Friday, 4 November 2016

ഉപനിഷത്ത് കഥകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ഉപനിഷത്ത് കഥകള്‍
ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യാസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.
ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:
"പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?"
ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു.
"വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?"
"ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ."
"നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്."
"പ്രഭോ, എന്താണത്?"
"ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!"
ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.
"ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും."
"സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്."
"ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ."
ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.
"പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും."
അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.
"പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും."
"ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു. ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല."
ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു.
ഓം തത് സത്
അവലംബം - കലിസന്തരണോപനിഷത്ത്
LikeShow more reactions
Comment

No comments :

Post a Comment