ഫെയ്സ്ബുക്ക് സെക്യൂരിറ്റി ടെക്കികൾക്കൊപ്പം അരുൺ എസ് കുമാർ
ഫെയ്‌സ്ബുക്കിനെ ‘തിരുത്തിയ’ മലയാളി പയ്യന് അമേരിക്കയിൽ വൻ സ്വീകരണം
ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ പാസ്‌വേഡ് ഇല്ലാതെ നുഴഞ്ഞുകയറാമെന്നു കണ്ടെത്തിയ മലയാളി വിദ്യാർഥിക്ക് സിലിക്കൻവാലിയിൽ സ്വീകരണം. കൊല്ലം സ്വദേശി അരുൺ എസ് കുമാറിനെയാണ് ഫെയ്സ്ബുക്ക് ടെക് വിദഗ്ധർ സ്വീകരണം നൽകിയത്. ഫെയ്സ്ബുക്കിന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്ന രണ്ടു തെറ്റുകളാണ് (ബഗ്) അരുൺ കണ്ടെത്തിയത്.
സ്വീകരണത്തിനിടെ ഫെയ്സ്ബുക്കിന്റെ സെക്യൂരിറ്റി ടെക് വിദഗ്ധർ അരുണുമായി സംസാരിച്ചു. അരുണിനു പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മൂന്നു ഹാക്കർമാരെയും സിലിക്കൻവാലിയിലേക്ക് ക്ഷണിച്ചിരുന്നു. ഫെയ്സ്ബുക്ക് സെക്യൂരിറ്റി ടീം മേധാവി ആദം റുഡൾമാന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഫെയ്സ്ബുക്ക് സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങളാണ് അരുൺ ഉൾപ്പടെയുള്ള ഹാക്കർമാരുമായി ഫെയ്സ്ബുക്ക് ടെക്കികൾ സംസാരിച്ചത്.
തെറ്റുകണ്ടെത്തിയ അരുണിനു ഫെയ്സ്ബുക്കിന്റെ വക 6.65 ലക്ഷം രൂപയുടെ സമ്മാനവും ലഭിച്ചിരുന്നു. ചാത്തന്നൂർ എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിലെ ആറാം സെമസ്റ്റർ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് ശിവവിലാസത്തിൽ അരുൺ എസ്.കുമാർ (20).
ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന ഫുൾ അക്കൗണ്ട് ടേക്ക്ഓവർ എന്ന പ്രധാന ന്യൂനതയാണ് അരുൺ കണ്ടെത്തിയത്. ഫെയ്സ്ബുക്കിന്റെ https://lookaside.facebook.com എന്ന സബ് ഡൊമൈനിലെ ഈ ന്യൂനത മനസ്സിലാക്കിയ അരുൺ ഇക്കാര്യം കമ്പനിയുടെ സെക്യൂരിറ്റി ടീമിനെ അറിയിച്ചു. ഇതു സ്ഥിരീകരിച്ച ഫെയ്സ്ബുക്ക് ന്യൂനത (ബഗ്ഗ്) പരിഹരിച്ചശേഷം അരുണിനെ സമ്മാനവിവരം അറിയിക്കുകയായിരുന്നു.
എത്തിക്കൽ ഹാക്കറായ അരുൺ ഇതിനു മുൻപ് അഞ്ചു ബഗ്ഗുകൾ കണ്ടെത്തി ഫെയ്സ്ബുക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതാദ്യമായാണ് 6.65 ലക്ഷം രൂപ ഒറ്റയടിക്കു നേടുന്നത്. ഇതോടെ, ഫെയ്സ്ബുക്കിന്റെ ഹാൾ ഓഫ് ഫേമിൽ ആദ്യ പത്തു റാങ്കുകളിൽ ഇടംപിടിക്കാൻ വഴിതെളിഞ്ഞു. ചിറക്കര പഞ്ചായത്തിലെ യുഡി ക്ലാർക്ക് സുരേഷ്കുമാറിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് അരുൺ.
© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment