ഉണ്ണി കൊടുങ്ങല്ലൂര്‍
തീറ്റ പ്രധാനം
വീട്ടുമുറ്റത്തൊരു കാട വളര്‍ത്തല്‍
1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. എന്നാല്‍ കോഴിയെ വളര്‍ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ വളര്‍ത്താന്‍ പറ്റില്ല.ഇതു കൊണ്ട് സ്ഥല പരിമിതിയുള്ളവര്‍ക്കും കാടകളെ എളുപ്പത്തില്‍ വളര്‍ത്താം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും.
മുറ്റത്തും പറമ്പിലും
മുറ്റത്തും മട്ടുപ്പാവിലുമെല്ലാം നിഷ്പ്രയാസം കാടകളെ വളര്‍ത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത്് എട്ടു മുതല്‍ 10 കാടകളെ വളര്‍ത്താവുന്നതാണ്. ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ നമുക്ക് കൂടുകളില്‍ വളര്‍ത്താം. തടി ഫ്രയ്മുകളില്‍ കമ്പിവലകള്‍ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണ് നല്ലത്. കൂടിന്റെ അടിയില്‍ കമ്പിവലയിടുന്നത് കാഷ്ടം പുറത്തേക്കു പോകുന്ന തരത്തിലായിരിക്കണം. കൂടിന്റെ രണ്ടുവശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. കൂടിനു മുകളില്‍ മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലത്ത് വേണം വയ്ക്കാന്‍. രാത്രി കൂട്ടിനുള്ളില്‍ ബള്‍ബിട്ട് വെളിച്ചം കൊടുക്കണം.
തീറ്റ പ്രധാനം
ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിട്ടുതുടങ്ങും. ഈ സമയത്താണ് തീറ്റ കൂടുതലായി വേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി
കൊടുക്കാവുന്നതാണ്. കാടകള്‍ സാധാരണയായി ഉച്ചകഴിഞ്ഞും രാത്രിയിലുമാണ് മുട്ടയിടുന്നത്. എട്ടു മുതല്‍ 25 ആഴ്ച വരെയാണ് കാടകള്‍ നന്നായി മുട്ടയിടുക. ഒരുവര്‍ഷം 300 മുട്ടകള്‍വരെ ഒരു കാട ഇടാറുണ്ട്. ആണ്‍കാടകളെ ആറാഴ്ച പ്രായമാകുമ്പോള്‍ മുതല്‍ വില്‍ക്കാം. ആണ്‍കാടകള്‍ക്ക് കഴുത്തിനുതാഴെ ഇളം തവിട്ടുനിറവും പെണ്‍ കാടകള്‍ക്ക് ഇളം തവിട്ടു നിറത്തില്‍ കറുത്ത കുത്തുകളുമുണ്ടാകും. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗത്തില്‍ നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നതാണ്.

No comments :
Post a Comment