Tuesday, 29 November 2016

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച കണക്കിൽ പെടാത്ത പണത്തിന് വൻ പിഴ ഈടാക്കുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. ആദായനികുതി നിയമത്തിലെ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ശബ്‌ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്രസർക്കാറിന്റെ നടപടി ജനാധിപത്യ മര്യാദ ഇല്ലാത്തതാണെന്ന് പ്രതിപക്ഷ ആരോപണം. ഇത് മണി ബിൽ ആയതിനാൽ ലോക്‌സഭയുടെ അംഗീകാരം മാത്രം മതിയെന്നാണ് ചട്ടം. രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചാൽ മാത്രം മതിയാകും.

നോട്ടു നിരോധന തീരുമാനത്തിന് ശേഷം രാജ്യത്ത് ചിലർ അനധികൃതമായി 500,1000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാൻ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്രയും കർശനമായ നിയമ ഭേദഗതി ഏർപ്പെടുത്തുന്നതെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി സഭയിൽ പറഞ്ഞു.

കള്ളപ്പണം കൈവശമുള്ളവർ ഡിസംബർ 30നകം സ്വയം വെളിപ്പെടുത്തി ആ തുക ബാങ്കിൽ നിക്ഷേപിച്ചാൽ 50 ശതമാനം മാത്രം നികുതിയായി നൽകിയാൽ മതിയാവും. എന്നാൽ, കള്ളപ്പണം വെളിപ്പെടുത്താതിരുന്നാൽ 85 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. തുടർച്ചയായി കള്ളപ്പണം കൈവശം വയ്ക്കുന്നവർ പിടിക്കപ്പെട്ടാൽ ആദായ നികുതി നിയമത്തിലെ നിലവിലെ വ്യവസ്ഥ അനുസരിച്ച് 60 ശതമാനം നികുതിയും അതിനൊപ്പം 15 ശതമാനം സർചാർജും അടയ്ക്കണം. അതേസമയം, ഉദ്യോഗസ്ഥന് 10 ശതമാനം അധിക പിഴ കൂടി വിധിക്കാൻ അനുവാദമുണ്ടാവും. അങ്ങനെയാണ് ആകെ പിഴത്തുക 85 ശതമാനമായി മാറുന്നത്.

അസാധു നോട്ടുകൾ 50 ശതമാനം നികുതി ഒടുക്കി ഡിസംബർ 30നുമുമ്പ് അക്കൗണ്ടിൽ നിക്ഷേപിക്കാം. പിഴ ഒടുക്കിയ ശേഷമുള്ള തുകയുടെ പകുതി നാലു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ബാക്കി പകുതി പിൻവലിക്കുകയും ചെയ്യാം. എന്നാൽ ബാങ്കിലെ നിക്ഷേപത്തിന് പലിശ ലഭിക്കില്ല. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടെത്തുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയാൽ 30 ശതമാനം വരെ പിഴയൊടുക്കിയാൽ മതിയാവും. ഉറവിടം വെളിപ്പെടുത്താനായില്ലെങ്കിൽ നികുതി കൂടാതെ 60 ശതമാനം പിഴയും നൽകാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

No comments :

Post a Comment