Saturday, 19 November 2016

കടലാസില്‍ നിന്നും കാര്‍ഡി ലേക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് അസാധുവാക്കലും ഡിജിറ്റലൈസേഷനും - ഇന്ത്യ ഒരുങ്ങിയോ?

"വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവിടെ ഒരു വിപ്ലവം നടക്കാന്‍ പോവുകയാണ്. സൈബര്‍ ലോകത്താണ് ഇതു സംഭവിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇന്ത്യക്കാരായ നാം ഓരോരുത്തരേയും അതിന്റെ ഫലങ്ങൾ നല്ല തോതിൽ അനുഭവിക്കുകയും ചെയ്യും." അമിതാഭ് കാന്ത് (സിഇഒ, നീതി അയോഗ്, ഗവൺമെന്റ് ഓഫ് ഇന്ത്യ)
ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ പ്രസക്തി സംബന്ധിച്ച്, 2016ല്‍ മൂഡി നടത്തിയ ഒരു പഠനരേഖ, വിസ പുറത്തുവിട്ടിരുന്നു ലോകത്തെ 70 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 296 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ധന ഡിജിറ്റര്‍ പേമെന്റുകള്‍ ഉണ്ടാക്കിയെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. 2011 മുതല്‍ 2015 വരെയുള്ള കാലത്തെ കണക്കാണിത്. ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റിന്റെ പ്രചാരം, ഇക്കാലയളവിൽ ആഭ്യന്തരോത്പാദനത്തില്‍ 6.08 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ധനവുണ്ടാക്കി. കാര്‍ഡ് ഉപയോഗം വര്‍ധിച്ചതും ഉത്പാദനക്ഷമത കൂടിയതുംമൂലം സൃഷ്ടിക്കപ്പെട്ട 337000 തൊഴിലവസരങ്ങളിലൂടെയാണ് ഈ വളര്‍ച്ച സാധ്യമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പണം തന്നെയാണ് എക്കാലത്തും ഇന്ത്യന്‍ വിപണിയിലെ രാജാവ്. മൂലധന വിപണിയിലും ചില്ലറ വിപണിയിലും പണത്തിനുതന്നെ സര്‍വാധിപത്യം. ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്നു എന്നതാണു പണത്തെ ഇത്രമേല്‍ പ്രിയമാക്കുന്നത്. ഇന്ത്യയില്‍ നാലു ശതമാനത്തില്‍ താഴെ വീടുകളില്‍ മാത്രമേ പണേതര ഇടപാടുകളിലൂടെ ക്രയവിക്രയം നടക്കുന്നുള്ളൂ. അസംഘടിതവും ക്രമമില്ലാത്തതുമായ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥയിലൂടെയാണു നമ്മുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 40 ശതമാനവും സൃഷ്ടിക്കപ്പെടുന്നതെന്നും, ഇതുവഴി 29 ശതമാനത്തോളം ആളുകള്‍ നികുതി ഒടുക്കാതെ രക്ഷപ്പെടുന്നെന്നും കണക്കുകളുണ്ട്. ഈ അനൗപചാരിക പണമിടപാടുകളെ പുറത്തെത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയുമാണ് ഇന്നിന്റെ ആവശ്യം.
സാങ്കേതികവിദ്യയിലൂന്നിയ ഒരു ആന്തരിക ഘടന സൃഷ്ടിച്ചെടുക്കാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ പൂര്‍ണതയിലെത്തുന്നതു ഡിജിറ്റല്‍ പേമെന്റ് വിപ്ലവത്തിലൂടെയേ സാധ്യമാകൂ. ഇപ്പോഴും 98 ശതമാനത്തോളം വരുന്ന ചെറുകിട നോണ്‍-കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പേപ്പർ പണത്തിന്റെ രൂപത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ തങ്ങളുടെ സാമ്പത്തിക ശ്രേണിയിലേക്ക് എത്തിക്കുന്നതിനുള്ള ശേഷിക്കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ലെസ് ക്യാഷ് ഇക്കണോമി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്ക് ഏറെ ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നതിന്റെ ചൂണ്ടുപലകയാണിത്.
ധനപരമായ കാര്യങ്ങള്‍ക്ക് ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമാണെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യം. കെനിയയില്‍ 60 ശതമാനം പേരും നൈജീരിയയില്‍ 11 ശതമാനം പേരും പണം കൈമാറ്റം ചെയ്യുന്നതിനു മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിനിമയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സമയത്താണ് ഇതെന്നോര്‍ക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് ഇന്‍ ഗ്ലോബല്‍ കോണ്‍ടെക്‌സ്റ്റ് നടത്തിയ ഒരു പഠനം ഈ അവസരത്തില്‍ പ്രസക്തമാണ്. ഇന്ത്യയില്‍ പണത്തിന്റെ ചെലവ്, അഥവാ കോസ്റ്റ് ഓഫ് ക്യാഷ് ഇന്‍ ഇന്ത്യ എന്നതായിരുന്നു പഠന വിഷയം. പണം സൗജന്യമാണെന്നു കരുതുമ്പോഴും ഡല്‍ഹിയിലെ ആളുകള്‍ പണം സ്വരുക്കൂട്ടുന്നതിനായി 60 ലക്ഷം മണിക്കൂറുകളും 9.1 കോടി രൂപയും ചെലവാക്കുന്നു, ഹൈദരാബാദില്‍ 17 ലക്ഷം മണിക്കൂറുകളും 3.2 കോടി രൂപയും ഈ ഇനത്തിൽ വേണ്ടിവരുന്നു. ഇടപാടുകള്‍ക്കുള്ള ഫീസ്, ഗതാഗത ചെലവ് തുടങ്ങിയവ അടങ്ങുന്ന കണക്കാണിത്. ഹൈദരാബാദിലേതിന്റെ ഇരട്ടിയാണ് പണം കൈമാറ്റത്തിനായി ഡല്‍ഹിയില്‍ വേണ്ടിവരുന്നതെന്നു മനസിലാക്കാം. വർഷങ്ങൾ കഴിയുന്തോറും ഈ ചെലവ് ഇനിയും കൂടിക്കൊണ്ടിരിക്കും. ഇങ്ങനെയൊരു സാഹചര്യവും ശീലവും പിന്തുടരുന്ന രാജ്യത്ത്, ഡിജിറ്റൽ പേമെന്റ് സിസ്റ്റം എന്ന ഹെര്‍ക്കുലീസ് ഉദ്യമം ഇന്ത്യ എങ്ങനെ നേടുമെന്നതാണു പ്രസക്തമായ ചോദ്യം.
