Saturday, 17 September 2016

ഗഡ്കരിയുടെ മോഡി മാജിക്

ഉണ്ണി കൊടുങ്ങല്ലൂര്‍

വിമാന വേഗമുള്ള ട്രെയിൻ, മുംബൈ – പൂനെ 35 മിനിറ്റ്!

ദിവസവും വിമാനത്തില്‍ കയറി ജോലിക്കു പോവാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ഒട്ടും പിശുക്കില്ലാതെ തന്നെ ആലോചിച്ചോളൂ. വിമാനവേഗതയില്‍ സഞ്ചരിക്കുന്ന പറക്കും ട്രെയിന്‍ ഉടന്‍ തന്നെ ഇന്ത്യയിലും എത്തും!
അമേരിക്കന്‍ കോടീശ്വരൻ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയാണ് 'ഹൈപ്പര്‍ലൂപ്' എന്ന് വിളിക്കുന്ന ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. പൂനെയില്‍ നിന്ന് ആദ്യമായി സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ട്രെയിന്‍ സിസ്റ്റത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്നു കഴിഞ്ഞു.
ഹൈടെക് കണ്ടുപിടിത്തങ്ങളുടെ തറവാടായ അമേരിക്കന്‍ വെസ്റ്റ് കോസ്റ്റ് സന്ദര്‍ശനവേളയിലാണ് ഗഡ്കരിക്ക് ഇങ്ങനെയൊരു ആശയം ഇന്ത്യയിലും പ്രവര്‍ത്തികമാക്കിയാലോ എന്ന് തലയിലുദിച്ചത്. ഭാവിതലമുറ കണ്ടുപിടുത്തങ്ങളുടെ തമ്പുരാന്‍ എലോണ്‍ മസ്‌കിന്റെ 'ടെസ്‌ല' കമ്പനിയിലായിരുന്നു ഗഡ്കരിയുടെ ചർച്ച.
മുംബൈ– പൂനെ ദൂരത്തില്‍ പൈലറ്റ് പരീക്ഷണം നടത്താനാണ് ആലോചിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. 'പരീക്ഷണങ്ങള്‍ക്കായി അവര്‍ക്ക് ഒരു സ്ഥലം ആവശ്യമായിരുന്നു. എക്‌സ്പ്രസ് ഹൈവേയുമായി ബന്ധിപ്പിച്ചിരിക്കുന്ന പൂനെയുടെ പശ്ചിമഭാഗത്തെ ബൈപ്പാസ് ഉപയോഗിക്കാമെന്ന് നിര്‍ദേശം വയ്ക്കുകയായിരുന്നുവെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
2013 ലായിരുന്നു ഇങ്ങനെ ഒരു ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. മണിക്കൂറില്‍ 1,120 കിലോമീറ്റർ വേഗതയില്‍ ഓടുന്ന ട്രെയിന്‍. നാഗ്പൂര്‍ മുതല്‍ മുംബൈ വരെ എത്തണമെങ്കില്‍ എടുക്കുന്നത് വെറും മുപ്പത്തഞ്ചു മിനിറ്റ് സമയം. ഹൈപ്പര്‍ലൂപ്പിന്റെ പ്രവര്‍ത്തനസജ്ജമായ പ്രോട്ടോടൈപ്പ് വികസനം തങ്ങള്‍ വളരെയധികം താല്പര്യത്തോടെയാണ് കാണുന്നതെന്ന് സ്പേസ്എക്സ് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.
മറാത്തി ഡേയ്‌ലി ലോക്മത് സംഘടിപ്പിച്ച ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഇക്കാര്യം സ്ഥിതീകരിച്ചിരുന്നു. സൗരോര്‍ജശേഖരണം പോലെയുള്ള മേഖലകളില്‍ നിക്ഷേപസമാഹരണത്തിനായി ടെസ്‌ലയെ ക്ഷണിച്ചതായി നിതിന്‍ ഗഡ്കരി പറഞ്ഞു.
വിമാനത്തേക്കാൾ വേഗമുള്ള ഹൈപ്പർലൂപ്
വർഷങ്ങൾക്ക് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഹൈപ്പർലൂപ്. എന്തിനും ഏതിനും സമയമില്ലെന്ന് പരാതിപ്പെടുന്നവർക്ക് കുറഞ്ഞ നിരക്കിൽ വേഗതയിലൊരു യാത്രയൊരുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഹൈപ്പർലൂപിനെ കുറിച്ച് വിവിധ രാജ്യങ്ങൾ ചർച്ച ചെയ്തു. യുഎഇയിലും അത്തരമൊരു ചർച്ച നടന്നിരുന്നു. ദുബായിൽ നിന്ന് അബൂദബിയിലേക്ക് 14.9 മിനുറ്റു കൊണ്ട് എത്താമെന്ന പുതിയ പ്രഖ്യാപനമാണ് ഹൈപ്പർലൂപ് നടത്തിയത്.
ആദ്യ ചർച്ച അമേരിക്കയിൽ നിന്ന്
അമേരിക്കയിലെ എലണ്‍ മസ്‌ക് എന്ന കോടീശ്വരനാണ് ഹൈപ്പർലൂപ് ആദ്യമായി അവതരിപ്പിക്കുന്നത്. സ്‌പേസ്എക്‌സ്, ടെസ്‌ല ഇലക്ട്രിക് ഓട്ടോമൊബൈല്‍ തുടങ്ങി കമ്പനികൾ സ്ഥാപിച്ച മസ്കിൻ നിരവധി കണ്ടെത്തലുകൾ നടത്തി പ്രശസ്തനായ വ്യക്തിയാണ്. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗതയുള്ള ഒരു ചെലവ് കുറഞ്ഞ പദ്ധതിയായാണ് എലൺ അന്ന് പദ്ധതി വിശദീകരിച്ചത്. അന്നത്തെ പ്രൊജക്ടിൽ സാന്‍ ഫ്രാന്‍സിസ്‌കോയെയും ലോസ് ഏഞ്ചൽസിനെയും ബന്ധിപ്പിക്കുന്ന വേഗതയുള്ള റെയിൽപാത എന്നാണ് പറഞ്ഞിരുന്നത്.
പദ്ധതിയ്ക്ക് ഹൈപ്പര്‍ലൂപ് എന്ന് പേരിടുകയും ചെയ്തു. പദ്ധതിയുടെ രൂപരേഖ മാധ്യമങ്ങളിലും ഓൺലൈനിലും ദിവസങ്ങളോളം ചർച്ചയായി. സാൻ ഫ്രാന്‍സിസ്‌കോ– ലോസ് ഏഞ്ചൽസ് ബന്ധിപ്പിക്കുന്ന 68 ബില്യണ്‍ ഡോളര്റിന്റെ ഒരു പ്രൊജക്ട് അന്നു നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹൈപ്പർലൂപ് പദ്ധതിക്ക് കേവലം ആറു ബില്യണ്‍ ഡോളര്‍ മതിയെന്നാണ് എലൻ അന്നു അവകാശപ്പെട്ടത്
വേഗം അത്ഭുതപ്പെടുത്തുന്നത്
ഹൈപ്പർലൂപിന്റെ വേഗം അത്ഭുതപ്പെടുത്തുന്നതാണ്. വിമാനത്തേക്കാൾ വേഗമുള്ള ട്രെയിൻ സർവീസ് സാധ്യമാണെന്നാണ് എലൺ അവകാശപ്പെട്ടത്. പദ്ധതി രൂപരേഖയിൽ ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്,– സാന്‍ ഫ്രാന്‍സിസ്‌കോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ദൂരം 613.9 കിലോമീറ്റര്‍. ഇത്രയും ദൂരം സഞ്ചരിക്കാൻ വിമാനം എടുക്കുന്ന സമയം ഒരു മണിക്കൂര്‍ 15 മിനുറ്റാണ്. റോഡ് വഴി പോകുമ്പോൾ ഏകദേശം 5 മണിക്കൂര്‍ 30 മിനുറ്റ് വേണ്ടിവരും. നിലവിലുള്ള ഏറ്റവും വേഗമുള്ള ട്രെയിൻ വഴി പോയാൽ 2 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും. എന്നാൽ ഹൈപ്പര്‍ലൂപ് ‌വഴി പോയാൽ കേവലം 30 മിനുറ്റ്കൊണ്ട് ലക്ഷ്യസ്ഥലത്തെത്താം.
സുരക്ഷിതം, ചെലവുകുറവ്
വേഗമേറിയ യാത്രാസംവിധാനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷിതത്വമാണ്. എന്നാൽ ചെലവ് കൂടുതലും. ഹൈപ്പർലൂപ് ടെക്നോളജി യാത്രാസുരക്ഷിതം നൽകുമെന്നാണ് വിശ്വസിക്കുന്നത്. സുരക്ഷിതത്വം, വേഗം, ചെലവ് കുറവ്, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശക്തി, സ്ഥിരത, ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ്, സോളാറിന്റെ ഉപയോഗം തുടങ്ങി ഗുണങ്ങള്‍ ഹൈപ്പർലൂപിനെ ജനപ്രിയമാക്കുമെന്നാണ് എലൺ അന്നത്തെ പദ്ധതിരൂപരേഖയിൽ പറഞ്ഞിരുന്നത്.
ഹൈപ്പർലൂപ് ഒരു ട്യൂബാണ്
റെയിൽ പാതയുടെ സ്ഥാനത്ത് സാങ്കേതികമായി വികസിപ്പിച്ചെടുത്ത പ്രത്യേകം ട്യൂബാണ് ഹൈപ്പർലൂപ് ഉപയോഗിക്കുന്നത്. സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര. യാത്രക്കാരെയും ചരക്കുകളും കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു. ഓരോ 30 സെക്കന്‍ഡിലും ഓരോ കാബിനുകള്‍ വീതം നീക്കാനാകും. മണിക്കൂറില്‍ 1,300 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ് ട്യൂബിൽ ചരക്കും കടത്താനാകും. 

No comments :

Post a Comment