Monday, 21 November 2016

ഈ ചെടി നിങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

ഈ ചെടി നിങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും

കിഴക്കന്‍ ഓസ്ട്രേലിയയില്‍ ധാരാളമായി കാണപ്പെടുന്ന ചെടിയാണ് ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്‍റ് എന്നറിയപ്പെടുന്ന ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ്. ആത്മഹത്യ ചെടിയെന്ന് ഈ ചെടിയെ വിളിക്കാന്‍ കാരണം ഇതിന്‍റെ വിഷമാണ്. ഈ ചെടി കഴിച്ചാലല്ല ദേഹത്തു മുട്ടിയാല്‍ തന്നെ അപകടമാണ്. മരിക്കാന്‍ തോന്നുന്നത്ര വേദന മനുഷ്യര്‍ക്ക് ഈ ചെടിയുടെ സ്പര്‍ശനമേറ്റാല്‍ ഉണ്ടാകും. നാടന്‍ ചൊറിയണത്തിന്റെയും നായ്ക്കുരണത്തിന്‍റെയും വിദേശ പതിപ്പാണ് ഈ ചെടി. എന്നാല്‍ വിഷത്തിന്‍റെ വീര്യം ഇവയേക്കാള്‍ പതിന്മടങ്ങധികം വരും.
ചൊറിയണത്തേപ്പോലെ പുറത്തേക്കു തള്ളി നില്‍ക്കുന്ന മുള്ളുകള്‍ ഇവയുടെയും ഇലകളില്‍ കാണാം. തൊട്ടാല്‍ ശരീരഭാഗം തടിച്ചു ചുവന്നു വേദന കൊണ്ടു പുളയും. ഈ വേദനയേക്കാൾ നല്ലത് മരിക്കുന്നതാണെന്നു തോന്നും സ്പര്‍ശനമേറ്റയാള്‍ക്ക് . മുള്ളുകളിലുള്ള നീറോടോക്‌സിനാണ് ഈ കഠിന വേദനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്. നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണിത്. കൂടാതെ വൈദ്യുതാഘാതമേൽക്കുന്നതു പോലുള്ള പ്രതിഭാസവും ഇതേ സമയം ഈ ചെടിയില്‍ നിന്നുണ്ടാകും.
ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് ശരീരത്തു കൊണ്ടാല്‍ പിന്നെ അതിന്‍റെ മുള്ളുകള്‍ പിഴുതു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തീരെ ചെറുതായതിനാല്‍ കൈ കൊണ്ടല്ല മെഴുകുപയോഗിച്ചാണ് ഇവ പിഴുതു മാറ്റുന്നത്. മനുഷ്യര്‍ക്കും ചില മൃഗങ്ങള്‍ക്കും മരണതുല്യമായ വേദന നല്‍കുന്ന ചെടി ചില മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കാറുമില്ല. ജിംപി ജിംപി എന്നാണ് പ്രാദേശിക ഭാഷയിൽ ഈ ചെടിയുടെ വിളിപ്പേര്.  

No comments :

Post a Comment