
വിരലില്‍ കുരുങ്ങുന്ന ഫാഷന്‍ മോതിരം
ഫാഷന്‍ മോതിരങ്ങള്‍ ഉപയോഗിക്കരുതെന്ന് വിദ്യാലയ അധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല
August 25, 2016, 01:00 AM IST
കൂത്താട്ടുകുളം: കുട്ടികളിലെ ഫാഷന്‍ മോതിരഭ്രമം സ്‌കൂള്‍ അധികൃതര്‍ക്കും അഗ്നിശമനസേനയ്ക്കും തലവേദനയാകുന്നു. സ്റ്റീല്‍ നിര്‍മ്മിതമായ പ്രത്യേക ഫാഷന്‍ മോതിരങ്ങള്‍ കൊച്ചുകുട്ടികളുടെ വിരലില്‍ കുരുങ്ങുന്നത് പതിവാകുകയാണ്.
ഉഴവൂര്‍ പയസ് മൗണ്ടിലെ വിപിന്‍ ചന്ദ്രന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം കൂത്താട്ടുകുളത്തെ അഗ്നിശമനസേനാംഗങ്ങളാണ് ഊരിയെടുത്തത് .അധ്യാപകരും രക്ഷാകര്‍ത്താക്കളും , സ്വര്‍ണപ്പണിക്കാരനും വിരലില്‍ കുരുങ്ങിയ മോതിരം ഊരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മോനിപ്പിള്ളി എം.യു.എം. ആസ്പത്രിയിലും മോതിരം ഊരിയെടുക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തില്‍ കുട്ടിയെ എത്തിച്ചു. ചരട് ഉപയോഗിച്ചുള്ള ടങ്കീസ് ടെക്‌നിക്കിലൂടെ അഗ്നിശമനസേനാംഗങ്ങള്‍ മോതിരം ഊരിയെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും മറ്റൊരു കുട്ടിയുടെ വിരലിലും ഫാഷന്‍ സ്റ്റീല്‍ മോതിരം കുരുങ്ങിയിരുന്നു. കൂത്താട്ടുകുളത്തെ അഗ്നിശമനസേനയാണ് മോതിരം ഊരിയെടുത്തത് .
കടകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്ന വിവിധ ചലച്ചിത്രങ്ങളുടെയും ചലച്ചിത്രനായകന്‍മാരുടെയും പേരിലുള്ള മോതിരങ്ങളാണ് കുട്ടികളെ കുരുക്കുന്നത് . വിവിധ വളയങ്ങളിലുള്ള മോതിരം ഒന്നിനുമുകളില്‍ ഒന്നായി ചേര്‍ത്തുവച്ച് ചലിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.
ഫാഷന്‍ മോതിരങ്ങള്‍ ഉപയോഗിക്കരുതെന്ന് വിദ്യാലയ അധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഫാഷന്‍ മോതിരഭ്രമം കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കാന്‍ വിദ്യാലയങ്ങളില്‍ ബോധവത്കരണം നടത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അഗ്നിശമനസേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment