" അബെ അഗസ്റ്റിന്‍, നിക്കി ഹാംബ്ലിന്‍" ഇരുവരും ഇന്നലെ വരെ അമേരിക്കയിലും ന്യൂസിലാന്‍ഡിലും മാത്രം അറിയപ്പെട്ടിരുന്ന രണ്ടു കായിക താരങ്ങളായിരുന്നു. എന്നാല്‍ ഇന്നിവര്‍ റിയോ ട്രാക്കിലെ മാലാഖമാരാണ്. മനുഷ്യത്വത്തിന്റെ പര്യായമാണ്. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്‌സിലാണ് മനസ്സിന്റെ നന്മ കൊണ്ട് ഇരുവരും ഫൈനലിന് യോഗ്യതയും കാണികളുടെ മനസ്സിൽ ഇടവും നേടിയത്.
rio
5000 മീറ്റര്‍ രണ്ടാം ഹീറ്റ്‌സില്‍ ട്രാക്കില്‍ 17 താരങ്ങള്‍, ഫൈനല്‍ ലക്ഷ്യമാക്കി കുതിക്കവെ ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിന് അടിതെറ്റി. ബാക്കി 15 പേരും തിരിഞ്ഞു പോലും നോക്കാതെ ഫിനിഷിങ് പോയന്റ് ലക്ഷ്യമാക്കി കുതിച്ചു. നിക്കിയെ തടഞ്ഞ് അമേരിക്കയുടെ അബെയും ട്രാക്കില്‍ വീണിരുന്നെങ്കിലും ഉടന്‍ എഴുന്നേറ്റു, എന്നാല്‍  നാലു വര്‍ഷമായി തന്റെ സ്വപ്‌നമായിരുന്ന ഒളിമ്പിക് മെഡലെന്ന ആഗ്രഹം മറന്ന് വേദനകൊണ്ട് പുളയുന്ന നിക്കിക്ക് താങ്ങുമായി അബെയെത്തി.

വീണ്ടും ട്രാക്കിലേക്ക് പിടിച്ചുയര്‍ത്തി ഓട്ടം തുടരാന്‍ പ്രചോദിപ്പിച്ചു. എന്നാല്‍ വീഴ്ചയില്‍ കൂടുതല്‍ പരിക്കേറ്റിരുന്നത് തനിക്കായിരുന്നെന്ന് അബെ അപ്പോഴാണ് മനസ്സിലാക്കുന്നത്, പരിക്കേറ്റ കാലുമായി ഓട്ടം തുടരാനാകാതെ അബെ ട്രാക്കില്‍ വീണു. തന്റെ വീഴ്ചയില്‍ സഹായവുമായെത്തിയ അബെയെ വിട്ട് ഓട്ടം പൂര്‍ത്തിയാക്കാന്‍ നിക്കിയുടെ മനസ്സും അനുവദിച്ചില്ല. ഒടുവില്‍ അബെയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിക്കി 5000 മീറ്റര്‍ ഫിനിഷ് ചെയ്തു.
rio
ഏറെ പാടുപെട്ട് അബെയും (17 മിനിറ്റ് 10:02 സെക്കന്‍ഡ്)  അവസാന സ്ഥാനക്കാരിയായി മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ഫിനിഷിങ് പോയന്റില്‍ നിക്കി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, പകരം വയ്ക്കാന്‍ സാധിക്കാത്ത യഥാര്‍ഥ സുഹൃത്തിനെ ലഭിച്ച സന്തോഷം കെട്ടിപ്പുണര്‍ന്ന് ഇരുവരും പങ്കുവച്ചു. എന്നാല്‍ ഏവരെയും ഞെട്ടിച്ച അറിയിപ്പ് പിന്നീടാണ് പുറത്തുവന്നത്‌. ഒളിമ്പിക് അസോസിയേഷന്‍ അബെയ്ക്കും നിക്കിക്കും ഫൈനല്‍ യോഗ്യതയും നല്‍കി.

rio