Thursday, 18 August 2016

ഇന്ദിരാഗാന്ധി ബംഗ്ലാദേശിനുവേണ്ടി ചെയ്തത് നരേന്ദ്ര മോദി ബലൂചിസ്ഥാനുവേണ്ടി ചെയ്യും മോഡി മാജിക്

http://www.marunadanmalayali.com/story-51920'ഇന്ദിരാഗാന്ധി ബംഗ്ലാദേശിനുവേണ്ടി ചെയ്തത് നരേന്ദ്ര മോദി ബലൂചിസ്ഥാനുവേണ്ടി ചെയ്യും.' ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ബലൂചിസ്ഥാനിലെ ജനങ്ങളെപ്പറ്റി പരാമർശിച്ചതിനു പിന്നാലെ ബലൂച് ദേശീയവാദി നേതാക്കളിൽ ചിലരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
1971ൽ കിഴക്കൻ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശിന് രൂപംകൊടുക്കാൻ ഇന്ദിരാഗാന്ധി മുന്നിട്ടിറങ്ങിയതുപോലെ പാക്കിസ്ഥാനെതിരെ എക്കാലത്തും പോരാട്ടത്തിലായിരുന്ന ബലൂചിസ്ഥാനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ നരേന്ദ്ര മോദി മുന്നിട്ടിറങ്ങുമെന്ന പ്രത്യാശ ആ മേഖലയിൽ ആവേശമായി മാറിക്കഴിഞ്ഞു.
ബലൂചിസ്ഥാന്റെ സ്വാതന്ത്രത്തിനുവേണ്ടി നരേന്ദ്ര മോദി മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് ബലോച് ദേശീയവാദികൾ ഓരോരുത്തരും പ്രതികരിച്ചത്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഇനിയും കൈകടത്തിയാൽ ബലോച് വിഷയത്തിൽ പാക്കിസ്ഥാന് പണികിട്ടുമെന്ന വ്യക്തമായ പ്രഖ്യാപനം മോദി നടത്തുന്നത് കൈയടി നേടാനുള്ള വെറും വാചകക്കസർത്ത് മാത്രമല്ലെന്ന സൂചനകളാണ് പുറത്തുവരുത്. മാസങ്ങൾക്കകം ഐക്യരാഷ്ട്രസഭയിൽ ബലോച് വിഷയം ചർച്ചയ്ക്കുവരാനിരിക്കെ അതിനു മുന്നോടിയായി മോദി നടത്തിയ ബലോചിസ്ഥാൻ പരാമർശം അവിടെ സ്വന്തം രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന ബലോച് വംശജരുടെ മനസ്സിൽ കുളിർമഴയാകുന്നതിൽ അതിശയമില്ല.
തങ്ങളെ പാക്കിസ്ഥാന്റെ പട്ടാളഭരണത്തിൽനിന്ന് മോചിപ്പിക്കാൻ മോദിയെപ്പോലൊരു നേതാവിനും വിഷയത്തിൽ ഇന്ത്യയുടെ ഇടപെടലിനും മാത്രമേ കഴിയൂ എന്ന് അവർ വിശ്വസിക്കുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ പ്രവർത്തനങ്ങളാണ് ബലൂചികളെ പാക് സർക്കാരിനെതിരെ തിരിച്ചുവിടുന്നതെന്ന് നേരത്തേതന്നെ പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. പക്ഷേ, ഒരു പതിറ്റാണ്ടിലേറെയായി ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിരുന്നില്ല.
എന്നാൽ മോദിയുടെ ചെങ്കോട്ട പ്രസംഗത്തിനു പിന്നാലെ വീണ്ടും പാക്കിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചു തുടങ്ങുന്നു. ബലോച് മേഖലയിൽ ഒരുകാലത്ത് സജീവമായിരുന്ന റോയുടെ പ്രവർത്തനം ഐകെ ഗുജ്‌റാൾ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്ദീഭവിക്കപ്പെട്ടതും ഇപ്പോൾ മോദിയുടെ കാലത്ത് വീണ്ടും ഉഷാറായതും എന്തുകൊണ്ടാണ്. ചെങ്കോട്ട പ്രസംഗത്തിൽ മോദി ബലോചിസ്ഥാൻ വിഷയം പരാമർശിച്ചത് കാശ്മീർ പ്രശ്‌നത്തിൽ ഇടപെടുന്ന പാക്കിസ്ഥാന് താക്കീത് നൽകാൻവേണ്ടി മാത്രമായിരുന്നോ എന്ന ചോദ്യവും അതോടൊപ്പം ഉയരുന്നു. ഈ മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രമാത്രം തന്ത്രപ്രധാനമാണെന്ന് പരിശോധിക്കുമ്പോഴേ ഇതിനെല്ലാം ഉത്തരം കിട്ടൂ.

ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ മണി പേഴ്‌സ്
പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളിൽ ഒന്നാണ് ബലൂചിസ്ഥാൻ. രാജ്യത്തിന്റെ 44 ശതമാനം ഭൂപ്രദേശം ഉൾക്കൊള്ളുന്ന ഏറ്റവും വലിയ പ്രവിശ്യ. പക്ഷേ പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് ഏഴുശതമാനം മാത്രം വരുന്ന ഒന്നേകാൽകോടിയോളം പേരാണ് ബലൂച് പ്രവിശ്യയിൽ ഇപ്പോഴുള്ളത്. ഇവരിൽ ഭൂരിഭാഗവും ബലോച് വംശജർ. പഷ്തൂൺ, ബ്രഹൂയിസ് വംശജരായ ന്യൂനപക്ഷവും ഇവിടെയുണ്ട്്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ചെമ്പിന്റെയും മുതൽ സ്വർണത്തിന്റെ വരെ വൻ ശേഖരമുള്ള പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നമായ മേഖലയാണ് ബലൂചിസ്ഥാൻ. പാക്കിസ്ഥാൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണെന്നു പറയാവുന്ന ബലൂചിസ്ഥാനിൽ നിന്നുള്ള പ്രധാന വരുമാനം പ്രകൃതി വാതകമാണ്. പഞ്ചാബ്, സിന്ധ്, ഫത്ത, അഫ്ഗാൻ, ഇറാൻ എന്നിങ്ങനെ അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിലെ ഗ്വാഡർ തുറമുഖം പാക്കിസ്ഥാനെ സംബന്ധിച്ച് തന്ത്രപ്രധാനവുമാണ്.
ഏറ്റവും സമ്പന്നമാണെങ്കിലും പാക്കിസ്ഥാനിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് ബലൂച് മേഖല. പാക്കിസ്ഥാനിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വംശീയപരമായും സാംസ്‌കാരികപരമായും സാമൂഹ്യപരമായും വേറിട്ടു നിൽക്കുന്ന ജനതയാണിവിടെ. പാക്കിസ്ഥാനിലെ പഞ്ചാബികളുടെ ചൂഷണത്തിന് വിധേയമായാണ് ഇവരുടെ ജീവിതം. സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ തങ്ങൾക്ക് പാക്കിസ്ഥാനിൽനിന്ന് മോചനം വേണമെന്ന ബലൂചികളുടെ ആവശ്യം ഏറെക്കാലമായി സജീവമായി നിലനിൽക്കുകയാണ്.
ഈ വാദം ഉന്നയിച്ച് ശക്തമായ പോരാട്ടത്തിലുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സമാന രീതിയിൽ ദേശീയവാദവും വശീയ വിഷയങ്ങളും ഉന്നയിച്ച് നിരവധി സംഘടനകൾ പാക്കിസ്ഥാൻ സർക്കാരിന്റെ നടപടികൾക്കെതിരെ ഇവിടെ കടുത്ത നിലപാടെടുക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പാക്കിസ്ഥാനെന്ന വിഷയത്തിൽ ഇതുവരെ ഇന്ത്യ ഇടപെട്ടിട്ടില്ലെങ്കിലും ഇപ്പോൾ മോദിയുടെ പ്രസംഗത്തോടെ ഇവരുടെ സാമ്രാജ്യത്വ വാദം ശക്തമായിരിക്കുകയാണ്.

ഇന്ത്യക്ക് കാശ്മീർ എന്നതുപോലെ പാക്കിസ്ഥാന് ബലോച് മേഖല
ഇന്ത്യക്ക് കാശ്മീർ എങ്ങിനെയോ അതിന്റെ എത്രയോ മടങ്ങ് തീവ്രമായ പ്രാദേശികവാദം നിലനിൽക്കുന്ന ബലോച് മേഖല പാക്കിസ്ഥാന് എക്കാലവും തലവേദനയായിരുന്നു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്ഥാന്റെ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുമ്പോഴും ഇക്കാലമത്രയും അവരുടെയോ മറ്റൊരു രാജ്യത്തിന്റെയോ ആഭ്യന്തര വിഷയത്തിൽ ഇന്ത്യ പരസ്യമായി പ്രസ്താവനകളിലൂടെ പോലും ഇടപെട്ടിരുന്നില്ല. ബലൂചിസ്ഥാൻ വിഷയത്തിൽ പ്രത്യേകിച്ചും. പക്ഷേ, മോദിയുടെ പ്രതികരണം അക്ഷരാർത്ഥത്തിൽ പാക്കിസ്ഥാനെ ഞെട്ടിക്കുന്നതായി.
മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ബലോചിസ്ഥാനിലെ ജനങ്ങളെ പറ്റി മോദി പറഞ്ഞു തുടങ്ങിയതോടെ അവരുടെ പ്രതീക്ഷകൾക്ക് ജീവൻവയ്ക്കുന്നുവെന്ന് പറയാം. ഇന്ത്യയെ പോലൊരു രാജ്യത്തെ ഭരണാധികാരിയുടെ പിന്തുണ കിട്ടുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ് ബലൂചിസ്ഥാൻ ദേശീയവാദികൾ ഒന്നടങ്കം.
ബലൂചിസ്ഥാൻ, ഗിൽജിത് ബാൾട്ടിസ്ഥാൻ, പാക് അധീന കാശ്മീർ എന്നിവടങ്ങളിലെ ഒരിക്കലും കണ്ടിട്ടില്ലാത്തതോ പരിചയപ്പെട്ടിട്ടില്ലാത്തതോ ആയ ആളുകളിൽ നിന്നും തനിക്ക് നന്ദസന്ദേശങ്ങൾ ലഭിച്ചുവെന്നാണ് മോദി പറയുന്നത്. പക്ഷേ മോദിയുടെ ബലൂച് പരാമർശം ചില കാര്യങ്ങൾ മുൻകൂട്ടി ഉറപ്പിച്ചുതന്നെയെന്നാണ് വ്യക്തമാകുന്നത്. സെപ്റ്റംബറിൽ ബലൂച് വിഷയം ഐക്യരാഷ്ട്രസഭയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. കാശ്മീർ വിഷയത്തിൽ നിരന്തരം ഇടപെടുന്ന പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ മോദിയുടെ പിന്തുണയുണ്ടാവണമെന്ന് ബലോച് ദേശീയവാദികൾ ആവശ്യപ്പെട്ടുകഴിഞ്ഞു. ബലൂചിസ്ഥാനിലെ ജനങ്ങൾ മുഴുവൻ ഇക്കാര്യത്തിൽ മോദിയുടെ പിന്തുണ ആഗ്രഹിക്കുന്നുവെന്നാണ് ലോക ബലൂച് വനിതാ ഫോറം അധ്യക്ഷ നേല ഖദ്രി പറഞ്ഞത്.
പ്രാദേശികവാദം ഉന്നയിക്കുകയും സ്വതന്ത്ര രാജ്യവാദം ഉയർത്തുകയും ചെയ്തതിന് ഇരുപതിനായിരത്തിൽപ്പരം പേരെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയെന്നാണ് ബലൂച് ദേശീയവാദികൾ പറയുന്നത്. ഇവരിലാരും പിന്നെ തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല, അഫ്ഗാനിസ്ഥാനെതിരെ പോരാടുന്ന അൽഖ്വയ്ദ പ്രവർത്തകർക്ക് പാക്കിസ്ഥാൻ അഭയകേന്ദ്രമൊരുക്കിയിട്ടുള്ളതും ബലൂചിസ്ഥാനിലാണ്. ഇതെല്ലാം ബലോചികളുടെ സ്വൈര്യജീവിതത്തെ തകർക്കുന്നവെന്ന് ബലോച് ദേശീയവാദികൾ ഉന്നയിക്കുന്നു. ഇവരുടെ നേതാക്കളിൽ പലരും സൈനിക നടപടി ഭയന്ന് വിദേശത്താണ് ഉള്ളതും. ജനങ്ങളുടെ നേരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ തന്നെ തീവ്രവാദികളെ പ്രേരിപ്പിക്കുന്നതായും ആക്ഷേപം ശക്തമാണ്.

ഗുജ്‌റാൾ തണുപ്പിച്ച റോയെ മോദി ശക്തമാക്കിയപ്പോൾ
ഇന്ദിരാഗാന്ധി കിഴക്കൻ പാക്കിസ്ഥാനെ വിഭജിച്ച് ബംഗഌദേശിനെ സ്വതന്ത്രമാക്കിയതുപോലെ ബലോചിസ്ഥാനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ മോദി രംഗത്തിറങ്ങുമെന്ന് ബലോചുകൾ പ്രതീക്ഷിച്ചു തുടങ്ങിയതായാണ് അവിടെനിന്നുള്ള പ്രതികരണങ്ങൾ. ഇന്ത്യ ബലോച് മേഖലയിൽ നമ്മുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയെ ഇടപെടുവിക്കുന്നതായും പാക്കിസ്ഥാനെതിരായ ബലോചുകളുടെ പോരാട്ടത്തിന് പിന്തുണ നൽകുന്നതായും ഏറെക്കാലമായി പാക്കിസ്ഥാൻ ഉന്നയിക്കുന്ന ആരോപണമാണ്. ഏറെക്കാലം മുമ്പ് ഇത്തരത്തിൽ ഇന്ത്യക്ക് ബലൂചിസ്ഥാനിൽ ശക്തമായ രഹസ്യാന്വേഷണ സംവിധാനം ഉണ്ടായിരുന്നു.
1998 കാലത്ത്, ഐ കെ ഗുജ്‌റാൾ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ ഇത് അവഗണിക്കപ്പെടുകയും ദുർബലമാകുകയും ചെയ്തു. പിന്നീട് ഇത് പുനരുജ്ജീവിപ്പിക്കാൻ മന്മോഹൻ സിംഗിന്റെ കാലത്ത് താൽപര്യം ഉണ്ടായില്ല. പക്ഷേ, ഇപ്പോൾ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ എത്തിയതോടെ ബലൂചിസ്ഥാനിൽ പഴയപടി ഇന്ത്യൻ രഹസ്യാന്വേഷകർ പിടിമുറുക്കുകയാണ്. രണ്ടുവർഷമായി പഴയ നിലവാരത്തിലേക്ക് സജീവമായി ഇന്ത്യൻ ഇടപെടലുകൾ ഉണ്ടെന്നത് പരസ്യമായി രഹസ്യമാണിപ്പോൾ. അതുകൊണ്ടുതന്നെ മോദി ബലൂചിസ്ഥാനെപറ്റി പരാമർശം നടത്തിയത് ഒരു സുപ്രഭാതത്തിലെ തീരുമാനമല്ലെന്നും നേരത്തെതന്നെ ബലോച് വിഷയത്തിൽ ഇടപെടാൻ മോദി സർക്കാർ തീരുമാനിച്ചിരുന്നെന്നുമുള്ള സൂചനകളാണ് ലഭിക്കുന്നത്.

മർമ്മത്തുനോക്കി അടിച്ചപ്പോൾ വിറളിപൂണ്ട് പാക്കിസ്ഥാൻ
സത്യത്തിൽ മർമ്മംനോക്കിയുള്ള അടിയായിരുന്നു മോദിയുടെ ബലൂചിസ്ഥാൻ പരാമർശം. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ഒരു പരാമർശം പോലും ഏറെക്കാലമായി നടത്തിയിട്ടില്ലാത് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രയോഗം അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാൻ ഞെട്ടിയുണർന്നു. മോദിയുടെ പ്രസംഗത്തിന് പിന്നാലെതന്നെ അവർ ബലോച് മേഖലയിലെ ദേശീയവാദികളുമായി ചർച്ചയ്ക്കു തയ്യാറായതുതന്നെ അവർ എത്രമാത്രം ഭയന്നുപോയെന്നതിന്റെ പ്രകടമായ സൂചനയായി മാറുന്നുവെന്ന് നയതന്ത്രജ്ഞരിൽ ചിലർതന്നെ ചൂണ്ടിക്കാട്ടുന്നു. ബലോച് ദേശീയവാദി നേതാക്കളെ സന്ധിസംഭാഷണത്തിന് ക്ഷണിച്ച പാക് അധികൃതർ വിദേശത്തുള്ള ബലോച് നേതാക്കളെ രാജ്യത്തേക്ക് തിരികെ ക്ഷണിക്കുന്നതായും പ്രഖ്യാപിച്ചു. ഇന്ത്യയുടെ പിന്തുണ തേടരുതെന്ന് ബലോച് ദേശീയവാദികളോട് പാക്കിസ്ഥാനി പത്രപ്രവർത്തകർ ആഹ്വാനം ചെയ്യുകയും ചെയ്തു.
കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഇടപെടുന്ന തരത്തിൽ ബലോച് വിഷയത്തിൽ ഇന്ത്യ ഇടപെട്ടാൽ പാക്കിസ്ഥാന്റെ നിലനിൽപിനെത്തന്നെ അത് ബാധിക്കുമെന്ന സാഹചര്യമാണ് പാക്കിസ്ഥാൻ അധികൃതരെ ശരിക്കും ഞെട്ടിച്ചത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അഭയംതേടിയിട്ടുള്ള ബലോച് നേതാക്കൾ ഒന്നടങ്കം മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തതും പാക്കിസ്ഥാന് വൻ തിരിച്ചടിയായി. കാശ്മീർ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മോദി ബലോച് വിഷയം ഉന്നയിച്ചതെന്നു പറഞ്ഞ് പ്രശ്‌നത്തെ ചെറുക്കാൻ ശ്രമിക്കുമ്പോഴും രാജ്യാന്തര പിന്തുണയ്ക്കായി ശ്രമിക്കുന്ന ബലോച് ദേശീയവാദികൾക്ക് കിട്ടുന്ന വലിയൊരു കച്ചിത്തുരുമ്പായി മാറുകയാണ് മോദിയുടെ വാക്കുകൾ. ലോകത്തുതന്നെ ഒരു രാജ്യത്തിന്റെ ഭരണാധികാരി ബലോചിന്റെ വിഷയത്തിൽ സംസാരിക്കുന്നത് ആദ്യമായാണെന്ന് ബലൂചിസ്ഥാൻ ദേശീയ വാദികൾ പറയുന്നു. ഇനിയങ്ങോട്ടുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ എന്താകുമെന്ന ആകാംക്ഷയും അവർ ഉയർത്തിക്കഴിഞ്ഞു. കൂടെ അതിനുള്ള അഭ്യർത്ഥനയും.

മോദിയുടെ നീക്കത്തിൽ തുറക്കുന്നത് നിരവധി സാധ്യതകൾ
കാശ്മീരിൽ പാക്കിസ്ഥാന്റെ ഇടപെടൽ ലഘൂകരിക്കാൻ മാത്രമല്ല, ബലോച് മേഖലയിൽ പാക്കിസ്ഥാൻ ചൈനയ്ക്കായി ഇടംകൊടുക്കുന്നതിനെ ചെറുക്കാനും കൂടി ഉദ്ദേശിച്ചാണ് മോദിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയങ്ങളോട്ട് കാശ്മീർ വിഷയത്തിൽ എന്തെങ്കിലും മിണ്ടിയാൽ തിരിച്ചങ്ങോട്ട് ബലോചിസ്ഥാനിലൂടെ പണികിട്ടുമെന്ന കൃത്യമായ ഭീഷണി മോദിയുടെ പ്രസംഗത്തിൽ പാക്കിസ്ഥാൻ വായിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ നീക്കത്തെ കാര്യമായി എതിർക്കാത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നതും. ഇന്ത്യ പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതെ നിന്നതിനാൽ അന്താരാഷ്ട്രതലത്തിൽ അന്തസ്സ് ഉയർത്തിപ്പിടിക്കുകയായിരുന്നുവെന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിരുന്നത്. എന്നാൽ അത്തരത്തിലൊരു നിലപാടുകൊണ്ട് ഇനി കാര്യമില്ലെന്ന വാദമാണ് മോദിയും ബിജെപിയും ഉയർത്തുന്നതെന്ന് വ്യക്തം. കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഈ അന്തസ്സുകൊണ്ട് കാര്യമില്ലെന്നാണ് ബിജെപിയുടെ നിലപാട്. മോദി നവാസ് ഷെരീഫുമായി ആദ്യഘട്ടത്തിൽ ഉണ്ടാക്കിയെടുത്ത സൗഹൃദം പാക്കിസ്ഥാൻ മുതലെടുക്കുന്ന സാഹചര്യമുണ്ടായതും പരിഗണിച്ചാണ് ഇനിയങ്ങോട്ട് അന്തസ്സ് വച്ചുപുലർത്തി പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്ന നിലപാടിലേക്ക് ബിജെപിയും മോദിയും എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കാശ്മീർ വിഷയത്തിനപ്പുറത്തേക്ക് ബലോചിസ്ഥാൻ എന്ന തന്ത്രപ്രധാന മേഖലയിൽ ഇന്ത്യക്ക് താൽപര്യമുള്ള വേറെയും വിഷയങ്ങളുണ്ട്. ദക്ഷിണ അഫ്ഗാൻ മേഖലയിൽ ഇന്ത്യ ഇപ്പോൾ നിരവധി വ്യാവസായിക പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. താജിക്കിസ്ഥാൻ എയർഫോഴ്‌സുമായി ചേർന്ന് ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ അവിടെ ഫാർഖോർ എയർബേയ്‌സും ഇന്ത്യ ഒരുക്കുന്നു. രാജ്യത്തിന് പുറത്ത് ഇന്ത്യക്കുള്ള ആദ്യത്തെ എയർബേയ്‌സ് ആണിത്. ഇവിടെ വിമാനത്താവളവും ഹെലിപാഡുമെല്ലാം ഇന്ത്യ തീർക്കുന്നു. ബലൂചിസ്ഥാൻ മേഖലയിലൂടെയുള്ള സ്വതന്ത്ര നീക്കം ഭാവിയിൽ ആവശ്യമായി വരുന്ന തരത്തിൽ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ പാക്കിസ്ഥാൻ ഭയത്തോടെയാണ് കാണുന്നത് എന്നതും അവരുടെ ഇപ്പോഴത്തെ ഭയത്തിന് ആധാരമാണ്. തെക്കൻ അഫ്ഗാനിസ്ഥാനിലും രാജസ്ഥാൻ മരുഭൂമിയിലും സൈനികവിന്യാസം നടത്തിയാൽ ഇന്ത്യക്ക് ഇരുവശത്തുനിന്നും ബലൂചിസ്ഥാനിൽ ഇടപെടാൻ അവസരമൊരുങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ചൈനയുടെ നീക്കങ്ങൾക്കും ഇന്ത്യയുടെ താക്കീത്
ബലോച് മേഖലയിലെ ഗ്വാഡർ തുറമുഖം പാക്കിസ്ഥാൻ ചൈനീസ് നാവികസേനയുടെ താവളമാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇറാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇടപെടലുകൾക്കും ഇറാൻ പ്രകൃതിവാതക പൈപ്പ് ലൈനിനുമെല്ലാം ഇന്ത്യ ആശ്രയിക്കേണ്ടിവരുന്ന ബലോച് മേഖലയിൽ ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യ ഇഷ്ടപ്പെടുന്നില്ലെന്ന വ്യക്തം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള മേഖലയിൽ നിരവധി തുറമുഖങ്ങളുള്ളതിനാൽ പ്രദേശം ആഗോളതലത്തിൽത്തന്നെ പ്രാധാന്യമുള്ളതാണ്. ഈ മേഖലയിൽ ചൈനീസ് സാന്നിധ്യമുണ്ടാകുന്നത് ഇന്ത്യക്കാണ് ഏറെ ആപൽക്കരമെന്നുകൂടി തിരിച്ചറിഞ്ഞാണ് മോദിയുടെ ബലോച് പരാമർശമെന്നും ചില വിലയിരുത്തലുകൾ ഉയരുന്നു. പാക് സർക്കാരിനെതിരെ നിലകൊള്ളുന്ന ബലോചികളുടെ പിന്തുണയാർജിക്കാനായാൽ പ്രദേശത്ത് ചൈനീസ് സൈനികതാവളം ഉയരുന്നതിനെ തടയാനാകുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.
ഭാവിയിൽ പാക്കിസ്ഥാനിൽ നിന്നല്ല, മറിച്ച് ചൈനയിൽ നിന്നാണ് ഇന്ത്യക്ക് ഏറ്റവുമധികം ഭീഷണികൾ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകളുള്ളത്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ മോദിയുടെ നീക്കം അങ്ങേയറ്റം ഫലവത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുമായി നിതാന്ത ശത്രുതയിലുള്ള പാക് സർക്കാർ കൊണ്ടുവന്ന് ഗ്വാഡർ തുറമുഖത്ത് പ്രതിഷ്ഠിക്കുന്ന ചൈനീസ് നാവികസേനയ്ക്ക് പിന്നെ പ്രാദേശിക ജനങ്ങളുടെ പിന്തുണ ഇല്ലാതാകുമെന്നും അവരുടെ എതിർപ്പ് ചൈനയ്ക്ക് ഇവിടെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നിഷേധിക്കുമെന്നുമാണഅ വിലയിരുത്തലുകൾ. ബലൂചിനെ സ്വതന്ത്രമാക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനും ഇറാനുമായി ചേർന്ന് ശ്രമങ്ങൾ നടത്തുകയാണെന്ന് മുമ്പും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. പക്ഷേ, ഇതിനുപിന്നാലെ അടുത്തകാലത്തായി മറ്റൊരു പ്രസ്താവനകൂടി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
ബലൂചിസ്ഥാൻ മേഖലയിൽ ചൈനീസ് സ്വാധീനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും ചേർന്ന് ഇവിടെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നായിരുന്നു ആ ആരോപണം. ഇതെല്ലാം വിരൽചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്. ബലോച് മേഖലയിൽ ചൈനയ്ക്ക് പാക്കിസ്ഥാൻ താവളം നൽകിയതോടെ അമേരിക്കയുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും വേണ്ടിവന്നാൽ ബലോച് മേഖലയെ അവിടെയുള്ള ജനങ്ങളുടെ പിന്തുണയോടെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യക്ക് നിർണായക സ്ഥാനമുണ്ടാകുമെന്ന സാധ്യതകളാണ് ഇവിടെ തെളിഞ്ഞുവരുന്നത്. അതിനാൽത്തന്നെ, വെറുതെ പാക്കിസ്ഥാനെ കാശ്മീർ വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള മോദിയുടെ ഉണ്ടയില്ലാ വെടിയല്ലായിരുന്നു ചെങ്കോട്ടയിലെ പ്രസംഗമെന്നും ഭാവിയിൽ വരാൻപോകുന്ന വലിയൊരു നയതന്ത്ര നീക്കത്തിന്റെ ചെറുതുടക്കം മാത്രമായിരുന്നു അതെന്നും വ്യക്തമാകുന്നു.

No comments :

Post a Comment