Sunday, 18 September 2016

കുറച്ചു ശ്രദ്ധിച്ചാൽ വണ്ടി വഴിയിൽ കിടക്കില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

കുറച്ചു ശ്രദ്ധിച്ചാൽ വണ്ടി വഴിയിൽ കിടക്കില്ല


കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്തില്ലെങ്കില്‍ പലപ്പോഴും വഴിയില്‍ ബ്രേക്ക് ഡൗണായി കിടക്കേണ്ടി വരും

പുതിയ കാര്‍ വാങ്ങിയാല്‍ പുതുമോടിയില്‍ മാത്രം ശ്രദ്ധയും പരിചരണവും നല്‍കുന്നതാണ് പൊതുവെ നമ്മള്‍ മലയാളികളുടെ ശീലം. എന്നാല്‍ എല്ലായിപ്പോഴും കൃത്യമായി മെയിന്റനന്‍സ് നടത്തിയില്ലെങ്കില്‍ വാഹനം പണിമുടക്കുമെന്നുറപ്പാണ്. കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്തില്ലെങ്കില്‍ പലപ്പോഴും വഴിയില്‍ ബ്രേക്ക്ഡൗണായി കിടക്കേണ്ടി വരും. ഒരു ദൂരയാത്രക്കിടയില്‍ രാത്രിയിലോ മറ്റോ കാര്‍ പണിമുടക്കിയാല്‍ ചുറ്റിയത് തന്നെ, അപ്പോള്‍ മാത്രമാണ് സ്ഥിരമായി സര്‍വീസ് നടത്താത്തതിനെ കുറിച്ചോര്‍ത്ത് പലരും ഖേദിക്കുക.
അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു. വാഹനത്തെക്കുറിച്ച് കൃത്യമായി ധാരണയില്ലാത്തവര്‍ വാഹനത്തിനൊപ്പം ലഭിക്കുന്ന യൂസേഴ്സ് മാന്വല്‍ ശ്രദ്ധയോടെ വായിച്ചു മനസിലാക്കുകയാണ് ആദ്യ പടി. പ്രാഥമികമായി ഒറ്റയ്ക്കുതന്നെ ചെയ്യാവുന്ന മെയ്ന്റനന്‍സ് വര്‍ക്കുകള്‍ വീട്ടിലിരുന്നുതന്നെ പരിഹരിക്കുന്നതാണ് നല്ലത്. കമ്പനി നിര്‍ദേശിക്കുന്ന കിലോമീറ്ററുകളില്‍ സര്‍വീസ് ചെയ്യാനും മറക്കരുത്.
  • വാഹനം ഓടിക്കുമ്പോള്‍ വയറുകളോ മറ്റോ കത്തിനശിച്ച ഗന്ധം അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തി ബോണറ്റ് തുറന്ന് ബാറ്ററിയില്‍ നിന്നും കണക്ഷന്‍ വേര്‍പ്പെടുത്തണം. എന്നിട്ട് ഒരു ഓട്ടോമൊബൈല്‍ ഇലക്ട്രിഷ്യന്റെ സഹായം തേടാം. എഞ്ചിനുള്ളിലെ സൗണ്ട്/ഹീറ്റ് പ്രൂഫ് ലൈനിങ് കത്തിയാലും ഇത്തരത്തിലുള്ള ഗന്ധമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ധന ടാങ്കിന്റെ വെന്റിന് പ്രശ്നമുണ്ടാവുമ്പോഴും ഇന്ധനം നിറഞ്ഞു കവിയുമ്പോഴും ഇന്ധനത്തിന്റെ ഗന്ധം അനുഭവപ്പെടാം.
  • എന്‍ജിനില്‍ നിന്നും ഓയിലിന്റെ ഗന്ധമനുഭവപ്പെട്ടാല്‍  ശ്രദ്ധിക്കണം. ഓയില്‍ പഴകിയ അവസരത്തിലും കത്തിനശിക്കുന്ന അവസരത്തിലും ഇത്തരം ഗന്ധം അനുഭവപ്പെടാം. റബ്ബര്‍ കത്തിയ ഗന്ധമുണ്ടാവുന്ന അവസരത്തില്‍ രണ്ടു സാധ്യതകളാണുള്ളത്. ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വണ്ടിയോടിക്കുന്ന അവസരത്തിലും ടയറുകള്‍ അമിതമായി ചൂടാവുന്ന അവസരത്തിലും ഇങ്ങനെ സംഭവിക്കാം.
  • സാധാരണ ഗതിയില്‍ ഒാടിക്കുമ്പോഴും ഫ്രണ്ട് വീലുകളില്‍ നിന്ന് ബോള്‍ട്ടിളകുന്ന തരത്തിലുള്ള ശബ്ദമുണ്ടായാല്‍ മുന്നിലെ ഷാഫ്റ്റ് പരിശോധിക്കണം. ഫാന്‍ബെല്‍റ്റില്‍ പ്രശ്‌നമുണ്ടാവുമ്പോഴും അസാധാരണമായ ശബ്ദം അനുഭവപ്പെടും. വീല്‍ ബെയറിങ്ങുകള്‍ കേടാവുമ്പോല്‍ വീലുകളില്‍ നിന്നും താളാത്മകമായ രീതിയില്‍ അസാധാരണമായ ശബ്ദം അനുഭവപ്പെടാം. 
  • മഴക്കാലത്ത് കാറിനുള്ളില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയാണെങ്കില്‍ ഫ്ളോർ കാര്‍പ്പെറ്റുകൾ പരിശോധിക്കണം. കാര്‍പ്പെറ്റിനടിയില്‍ വെള്ളം കെട്ടി നിന്നാല്‍ കാര്‍പ്പെറ്റ് നാശമാവുക മാത്രമല്ല ഫ്ളോർ തുരുമ്പെടുക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കലെങ്കിലും കാര്‍പ്പെറ്റെടുത്ത് വൃത്തിയാക്കുക വഴി ഇതൊഴിവാക്കാവുന്നതാണ്. 
  • ഗിയര്‍ മാറാന്‍ സമയമാവുമ്പോള്‍ ഉണ്ടാവുന്ന തരം 'നോക്ക്' (എഞ്ചിൻ അടിക്കുന്ന ശബ്ദം) അല്ലാത്ത അവസരങ്ങളിലും ഉണ്ടാവുകയാണെങ്കില്‍ എഞ്ചിനിൽ കാര്യമായ തകരാറുണ്ടാവാന്‍ സാധ്യതയുണ്ട്. ഒാടിക്കുന്ന അവസരത്തില്‍ സൈലന്‍സറിലൂടെ പടക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദം (ബാക്ക്-ഫയറിങ്) ഉണ്ടാവുന്ന അവസരത്തിലും ഉടനടി സര്‍വീസ് സെന്ററില്‍ കാണിച്ചിരിക്കണം.
  • മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്‌ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് കുറവ് നികത്തണം, രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനമാണെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിക്കുന്നതും നല്ലതാണ്.

No comments :

Post a Comment