500ന്റെയും 1000ന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചായ്‌വാണെന്നു നിസംശയം പറയാം. ഇതിന്റെ അനന്തരഫലങ്ങള്‍ വിപണിയില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാംതന്നെ ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായം നിര്‍ത്തലാക്കി. ചെറുകിട കച്ചവടക്കാര്‍പോലും ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതു വര്‍ധിച്ചു. പരമ്പരാഗതമല്ലാത്ത ഈ പണ കൈമാറ്റ വ്യവസ്ഥിലേക്ക് ഇതുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ വന്നുതുടങ്ങി.
ഇതൊക്കെ ഇന്ത്യന്‍ ജനതയെ ക്യാഷ് ലെസ് രീതിയിലേക്കു മാറ്റി ഒരു ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുമോ? ഇതു സാധ്യമാകണമെങ്കില്‍ ശീലങ്ങള്‍ മാറ്റാന്‍ നാം തയാറാകണം. ധനകാര്യ സാക്ഷരത രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. - അസാധ്യമായത് ഒന്നുമില്ല.
ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ വിസ ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ പേപ്പർ പണത്തിന്റെ ഭീമമായ ഉപയോഗത്തിന് ആറു കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
1. പണം സമ്പാദിക്കാനും ചെലവാക്കാനുമുള്ള അതിയായ താത്പര്യം
2. പണം അടയ്ക്കലിനെ അധികരിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെ നിഴലിൽ തുടരാനുള്ള താത്പര്യം
3. പണം കൈമാറ്റത്തിനുള്ള ലിംഗ അസമത്വം
4. സൗകര്യങ്ങൾ തയാറാക്കുന്നതിനുള്ള ഭീമമായ ചെലവ്
5. നിയന്ത്രണങ്ങളുടെ പരിമിതികള്‍
6. ധനകാര്യ സാക്ഷരതയുടെ അപര്യാപ്തത
നമ്മുടെ ചിന്താരീതികള്‍ മാറ്റേണ്ടിയിരിക്കുന്നു. യൂറോപ്പില്‍ ആദ്യം പേപ്പര്‍ പണം അച്ചടിച്ച സ്വീഡന്‍ ക്യാഷ് ലെസ് ഇക്കണോമിയിലേക്കു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ അതിനുള്ള തുടക്കമിടുകയെങ്കിലും വേണം. ഡിജിറ്റല്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്നതിനു രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ചുവടെ പറയുന്നതാണ്
1. തടസമില്ലാത്ത വൈദ്യുതി വിതരണ ശൃംഘല ഉറപ്പാക്കല്‍
2. ആവശ്യത്തിന് എടിഎമ്മുകള്‍, സെയില്‍സ് പോയിന്റുകള്‍, മൊബൈല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍, മറ്റു ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കല്‍
3. ജനങ്ങളില്‍ ബോധവത്കരണം നടത്തല്‍
4. ടെക്‌നോളജിയില്‍ നിക്ഷേപം നടത്തല്‍ -സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തല്‍
5. സൈബര്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കല്‍
6. തട്ടിപ്പുകാരെ തുടച്ചുനീക്കല്‍
ജനങ്ങള്‍ക്ക് ഇതേക്കുറിച്ചു ബോധവത്കരണം നല്‍കുകയെന്നതാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യ കടമ്പ. ചിന്താരീതികള്‍ മാറാതെ ഒന്നിനും ഫലംകാണാനാവില്ല. പഴ്‌സില്‍നിന്നു പേപ്പര്‍ നോട്ടുകള്‍ ഇല്ലാതാക്കുന്നതിനുള്ള വഴികള്‍ ഇന്നു മുതല്‍ തുടങ്ങുക. വൈദ്യുതി ബില്ലും ഇന്‍ഷുറന്‍സ് പ്രീമിയവുമൊക്കെ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നടത്തുക. അതിലൂട കുറച്ചു സമ്മാനങ്ങളും ക്യാഷ്ബാക്കുമൊക്കെ നേടുക.
ചുറ്റും തിരിഞ്ഞാല്‍ സ്മാര്‍ട്ട് ഫോണുകളുടെ സമൃദ്ധിയാണു കാണുന്നത്. എങ്കില്‍പ്പിന്നെ മൊബൈല്‍ ബാങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ.. സാങ്കേതികവിദ്യയില്‍ സാമാന്യബോധമില്ലാതെ മൊബൈലില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു വിളിക്കാനും എസ്എംഎസ് അയക്കാനുമൊക്കെ കഴിയൂ.. എങ്കില്‍ നിങ്ങള്‍ക്കു മൊബൈല്‍ ബാങ്കിങ്ങും കഴിയും. മൊബൈല്‍ ബാങ്കിങ് രീതികള്‍ ലളിതമാക്കിക്കൊണ്ട് മിക്ക ബാങ്കുകളും ഇന്ന് ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതൊക്കെ ഉപയോഗിച്ചു നോക്കൂ...

No comments :

Post a Comment