homeകേരളത്തിലെ രണ്ടുലക്ഷത്തോളം വരുന്ന ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് അഞ്ചുകൊല്ലം കൊണ്ട് വീട് നല്‍കുകയെന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയ്ക്കാണ് ചൊവ്വാഴ്ച മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. Livelihood, Inclusion, Financial Empowerment(LIFE) എന്നാണ് ഭവന പദ്ധതിയ്ക്ക് പേരിട്ടത്. തദ്ദേശസ്വയംഭരണ -സാമൂഹികക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് പദ്ധതിയ്ക്ക് തുടക്കമാകും.
വീട് നല്‍കുന്നതിനൊപ്പം മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ജീവനോപാധികള്‍ ഉറപ്പാക്കുക, സാമ്പത്തികമായി ശാക്തീകരിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. വൈദ്യുതി, വെള്ളം, ശുചിത്വസൗകര്യം, പാചക ഇന്ധനം, സുരക്ഷ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമേ കുട്ടികള്‍ക്കുള്ള ക്രഷ് മുതല്‍ പാലിയേറ്റീവ് കെയര്‍ വരെ വിഭാവനം ചെയ്യുന്നു.
പദ്ധതി ആര്‍ക്കൊക്കെ?
4.70 ലക്ഷം കുടുംബങ്ങളെയാണ് ഭവനരഹിതരായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 2.91 ലക്ഷമാണ്. ഭൂമിയും വീടുമില്ലാത്തത് 1.79 ലക്ഷം കുടുംബങ്ങള്‍ക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ടുലക്ഷത്തോളം പേരെയാണ് ഗുണഭോക്താക്കളാക്കുന്നത്.
ഗുണഭോക്താക്കളെ നാലായി തിരിച്ചാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
1.ഭൂമിയുള്ള ഭവനരഹിതര്‍
2.നേരത്തേ ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടും അപര്യാപ്തമായതിനാല്‍ വീടുപണി പാതിവഴിയില്‍ നിന്നു പോയവര്‍
3.പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍
4.ഭൂമിയും വീടുമില്ലാത്തവര്‍
സാമൂഹിക മാനദണ്ഡങ്ങള്‍ പരിഗണിച്ച് അര്‍ഹരെ തീരുമാനിക്കും. സ്ത്രീകള്‍ നാഥകളായ കുടുംബങ്ങള്‍, ഒറ്റപ്പെട്ട സ്ത്രീകള്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവരുള്ള കുടുംബങ്ങള്‍, ഗുരുതര രോഗബാധയുള്ളവരുള്ള കുടുംബങ്ങള്‍, 15 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍, പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍, വൃദ്ധരുള്ള കുടുംബങ്ങള്‍, കലാപത്തിലോ പ്രകൃതിദുരന്തത്തിലോ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ എന്നിങ്ങനെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.
നടപ്പാക്കുന്നതെങ്ങനെ?
ഗുണഭോക്താക്കളില്‍ ആദ്യ രണ്ടുവിഭാഗത്തിനും ആവശ്യമായ തുക പി.ഡബ്ല്യൂ.ഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ബ്ലോക്ക് തലത്തിലുറപ്പാക്കും. ഇതിനായി എഞ്ചിനിയറിംഗ് കോളേജുകളുടെ മേല്‍നോട്ടമുണ്ടാകും. നിര്‍മ്മാണ പുരോഗതി ജനങ്ങളെ അറിയിക്കാന്‍ ഇന്റര്‍നെറ്റിലൂടെ മോണിറ്ററിംഗ് സംവിധാനമേര്‍പ്പെടുത്തും.
മൂന്നും നാലും വിഭാഗങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങളാണ് ഉദ്ദേശിക്കുന്നത്. 100 വീടുള്ള ഒരു കോംപ്ലക്സിന് 92 സെന്റ് മതിയാകുമെന്നാണ് കണക്കാക്കുന്നത്. അതായത് രണ്ടുലക്ഷത്തോളം പേര്‍ക്ക് ആറായിരത്തിന് പകരം 1140 ഏക്കര്‍ സ്ഥലം മാത്രം മതിയാകും. സമുച്ചയങ്ങളില്‍ അങ്കണവാടി, സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംവിധാനം, പഠനത്തില്‍ പിന്നാക്കമുള്ളവര്‍ക്ക് പ്രത്യേക കോച്ചിങ്, ഇംഗ്ലീഷ് -ഐടി പഠനത്തിന് ഊന്നല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സലിങ്, നൈപുണ്യ പരിശീലനം, ഉന്നതവിദ്യാഭ്യാസ പരിശീലനം, ആരോഗ്യ പരിരക്ഷ, വിവാഹ സഹായം, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ എന്നിങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കും.
സംസ്ഥാന പാര്‍പ്പിട മിഷന്റെ കീഴില്‍ സംസ്ഥാന-ജില്ലാ-പഞ്ചായത്ത് എന്നിങ്ങനെ ത്രിതല സംവിധാനമായാകും നടപ്പാക്കുന്നത്. മുഖ്യമന്ത്രിയാണ് മിഷന്റെ അദ്ധ്യക്ഷന്‍. തദ്ദേശ സ്വയംഭരണ മന്ത്രിയാണ് ഉപാദ്ധ്യക്ഷന്‍. ധനകാര്യ-ഭവന നിര്‍മ്മാണ-സാമൂഹിക ക്ഷേമ-വൈദ്യുതി-ജലവിഭവ-തൊഴില്‍-എസ്.സി, എസ്.ടി-തൊഴില്‍ വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനും ഉപാദ്ധ്യക്ഷരാകും. പ്രതിപക്ഷ നേതാവിനെ പ്രത്യേക ക്ഷണിതാവാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ്് സെക്രട്ടറിയെ മിഷന്‍ സെക്രട്ടറിയായും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എം.എല്‍.എമാര്‍, മേല്‍പ്പറഞ്ഞ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍,ആരോഗ്യം -വിദ്യാഭ്യാസം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ മിഷന്‍ അംഗങ്ങളാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ചെയര്‍മാനായ ടാസ്‌ക്ഫോഴ്സ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യും.
സര്‍ക്കാര്‍ ഫണ്ടിനു പുറമേ, കോര്‍പ്പേറേറ്റ് കമ്പനികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവയ്ക്കുന്ന തുക,സംഭാവനകള്‍,പ്രവാസികളുടെയും സര്‍ക്കാരിതര ഏജന്‍സികളുടെയും സഹായം എന്നിവ പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
പ്രത്യേകം ശ്രദ്ധിക്കാന്‍
താമസിക്കാനല്ലാതെ വസ്തു കൈമാറ്റം ചെയ്യാന്‍ ഗുണഭോക്താവിന് അവകാശമുണ്ടാകില്ല. വാടകയ്ക്ക് കൊടുക്കാനുമാകില്ല. പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാനാകും. അതിജീവന മന്ദിരങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. നിശ്ചിത തുക 15-20 കൊല്ലം കൊണ്ട് ക്രമമായി അടച്ച് വീട് സ്വന്തമാക്കാം.