Sunday, 18 September 2016

വാഹന ഇൻഷുറൻസ്: നേട്ടമുണ്ടാക്കാൻ വഴികളേറെ

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹന ഇൻഷുറൻസ്: നേട്ടമുണ്ടാക്കാൻ വഴികളേറെ


ഇൻഷുർ ചെയ്യുന്ന വാഹനത്തിന് ക്ലെയിം ഒന്നും ഇല്ലെങ്കിൽ ഓരോ വർഷവും ഇൻഷുർ ചെയ്യുന്ന വ്യക്തിക്ക് ‘നോ ക്ലെയിം ബോണസ്’ ലഭ്യമാണ്. ഇത് പോളിസി പുതുക്കുമ്പോൾ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


# വിശ്വനാഥൻ ഒടാട്ട്

വാഹന ഉടമകളെ പലപ്പോഴും കുഴയ്ക്കുന്ന കാര്യമാണ് വാഹന ഇൻഷുറൻസ്. ഉയർന്ന പ്രീമിയമാണ് ഒരു തലവേദന. ക്ലെയിം കിട്ടാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്നം. എന്നാൽ, ഏതൊരു വാഹനവും ഇൻഷുർ ചെയ്യുമ്പോൾ അടിസ്ഥാനപരമായി കാര്യങ്ങൾ അറിഞ്ഞാൽ, ശരിയായ രീതിയിൽ, കുറഞ്ഞ നിരക്കിൽ ഇൻഷുർ ചെയ്യാനാകും. ക്ലെയിമുണ്ടായാൽ എളുപ്പത്തിൽ കിട്ടാനും സാധിക്കുന്നു. പ്രീമിയത്തിൽ ഡിസ്കൗണ്ട് ലഭിക്കാനും ക്ലെയിമുകൾ എളുപ്പത്തിൽ കിട്ടാനുമുള്ള വഴികളാണ് ഇവിടെ വിവരിക്കുന്നത്:
1. ഇന്ത്യയിൽ വാഹന ഇൻഷുറൻസ് മേഖലയിൽ ഡീ-താരിഫ് നിലവിലുള്ളതിനാൽ വിവിധ കമ്പനികളുടെ പ്രീമിയത്തിൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ, പോളിസികൾ താരതമ്യം ചെയ്തശേഷം മാത്രം വാങ്ങുക.
2. പുതുതായി വാഹനം ഇൻഷുർ ചെയ്യുമ്പോൾ വാഹന വിലയുടെ 95 ശതമാനത്തിനാണ് ഇൻഷുർ ചെയ്യുക. ഓരോ വർഷം കഴിയുംതോറും ഇൻഷുർ ചെയ്യേണ്ട തുക ഇൻഷുറൻസ് കമ്പനികൾ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത തുകയ്ക്ക് (ഐ.ഡി.വി.) മാത്രമേ ഇൻഷുർ ചെയ്യാവൂ.
3. വാഹനങ്ങൾ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്, പ്രസ്തുത ആവശ്യത്തിന് മാത്രമേ ഇൻഷുർ ചെയ്യാനും ഉപയോഗിക്കാനും അനുവാദമുള്ളു. കാരണം, സ്വകാര്യ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും പ്രീമിയത്തിൽ വലിയ മാറ്റമുണ്ട്. മാത്രമല്ല, ഒരു ക്ലെയിം വന്നാൽ കിട്ടാൻ ബുദ്ധിമുട്ടാണുതാനും.
4. ഇൻഷുർ ചെയ്യുന്ന വാഹനത്തിന് ക്ലെയിം ഒന്നും ഇല്ലെങ്കിൽ ഓരോ വർഷവും ഇൻഷുർ ചെയ്യുന്ന വ്യക്തിക്ക് ‘നോ ക്ലെയിം ബോണസ്’ ലഭ്യമാണ്. ഇത് പോളിസി പുതുക്കുമ്പോൾ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ, നിങ്ങളുടെ പഴയ വാഹനം മാറ്റി പുതിയത് വാങ്ങുമ്പോൾ പഴയ വണ്ടിയുടെ നോ ക്ലെയിം ബോണസ് പുതുതായി വാങ്ങുന്ന വാഹനത്തിന് നൽകാനും വ്യവസ്ഥയുണ്ട്. ഈ ആനുകൂല്യം മൂന്ന് വർഷത്തിനുള്ളിൽ ലഭ്യമാക്കിയാലും മതി.
5. ഏതൊരു വാഹനം ഇൻഷുർ ചെയ്യുമ്പോഴും അതിന്റെ കപ്പാസിറ്റി കൃത്യമായി നൽകണം. ചെറുകിട വാഹനത്തിന് ക്യുബിക് കപ്പാസിറ്റിയാണ് നൽകേണ്ടത്. എന്നാൽ, ചരക്ക് വാഹനങ്ങൾക്ക് ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (ജി.വി.ഡബ്ല്യു.), യാത്രാ വാഹനങ്ങൾക്ക് യാത്രക്കാരുടെ എണ്ണം എന്നിവ കൃത്യമായി നൽകേണ്ടതുണ്ട്.
6. വാഹനത്തിന് രണ്ടുതരം പോളിസികളാണ് ഉള്ളത് -ലയബിലിറ്റി ഇൻഷുറൻസ്, പാക്കേജ് പോളിസി. വിവിധ കമ്പനികളുടെ പാക്കേജ് പോളിസികൾ താരതമ്യം ചെയ്താൽ, തേയ്മാനം കണക്കാക്കാതെ ക്ലെയിം നൽകുന്ന പോളിസികൾ, വാഹനത്തിന്റെ ഇൻവോയ്‌സ് തുക കണക്കാക്കി നൽകുന്ന പോളിസികൾ എന്നിങ്ങനെ പലതരം റിസ്കുകളും കവർ ചെയ്യുന്ന പോളിസികളുണ്ട്. നമ്മുടെ ആവശ്യവും പ്രീമിയം നിരക്കും അറിഞ്ഞ ശേഷം ഇൻഷുർ ചെയ്യുക.
7. പാക്കേജ് പോളിസിയിൽ ക്ലെയിം ഉണ്ടായാൽ ഒരു നിശ്ചിത തുക വരെ ക്ലെയിം ചെയ്യാൻ പാടില്ല എന്ന നിബന്ധനയുണ്ട്. ഇതിനെ ‘കമ്പൽസറി എക്സസ്’ എന്നാണ് പറയുക (ഉദാ: സ്വകാര്യ കാറുകൾക്ക് 1,000- 1,500 രൂപ വരെ ക്ലെയിം നല്കാറില്ല). തന്മൂലം ചെറിയ ക്ലെയിമുകൾ ഒഴിവാക്കാനും നോ ക്ലെയിം ബോണസ് നിലനിർത്താനും കഴിയുന്നു. ഇതു കൂടാതെ വാഹന ഉടമയ്ക്ക് സ്വന്തമായി (വളന്ററി എക്സസ്) ഒരു തുക നിശ്ചയിച്ച് അത്രയും തുക വരെ ക്ലെയിം ചെയ്യാതിരുന്നാൽ പ്രീമിയത്തിൽ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഇക്കാര്യം ശരിയായി അറിഞ്ഞില്ലെങ്കിൽ പലരും പ്രീമിയത്തിൽ കുറവ് നൽകുകയും ഒരു ക്ലെയിമിനായി സമീപിക്കുമ്പോൾ കിട്ടാതെ വരികയും ചെയ്യും.
8. വാണിജ്യ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായോ അല്ലാതെയോ ദീർഘകാലം നിർത്തിയിരിക്കുകയോ ഓടാതിരിക്കുകയോ ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം (ഫോം ജി). ഈ രേഖകൾ ഇൻഷുറൻസ് കമ്പനിയിൽ നൽകി ഇൻഷുറൻസ് കാലാവധി കൂട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചാൽ വാഹനം നിർത്തിയിടുന്ന കാലമത്രയും ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് ലഭിക്കും.
9. വാഹനം കൈകാര്യം ചെയ്യുന്നത്  മുൻ പരിചയമുള്ളവരാണെങ്കിലും പ്രൊഫഷണലുകൾ, കമ്പനി എക്സിക്യൂട്ടീവ് എന്നിവരാണെങ്കിലും ചില സ്വകാര്യ കമ്പനികൾ കൂടുതൽ ഡിസ്കൗണ്ട് നൽകുന്നുണ്ട്.
10. വാഹനത്തിന് ചെറിയ അപകടങ്ങൾ ഉണ്ടായാൽ ആദ്യം വേണ്ടത്, ഇതിന് റിപ്പയർ ചെയ്യാൻ എത്ര തുക വേണ്ടിവരുമെന്ന് അറിയുകയാണ്. നിലവിൽ വലിയ തുക നോ ക്ലെയിം ബോണസായി ലഭിക്കുന്നുണ്ടെങ്കിൽ അത്ര തുക വരെ യാതൊരു കാരണവശാലും ക്ലെയിം ചെയ്യരുത്. കാരണം, നോ ക്ലെയിം ബോണസ് നഷ്ടപ്പെടുക മാത്രമല്ല, ക്ലെയിമിന് വേണ്ടി നൽകേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം വേണ്ടിവരികയും ചെയ്യും.
