സംഭവസ്ഥലത്തുനിന്ന് പരിക്കേറ്റയാളെ രക്ഷപെടുത്തുന്ന സുരക്ഷാ സൈനികര്‍. ചിത്രം : എ.പി.
ധാക്ക : 20 ബന്ദികളെ വെട്ടിക്കൊന്നു
സൈനികനടപടിയിലൂടെ 13 ബന്ദികളെ മോചിപ്പിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്
July 3, 2016, 01:00 AM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റെസ്റ്റോറന്റില്‍ 11 മണിക്കൂര്‍ നീണ്ട ഭീകരതയ്ക്ക് അന്ത്യം. ഇന്ത്യക്കാരി താരുഷി ജെയ്ന്‍ (19) അടക്കം ബന്ദികളില്‍ 20 പേരെ അക്രമികള്‍ വെട്ടിക്കൊന്നു. സൈനികനടപടിയിലൂടെ 13 ബന്ദികളെ മോചിപ്പിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്.
അക്രമികളില്‍ ആറുപേരെ സുരക്ഷാഭടന്മാര്‍ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ബന്ദികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപോലീസുകാരും കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ അടുത്തിടെ നടക്കുന്ന ഏറ്റവുംവലിയ ബന്ദിപ്രതിസന്ധിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് വിദേശനയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന അതിസുരക്ഷയുള്ള ഗുല്‍ഷന്‍ ജില്ലയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ സായുധരായ അക്രമികള്‍ 40 പേരെ ബന്ദികളാക്കിയത്. വിദേശികളും മധ്യവര്‍ഗക്കാരായ ബംഗ്ലാദേശികളും എത്തുന്ന റെസ്റ്റോറന്റാണിത്. വെള്ളിയാഴ്ച നോമ്പുതുറയ്‌ക്കെത്തിയവരായിരുന്നു അധികവും.
'അള്ളാഹു അക്ബര്‍' വിളികളോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ദികളിലെ ബംഗ്ലാദേശികളെ വിട്ടയച്ച ഭീകരര്‍ വിദേശികളെ റെസ്റ്റോറന്റിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി. ഇവരില്‍ ഇരുപതുപേരെയാണ് വധിച്ചത്. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എട്ട് ഇറ്റാലിയന്‍പൗരന്മാര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കംബൈന്‍ഡ് മിലിട്ടറി ആസ്പത്രിയിലേക്കുമാറ്റി.
മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് കൊലനടത്തിയതെന്ന് സൈനികനടപടിയുടെ ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫാഖ് ചൗധരി പറഞ്ഞു. വെള്ളിയാഴ്ച രാത്രിതന്നെയാണ് കൊലനടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാത്രിതന്നെ റെസ്റ്റോറന്റ് വളഞ്ഞ സുരക്ഷാസേനകളും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. ഇതിലാണ് രണ്ടുപോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചത്.
ശനിയാഴ്ച രാവിലെ 7.40-തോടെ സായുധ കമാന്‍ഡോകള്‍ റെസ്റ്റോറന്റിനുള്ളില്‍ കടന്നു. 'ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്' എന്നുപേരിട്ട സൈനികനടപടിയില്‍ പതിനഞ്ചുമിനിറ്റിനകം ഭീകരരെ കീഴ്പ്പെടുത്തി, ജീവനോടെ ശേഷിച്ച ബന്ദികളെ രക്ഷിക്കാനായെന്ന് ജനറല്‍ നയീം പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ഇന്ത്യയില്‍നിന്നുള്ള ഡോക്ടറുമുണ്ട്. അക്രമികളെല്ലാവരും 20-27 പ്രായമുള്ളവരും നല്ല വിദ്യാഭ്യാസമുള്ളവരുമാണെന്ന് സൈന്യം പറഞ്ഞു.
ആക്രമണം നടന്ന് നാലുമണിക്കൂറിനകം ഐ.എസ്. അവകാശവാദവുമായെത്തി. ഐ.എസ്. ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ 'അമാഖ്' വഴിയാണ് ആക്രമണത്തിനുപിന്നില്‍ തങ്ങളാണെന്ന് സംഘടനയറിയിച്ചത്. തെളിവായി റെസ്റ്റോറന്റിനുള്ളില്‍നിന്നെന്നുപറഞ്ഞ ദൃശ്യങ്ങളും പുറത്തുവിട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment