Sunday, 18 September 2016

ഉറി ഭീകരാക്രമണത്തിനു പാക്ക് പിന്തുണ; ഭീകരർ എത്തിയത് യുദ്ധ സന്നാഹത്തോടെ

ഉണ്ണി കൊടുങ്ങല്ലൂര്‍
ആക്രമണം നടന്ന ഉറിയിലെ സൈനിക കേന്ദ്രത്തിനു പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ സേന.
ആക്രമണം നടന്ന ഉറിയിലെ സൈനിക കേന്ദ്രത്തിനു പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ സേന.

ഉറി ഭീകരാക്രമണത്തിനു പാക്ക് പിന്തുണ; ഭീകരർ എത്തിയത് യുദ്ധ സന്നാഹത്തോടെ

ശ്രീനഗർ∙ കശ്മീരിലെ ഉറിയിൽ 17 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദാണെന്ന് സൈന്യം. നിയന്ത്രണ രേഖയോടു ചേർന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തിൽ 17 ജവാൻമാർ കൊല്ലപ്പെടുകയും 20 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 12 ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.
2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സൈനിക കേന്ദ്രത്തിനുള്ളിൽ ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട നാലുപേരും ജെയ്ഷെ മുഹമ്മദ് ഭീകരർ ആണ്. ഇവർ നുഴഞ്ഞു കയറിയതിനു തെളിവു ലഭിച്ചിട്ടുണ്ട്. ഭീകരരുടെ പക്കൽനിന്നു പാക് നിർമിത വസ്തുക്കൾ, നാല് എകെ 47 തോക്കുകൾ, നാലു ഗ്രനേഡ് ലോഞ്ചറുകൾ, യുദ്ധത്തിന് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെത്തി. ഭീകരരെല്ലാം ഇന്ത്യയ്ക്കു പുറത്തുനിന്നുള്ളവരാണ്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഡിജിഎംഒ ലഫ്.ജനറൽ രൺബീർ സിങ് അറിയിച്ചു.
ശ്രീനഗർ – മുസഫറാബാദ് ദേശീയപാതയ്ക്ക് അരികിലുള്ള സൈനിക കേന്ദ്രത്തിൽ പുലർച്ചെ നാലുമണിയോടെയാണ് ഭീകരർ ആക്രമണം തുടങ്ങിയത്. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. കമാൻഡോ ശൈലിയിൽ എത്തിയ ഭീകരർ സൈനികർക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. സൈനികര്‍ വിശ്രമിച്ചിരുന്ന ടെന്റുകളിലേക്കു ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയും ചെയ്തു. ആക്രമണത്തിൽ ചില ബാരക്കുകൾക്കു തീപിടിച്ചാണ് 12 ജവാന്മാര്‍ കൊല്ലപ്പെട്ടത്.
പരുക്കേറ്റ സൈനികരെ 70 കിലോമീറ്റർ അകലെയുള്ള സൈനിക ആശുപത്രിയിലേക്കു ഹെലിക്കോപ്റ്ററിലാണ് എത്തിച്ചത്.
ആക്രമണം നടന്ന ഉറിയിലെ സൈനിക കേന്ദ്രത്തിൽനിന്നുള്ള ദൃശ്യങ്ങൾ.
തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. പതിനൊന്നുമണിവരെ നീണ്ട ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിക്കാന്‍ കഴിഞ്ഞെങ്കിലും അഞ്ചു ജവാന്‍മാര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. ഇരുപതോളം സൈനികര്‍ക്കു പരുക്കേറ്റു.
കശ്മീരിലെ ഏറ്റവും വലിയ ജില്ലയായ ബാരാമുള്ളയിലെ ഉറിയില്‍ തന്ത്രപ്രധാനമേഖലയിലാണ് ആക്രമണം ഉണ്ടായ പന്ത്രണ്ടാം ബ്രിഗേഡ് ആസ്ഥാനം.
ഉറിയിലെ ഭീകരാക്രമണത്തെ തുടർന്ന് പാക്ക് പതാക കത്തിക്കുന്നവർ
ഈ മേഖലയുടെ പ്രത്യേകതകള്‍:
∙ അതിര്‍ത്തി നിയന്ത്രണ രേഖയോടുചേര്‍ന്ന സൈനിക താവളം
∙ ശ്രീനഗര്‍ - മുസഫറാബാദ് ഹൈവേയുടെ സുപ്രധാനഭാഗമാണ് ഇവിടം
∙ മുസഫറാബാദ് - റാവല്‍പിണ്ടി താഴ്‌വരയുടെ മധ്യത്തിലാണ് താവളം സ്ഥിതി ചെയ്യുന്നത്
∙ സൈനികകേന്ദ്രത്തില്‍ മറ്റ് ക്യാംപുകളെ അപേക്ഷിച്ച് സൈനികരുടെ എണ്ണം ഇവിടെ കൂടുതലാണ്.
പുലര്‍ച്ചെ ഡ്യൂട്ടി മാറുന്ന സമയത്താണ് ആക്രമണം നടന്നത്.
ഭീകരാക്രമണത്തെത്തുടർന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ഗവർണർ, മുഖ്യമന്ത്രി എന്നിവരുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ രാജ്നാഥ് സിങ് ആഭ്യന്തര സെക്രട്ടറിയോടും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്നാഥ് സിങ്ങിന്റെ റഷ്യ, യുഎസ് സന്ദർശനം ആക്രമണത്തെത്തുടർന്നു റദ്ദാക്കി. പ്രതിരോധമന്ത്രി മനോഹർ പരീക്കറും കരസേനാ മേധാവി ജനറൽ ദൽബീർ സിങ്ങും കശ്മീരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗവും ചേര്‍ന്നു.

No comments :

Post a Comment