Sunday, 18 September 2016

എമിറേറ്റ്സ് വിമാനം: യാത്രക്കാർ മര്യാദകുറവ് കാണിച്ചെന്ന്

ഉണ്ണി കൊടുങ്ങല്ലൂര്‍

എമിറേറ്റ്സ് വിമാനം: യാത്രക്കാർ മര്യാദകുറവ് കാണിച്ചെന്ന്

ദുബായ് എയർപോർട്ടിൽ ലാൻഡിങ്ങിനിടെ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർ മര്യാദകുറവ് കാണിച്ചെന്ന് അന്വേഷ റിപ്പോർട്ട്. യാത്രക്കാരിൽ ചിലർ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയെന്നും യുഎഇ ഏവിയേഷൻ അതോറിറ്റി തയാറാക്കിയ റിപ്പോർട്ടിലുണ്ട്.
ബോയിങ് 777-300 വിമാനം EK521 ല്‍ 282 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. യാത്രക്കാരിൽ 80 ശതമാനം പേരും ഇന്ത്യക്കാരായിരുന്നു. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ– 'വിമാനം പൂര്‍ണ്ണമായും നില്‍ക്കുന്നതിനു മുന്‍പേ, റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ യാത്രക്കാർ സീറ്റ്‌ബെല്‍റ്റ് ഊരി മാറ്റി എണീറ്റ് നില്‍ക്കാന്‍ തുടങ്ങിയിരുന്നു. യാത്രക്കാരോട് ഇരിക്കാന്‍ പറഞ്ഞു നിരവധിതവണ അനൗന്‍സ്‌മെന്റ് ചെയ്തു.
ചില ‌യാത്രക്കാർ ഉറക്കെ അലറി വിളിക്കുകയും മറ്റു ചിലര്‍ തങ്ങളുടെ സാധനങ്ങള്‍ക്കായി അന്വേഷിച്ചു നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുറത്തേയ്ക്കുള്ള ഡോര്‍ തുറക്കാനായി കാബിന്‍ ക്രൂ അംഗങ്ങളോടു പറഞ്ഞു. കാബിന്‍ ക്രൂവിന്റെ സുരക്ഷാനിര്‍ദേശങ്ങള്‍ പിന്തുടരുകയും ബാഗുകള്‍ തല്ക്കാലം അവിടെത്തന്നെ വച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് പറയുകയും ചെയ്തു. എന്നാല്‍ ആളുകള്‍ അതനുസരിച്ചില്ല. എന്നു മാത്രമല്ല മുഴുവന്‍ സാധനങ്ങളും എടുത്തുകൊണ്ടു പുറത്തേയ്ക്ക് തള്ളിത്തിരക്കി ഇറങ്ങുകയും ചെയ്തു.' വിമാനം അപകടത്തിലാകാൻ കാരണം ക്രാഷ് ലാന്റിങ്ങായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. വിമാനം ഇറങ്ങുന്നതിനു തൊട്ടു മുൻപെ കാറ്റിന്റെ ഗതി മാറിയിരുന്നു.
യാത്രക്കാരുടെ വെപ്രാളം മുഴുവന്‍ പകര്‍ത്തിയ വൈറല്‍ വിഡിയോ പകർത്തിയത് മലയാളി തന്നെയാണ്. യുഎസ് മലയാളി റിയ ജോര്‍ജ് എന്ന പതിനെഴുകാരിയാണ് സോഷ്യൽമീഡിയയിൽ വൈറലായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നാട്ടില്‍ ഒഴിവുകാലം ചെലവഴിച്ച ശേഷം തിരിച്ചു പോവുകയായിരുന്നു റിയ. അടിയന്തരഘട്ടത്തില്‍ യാത്രക്കാർ എങ്ങനെ പ്രതികരിക്കുന്നുവെന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അതാണ് ഈ വിഡിയോയ്ക്ക് പിന്നിലെ പ്രചോദനമെന്നും റിയ പറഞ്ഞു.
പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയത്. ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടസമയം കനത്ത പൊടിക്കാറ്റും വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയർ ട്രാഫിക് മാനേജർ കീഴുദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയിരുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണ രംഗത്തെ വിദഗ്ധർ എന്നിവരും അന്വേഷണവുമായി സഹകരിച്ചതായി അധികൃതർ പറഞ്ഞു.

No comments :

Post a Comment