വഡോദര: സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ട് റെയില്‍ബജറ്റില്‍ പ്രഖ്യാപിച്ച അന്ത്യോദയ എക്‌സ്പ്രസ് ഉള്‍പ്പടെ നാല് വിഭാഗത്തിലുള്ള തീവണ്ടികള്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. റിസര്‍വ് ചെയ്യാതെ യാത്രചെയ്യാവുന്ന ജനറല്‍ കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനാണ് ഇതില്‍ പ്രധാനം. ദീര്‍ഘദൂര ട്രെയിനാണെങ്കിലും എല്ലാ കോച്ചുകളും അണ്‍റിസേര്‍വ്ഡായിരിക്കും. തിരക്കേറിയ റൂട്ടുകളിലായിരിക്കും ഈ ട്രെയിന്‍ ഓടിക്കുക.
തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമുള്ള ഹംസഫര്‍ എക്‌സ്പ്രസാണ് റെയില്‍വെമന്ത്രി പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന തേജ് ട്രെയിനാണ് മറ്റൊന്ന്‌. തേജസില്‍ വൈഫൈ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഡബിള്‍ ഡക്കല്‍ എ.സി ട്രെയിനായ ഉദയ് തിരക്കേറിയ റൂട്ടുകളില്‍ ഓടിക്കും. 40 ശതമാനം അധികം യാത്രക്കാരെ കൊണ്ടുപോകാന്‍ ഡബിള്‍ ഡെക്കര്‍ തീവണ്ടിയിലൂടെ കഴിയും. തിരക്കേറിയ ദീര്‍ഘദൂര ട്രെയിനുകളില്‍ രണ്ടുമുതല്‍ നാല് വരെ ദീന്‍ ദയാലു കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്നും സുരേഷ് പ്രഭു പറഞ്ഞു. റിസര്‍വ് ചെയ്യാതെ യാത്രചെയ്യാവുന്ന ജനറല്‍ കോച്ചുകളാണ് ദീന്‍ ദയാലു കോച്ചുകള്‍.
ബജറ്റില്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്താനായി ഡല്‍ഹിയിലേക്ക് മുഖ്യമന്ത്രിമാര്‍ വരേണ്ട കാര്യമില്ലെന്നും തീവണ്ടികള്‍ പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വെ മന്ത്രാലയം തന്നെ എല്ലാ സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് സംയുക്ത കമ്പനികള്‍ രൂപവത്കരിച്ച് പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്താ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ നാല് വിഭാഗങ്ങളിലുള്ള ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും.