക്യാമറകള്‍ പകല്‍ സമയങ്ങളില്‍ കൃത്യമായി ചിത്രങ്ങള്‍ നല്‍കും
* ഇന്‍ഫ്രാറെഡ് ചാനലുകള്‍ രാത്രിയും പകലും വിവരങ്ങള്‍ നല്‍കും. മേഘങ്ങളുടെ സഞ്ചാരം, കാറ്റ്, സമുദ്രോപരിതലത്തില്‍ ഉണ്ടാകുന്ന താപനില, മലിനീകരണത്തിന്റെ അളവ് എന്നിവ അറിയാം. മഞ്ഞുവീഴ്ച, അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് തുടങ്ങിയവ കൃത്യമായി മനസിലാക്കാം
* ഉപഗ്രഹത്തിലെ സ്‌കാനറുകളുടെ സഹായത്തോടെ ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ സ്‌കാനറുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാം
* വ്യോമ,കപ്പല്‍ ഗതാഗത മേഖലകളിലെ കാലാവസ്ഥ പ്രവചനം കാര്യക്ഷമമാകും. തീരസംരക്ഷണ സേന, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഷിപ്പിങ്, പ്രതിരോധ, ഫിഷറീസ് വകുപ്പുകള്‍ പ്രധാന ഉപയോക്താക്കള്‍
* ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ന്യൂഡല്‍ഹിയിലെ ഇന്‍സാറ്റ് മെറ്ററോളജിക്കല്‍ ഡാറ്റ പ്രൊസസിങ് സിസ്റ്റവും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററും സംയുക്തമായിട്ടാണ് പരിശോധിക്കുന്നത്
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment