Friday, 16 September 2016

നിങ്ങള്‍ക്കും നിര്‍മ്മിക്കാം അടുക്കളക്കുളം

ഉണ്ണി കൊടുങ്ങല്ലൂര്‍

നിങ്ങള്‍ക്കും നിര്‍മ്മിക്കാം അടുക്കളക്കുളം


പലരാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു വീട്ടിലെ ആവശ്യത്തിലുള്ള മത്സ്യം വീട്ടില്‍ തന്നെ വളര്‍ത്തുന്ന രീതിയുണ്ട്

മത്സ്യത്തിന്റെ വില ദിവസംതോറും കൂടിവരുകയാണ്. കേരളത്തില്‍ നല്ല മത്സ്യം കിട്ടാനുമില്ല. എന്നാല്‍ കേരളം മാത്രുകയാക്കേണ്ട ഒന്നുണ്ട് ബംഗാളിലെ വീടുകളില്‍ സാധാരണകാണപ്പെടുന്ന അടുക്കളക്കുളം എന്ന മീന്‍ കൃഷി. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്ന രീതിയാണ് അടുക്കളക്കുളം എന്നു പറയുന്നത്.
പലരാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു വീട്ടിലെ ആവശ്യത്തിലുള്ള മത്സ്യം വീട്ടില്‍ തന്നെ വളര്‍ത്തുന്ന രീതിയുണ്ട്. ഇത് കേടുകൂടാതെ നല്ല ഭക്ഷണം കഴിക്കുന്നതിനു നമ്മെ സഹായിക്കും. കേരളത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്.കേരളത്തിന്റെ സമതല പ്രദേശങ്ങളില്‍ പറമ്പുകള്‍തോറും ചെറിയ കുളങ്ങള്‍ ഉണ്ട്. ഇത്തരം കുളങ്ങളെ അടുക്കളക്കുളങ്ങളാക്കി മാറ്റുവാന്‍ കഴിയുന്നതാണ്.
ചേറടിഞ്ഞ കുളമാണെങ്കില്‍ ചെറെടുത്തുമാറ്റിയ ശേഷം വേണം കൃഷി ചെയ്യാന്‍. ഒപ്പം മഴക്കാലത്ത് കുളം നിറഞ്ഞ്  മീന്‍ വെളിയില്‍പോകാതെ കുളക്കര മണ്ണിട്ട് പൊക്കണം. വെള്ളം തുറന്ന് വിടുന്നതിനായി ഒരു ഭാഗത്ത് ചീര്‍പ്പ് വാതില്‍ വെയ്ക്കുകയും വേണം. ഈ ചീര്‍പ്പ് വാതില്‍ കമ്പിവലകൊണ്ട് സംരക്ഷിക്കണം.
സസ്യഭുക്കുകളായ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നതെങ്കില്‍ മാംസഭുക്കുകളായ മത്സ്യങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. കുളത്തിന്റെ ഫലപൂഷ്ടി വര്‍ദ്ധിപ്പിക്കുന്നതിന് കന്നുകാലികളുടെ ചാണകവും മൂത്രവും കലര്‍ന്ന ജലം ചെറിയതോതില്‍ കുളത്തിലേക്ക് ഒഴുക്കിവിടുക. കട്ട്‌ല, മൃഗല എന്നിവയെക്കൂടാതെ വിദേശയിനങ്ങളായ കാര്‍പ്പ്, തിലോപ്പിയ എന്നിവയും അടുക്കളക്കുളത്തില്‍ വളര്‍ത്തുവാന്‍ നല്ല ഇനങ്ങളാണ്.
ഒരു ഹെക്ടര്‍ സ്ഥലത്ത് 5000 മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന തോതില്‍ കൃഷി ചെയ്യാവുന്നതാണ്. കൂടാതെ പിടിച്ച് ഉപയോഗിക്കുന്നതിന് തുല്യം എണ്ണം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിട്ടുകൊണ്ടിരുന്നാല്‍ എല്ലാ സമയത്തും മീന്‍ ലഭിക്കും.
മീനുകള്‍ക്ക് തവിടും പിണ്ണാക്കുമാണ് ഏറ്റവും യോജിച്ച കൃത്രിമാഹാരം. കൂടാതെ അടുക്കളയില്‍ ശേഷിച്ച പച്ചക്കറികള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയും നല്‍കാവുന്നതാണ്.

No comments :

Post a Comment