11. ഓട്ടോമോട്ടീവ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വം ഉള്ളവർക്ക് പണ്ട് മുതലേ ഡിസ്കൗണ്ട് നൽകിവരുന്നുണ്ട്. ഇത് കൂടാതെ, വാഹനം കളവ് പോകാതിരിക്കാനുള്ള മുൻകരുതലുകൾ (ആന്റി തെഫ്റ്റ്) എടുത്താലും വില കൂടിയ സ്വകാര്യ കാറുകൾ, വ്യക്തിപരമായ ഉപയോഗം, കുറഞ്ഞ മൈലേജുള്ള വാഹനങ്ങൾ, പുതുതായി വിവാഹം കഴിച്ചവർ, ഏറ്റവും മികച്ച വിദ്യാർത്ഥി എന്നിവർക്കും ചില കമ്പനികൾ ഡിസ്കൗണ്ട് നൽകുന്നുണ്ട്.
12. വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ ഒരിക്കലും മുടങ്ങരുത്. അഥവാ മുടങ്ങിയാൽ വാഹനം ഇൻഷുറൻസ് കമ്പനിക്ക് പരിശോധിക്കാൻ അധികാരമുണ്ട്. മാത്രമല്ല, കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ പോളിസി പുതുക്കിയില്ലെങ്കിൽ നോ ക്ലെയിം ബോണസ് നഷ്ടപ്പെടുകയും ചെയ്യും.
13. ഒരു വാഹനം വേറൊരാൾക്ക് വിൽക്കുമ്പോൾ നിർബന്ധമായും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ ഇക്കാര്യം മാറ്റേണ്ടതുണ്ട്. ഇതിനായി മോട്ടോർ വാഹന വകുപ്പിൽ അപേക്ഷ നൽകി പേര് മാറ്റിയ ദിവസം മുതൽ 15 ദിവസത്തിനകം ഇൻഷുറൻസും മാറ്റേണ്ടതാണ്. അതല്ലെങ്കിൽ, വാഹനത്തിന് ക്ലെയിം ഉണ്ടായാൽ നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരല്ല.
14. ഇൻഷുറൻസ് പ്രീമിയം നൽകുന്നത് ഭൂരിഭാഗവും വാഹന ഉടമയാണല്ലോ. അതുകൊണ്ട്, ആരിൽ നിന്ന് പോളിസി എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും വാഹന ഉടമയ്ക്കാണ്. വിപണിയിൽ പല വിധത്തിലുള്ള പ്രലോഭനങ്ങളും ഉള്ളതിനാൽ തെറ്റും ശരിയും മനസ്സിലാക്കുകയും ക്ലെയിം ഉണ്ടായാൽ അതിൽ ഇടപെട്ട് തീർപ്പാക്കി നൽകാൻ പ്രാപ്തി ഉള്ളവർക്ക് മാത്രം നൽകുന്നതുമാണ് നല്ലത്. അതുപോലെതന്നെ, ക്ലെയിം ഉണ്ടായാൽ അതിനെ ഊതിവീർപ്പിച്ച് വൻതുകകൾ കമ്പനികളിൽ നിന്ന്‌ നേടുന്നതും നല്ല പ്രവണതയല്ല. ഇക്കാര്യത്തിൽ ഉപഭോക്താവും ജാഗരൂകരാകണം.
15. ട്രാൻസ്പോർട്ട് കമ്പനികൾ, കൂടുതൽ വാഹനങ്ങൾ ഉള്ള സ്ഥാപനങ്ങളും വ്യക്തികളും എന്നിവർക്ക് ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇതിനെ ‘ഫ്ളീറ്റ് ഡിസ്കൗണ്ട്’ എന്ന് പറയുന്നു.
(തൃശ്ശൂർ ആസ്ഥാനമായുള്ള ‘എയിംസ് ഇൻഷുറൻസ് ബ്രോക്കിങ്’ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
ഇ-മെയിൽ: odatt@aimsinsurance.in

No comments :

Post a Comment