Sunday, 11 September 2016

മോടിയോടാ കളി

ഉണ്ണി കൊടുങ്ങല്ലൂര്‍
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി നരേന്ദ്ര മോദിക്കൊപ്പം. (ഫയൽ ചിത്രം)
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി നരേന്ദ്ര മോദിക്കൊപ്പം. (ഫയൽ ചിത്രം)

ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാൽ തിരിച്ചടിക്കും: പാക്കിസ്ഥാനോട് അഫ്ഗാനിസ്ഥാൻ

ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായുള്ള വ്യാപാരബന്ധം സുഗമമാക്കുന്നതിന് വാഗാ അതിർത്തി ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാൻ വഴി മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ ചരക്കുനീക്കം തടയുമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. ഗനിയെ ഉദ്ധരിച്ച് അഫ്ഗാനിലെ ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള ബ്രിട്ടന്റെ പ്രത്യേക നയതന്ത്ര പ്രതിനിധി ഓവൻ ജെൻകിൻസുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയിലേക്കുള്ള ചരക്കു കയറ്റുമതിക്കും ഇറക്കുമതിക്കും വാഗാ അതിർത്തി ഉപയോഗിക്കാൻ അഫ്ഗാൻ വ്യാപാരികളെ പാക്കിസ്ഥാൻ അനുവദിച്ചേ തീരൂ. അല്ലാത്തപക്ഷം മധ്യഏഷ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു ചരക്കെത്തിക്കാൻ പാക്കിസ്ഥാൻ ഉപയോഗിക്കുന്ന അഫ്ഗാൻ പാത ഞങ്ങളും അടയ്ക്കും’ - ഗനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാഷ്തോ ഭാഷയിലുള്ള ഗനിയുടെ പ്രസ്താവന അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
വാഗയിലൂടെ ഇന്ത്യ–പാക്ക് അതിർത്തിയിലെ അട്ടാരിയിലേക്കു നേരിട്ടു ചരക്കെത്തിക്കാൻ വളരെക്കാലമായി അഫ്ഗാനിസ്ഥാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള അനുമതി പാക്കിസ്ഥാൻ ഇതുവരെ നൽകിയിട്ടില്ല. നിലവിൽ വാഗ അതിർത്തിയിൽ എത്തിക്കുന്ന ചരക്ക് അവിടെനിന്നു മറ്റു വാഹനങ്ങളിലാണ് അട്ടാരിയിലെത്തിക്കുന്നത്. ഇത് ചെലവു കൂട്ടുന്നുവെന്നും
അതുവഴി കോടികളുടെ നഷ്ടമുണ്ടാകുന്നെന്നുമാണ് അഫ്ഗാന്റെ പരാതി.
വ്യാപാര സഹകരണത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കണമെന്നാണ് പാക്കിസ്ഥാന്‍ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളോടും അഫ്ഗാനിസ്ഥാൻ അഭ്യർഥിക്കുന്നതെന്നും ഗനി പറഞ്ഞു. അഫ്ഗാനിലെ പഴവർഗങ്ങളുടെ വലിയ വിപണിയാണ് ഇന്ത്യ. എന്നാൽ, സീസൺ സമയത്തടക്കം അഫ്ഗാന്റെ ചരക്കുനീക്കം തടയുന്ന സമീപനമാണ് പാക്കിസ്ഥാന്റേത്. ഇതുവഴി കോടിക്കണക്കിനു ‍ഡോളറാണ് അഫ്ഗാനു നഷ്ടം.
അഫ്ഗാനിസ്ഥാനിൽനിന്നുള്ള പഴവർഗ ഇറക്കുമതിക്കു നികുതി ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പു തന്നിട്ടുണ്ടെന്നും ഗനി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നിട്ടും ചരക്കുനീക്കം തടഞ്ഞു സാമ്പത്തികനഷ്ടമുണ്ടാക്കുന്ന പാക്ക് നടപടിയാണ് അഫ്ഗാന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.

No comments :

Post a Comment