Friday, 4 November 2016

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

പാലക്കാട് ∙ നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എല്ലാ കാര്യത്തിനും ഓടിയെത്താൻ ദൂരദേശത്തുള്ള മക്കൾക്കും മറ്റു ബന്ധുക്കൾക്കും കഴിയില്ല. പക്ഷേ, ഇവരുടെ വൈദ്യുതി ബില്ലെങ്കിലും നിങ്ങൾക്ക് അടയ്ക്കാനാകും. എല്ലാറ്റിനും സഹായകമാകുന്നത്  കെഎസ്ഇബിയുടെ wss.kseb.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനമാണ്.
ഈ വെബ്സൈറ്റിലെത്തി നിങ്ങളുടെ വീട്ടിലെ വൈദ്യുതി കണക്‌ഷന്റെ കൺസ്യൂമർ നമ്പർ, അവസാനത്തെ ബിൽ നമ്പർ, നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ, ഇലക്ട്രിക്കൽ സെക്‌ഷൻ, വിലാസം, ഇമെയിൽ വിലാസം എന്നിവ ഉപയോഗിച്ച് പേര് റജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സ്ഥിരമായ ഒരു യൂസർ ഐഡിയും പാസ്‌വേഡും സ്വന്തമാക്കാം. ഇതിന്റെ അറിയിപ്പ് സംബന്ധിച്ച ലിങ്ക് ഇമെയിൽ വഴി ലഭിക്കുന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ സംവിധാനം പ്രാവർത്തികമാകും. തുടർന്ന് പ്ലസ് എന്ന അടയാളത്തിൽ ക്ലിക്ക് ചെയ്താൽ മറ്റു ബന്ധുക്കളുടെയോടെ അടുപ്പമുള്ളവരുടെയോ കൺസ്യൂമർ നമ്പറും ഇപ്രകാരം നിങ്ങളുടേതിനൊപ്പം ചേർക്കാം. തുടർന്ന് ഓൺലൈനായി പേയ്മെന്റ് ചെയ്യാം.
ബിൽ അടച്ച ഉടൻ അതു സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. കൂടാതെ ബിൽ അടയ്ക്കാൻ വിട്ടുപോയാൽ ഓർമിപ്പിക്കുകയും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുന്ന ഘട്ടമെത്തിയാൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യും. റജിസ്റ്റർ ചെയ്യാതെ ഒറ്റത്തവണ മാത്രം പേയ്മെന്റ് നടത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.
ജില്ലയിൽ 37 സെക്‌ഷനുകളിലായി അഞ്ചര ലക്ഷം വരുന്ന ഉപയോക്താക്കളുടെ മൊബൈൽ ഫോൺ റജിസ്റ്റർ ചെയ്യാനുള്ള പ്രചാരണവും കെഎസ്ഇബി അധികൃതർ നടത്തിവരികയാണ്. സെക്‌ഷൻ ഓഫിസുകളിൽ എത്തിയും ഫോൺ നമ്പർറജിസ്ട്രേഷൻ നടത്താം. മീറ്റർ റീഡർമാർ വഴിയും ഫോൺ നമ്പറുകളുടെ വിവരശേഖരണം നടത്തുന്നുണ്ട്. ഊർജദൂത്, ഊർജമിത്ര പദ്ധതികളുടെ ഭാഗമായി ലൈനിലുണ്ടാകുന്ന വൈദ്യുതി തകരാറുകൾ അതതു സമയത്ത് ഉപയോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാനും ഈ സൗകര്യം ഉപയോഗിക്കും. വൈദ്യുതി തകരാറുകൾ ടോൺ ഫ്രീ നമ്പറായ 1912 വഴി അധികൃതരെ അറിയിക്കാം. അല്ലെങ്കില‍ 9496001912 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.

No comments :

Post a Comment