Wednesday, 16 November 2016

എല്ലാം വിഴുങ്ങി ഭൂകമ്പം മൂന്നു പശുക്കള്‍ മാത്രം ബാക്കിയായി

ഉണ്ണി കൊടുങ്ങല്ലൂര്‍

എല്ലാം വിഴുങ്ങി ഭൂകമ്പം; ഒറ്റപ്പെട്ട തുരുത്തിൽ മൂന്നു പശുക്കൾ മാത്രം

കനത്ത ഭൂകമ്പത്തിനു ശേഷം ന്യൂസ്‌ലൻഡിലെ ഒരു മൺതിട്ടയിൽ കാണപ്പെട്ട മൂന്നു പശുക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചുറ്റുമുള്ളതെല്ലാം നിലംപരിശാക്കിയ ഭൂകമ്പത്തിന്റെ ബാക്കിപത്രമാണിവർ. കനത്ത മണ്ണിടിച്ചിലിൽ ചുറ്റുമുള്ള  പ്രദേശങ്ങളെല്ലാം ഒലിച്ചുപോയെങ്കിലും മൂന്നു പേരടങ്ങുന്ന പശുക്കുടുംബം നിൽക്കുന്ന ഭാഗം മാത്രം അവശേഷിച്ചു. ഭൂകമ്പത്തെ അതിജീവിച്ച പശുക്കുടുംബത്തിൽ രണ്ടു വലിയ പശുക്കളും ഒരു കുട്ടിയുമാണുള്ളത്.
ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്കോറയിൽ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങൾ ഹെലികോപ്ടറിൽ നിരീക്ഷിക്കാനിറങ്ങിയ  സംഘമാണു പകർത്തിയത്. പ്രകൃതിക്ഷോഭത്തെ അതിജീവിച്ചെങ്കിലും ഒറ്റപ്പെട്ട കുന്നിൽ മുകളിൽ അകപ്പെട്ടുപോയ കുടുംബം എങ്ങനെ രക്ഷപെടുമെന്ന ആശങ്കയിലായിരുന്നു. ഒരു ദിവസം മുഴുവൻ പശുക്കൾക്ക് തുരുത്തിൽ കഴിയേണ്ടി വന്നു. ലോക ശ്രദ്ധയാകർശിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട പ്രാദേശിക ഭരണകൂടം പശുക്കളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ മുന്നിട്ടിറങ്ങി. തറനിരപ്പിൽ നിന്നും രണ്ടര മീറ്റർ ഉയരത്തിലായിരുന്നു ഇവർ നിൽക്കുന്ന പ്രദേശം.
Pictures emerge showing quake cows enjoying new paddock.
കർഷകരും ദ്രുതകർമസേനയും  ചേർന്ന് ഇവർ നിൽക്കുന്ന പ്രദേശം ഇടിച്ചു നിരത്തിയാണ് പശുക്കളെ രക്ഷിച്ചത്. കർഷകനായ ഡെറിക് മിൽട്ടന്റെ ഫാമിലാണ് ഇപ്പോൾ പശുക്കളുള്ളത്. ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ സംഘടനയായ PETA ഈ പശുക്കളുടെ സംരക്ഷണമാറ്റെടുക്കാൻ മുന്നോട്ടു വന്നിരുന്നു. ശേഷിച്ച ജീവിതം സംഘടനയുടെ സംരക്ഷണത്തിൽ പാർപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ ഭൂകമ്പത്തെ അതിജീവിച്ച പശുക്കളെ ഫാമിൽ തന്നെ സംരക്ഷിമെന്നും അറവുശാലയിലേക്ക് ഇവയെ അയയ്ക്കില്ലെന്നും ഉടമയായ  ഡെറിക് മിൽട്ടൺ പറഞ്ഞു.
തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. കനത്ത നാശം വിതച്ച ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല.

No comments :

Post a Comment