Monday, 5 September 2016

ചൂരലിൻ ഭീതിപ്പാടുകൾ by ബി.എം.സുഹറ ManoramaOnline | Monday 05 September 2016 11:44 AM IST അധ്യാപകരെപ്പറ്റി ചോദിച്ചാൽ എനിക്ക് ആദ്യം ഓർമവരുന്നത് ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ മുഖമല്ല. ഒരു വള്ളിച്ചൂരലിന്റെ വേദനയാണ്. ആ വള്ളിച്ചൂരലിന്റെ പിന്നിൽ ഓരോരോ മുഖങ്ങളായി തെളിഞ്ഞുവരും ചിലർ. അതിൽ ഒന്നാമത് നിൽക്കുന്നത് തിക്കോടി മാപ്പിള സ്കൂളിലെ കണക്ക് അധ്യാപകനായ രാവുണ്ണിമാഷാണ്. മാഷ് ക്ലാസിലേക്കു നടന്നുവരുന്നതുതന്നെ ഒരു പ്രത്യേകരീതിയിലാണ്. മുറുക്കാൻ ചവച്ചാണ് വരുന്നതെന്നു തോന്നും. ക്ലാസിൽ എത്തിക്കഴിയുമ്പോഴാണ് അറിയുന്നത് വായിൽക്കിടന്നത് മുറുക്കാനല്ല, കടലാസാണെന്ന്. പുസ്തകത്തിന്റെ അകത്തോ മേശവലിപ്പിലോ ഉപയോഗമില്ലാത്ത കടലാസുകഷണങ്ങൾ കണ്ടാൽ മാഷ് അത് വെറുതെ പുറത്തേക്ക് വലിച്ചെറിയില്ല. വായിലിട്ട് ചവച്ചുതുപ്പും. എന്തായിരുന്നു അതിനു പിന്നിലെ പരിസ്ഥിതി ശാസ്ത്രം എന്ന് ഇപ്പോഴും എനിക്കറിയില്ല. മാഷ് ക്ലാസിലേക്കു വരുന്നതുതന്നെ എനിക്കു പേടിയായിരുന്നു. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി വലിയ ഒന്ന് എന്നതിനപ്പുറം കണക്കിൽ എനിക്ക് വലിയ പിടിയില്ലായിരുന്നു എന്നതുതന്നെ കാരണം. രണ്ടു കയ്യിലും കൂടി പത്തു വിരൽ ഉള്ളതുകൊണ്ട് അത്രയും വിരലിൽതൊട്ട് എണ്ണും. പതിനൊന്നാമത് ഒരു വിരൽ ഇല്ലാത്തതുകൊണ്ട് പിന്നെ തെറ്റും. അതുകൊണ്ട് രാവുണ്ണി മാഷിന്റെ ചൂരലിന്റെ ചൂട് ഏറ്റവും കൂടുതൽ അറിഞ്ഞത് ഞാനായിരിക്കും. വീട്ടിലെ പത്തുമക്കളിൽ ഇളയവളാണ് ഞാൻ. മുകളിലുള്ള രണ്ട് സഹോദരിമാർക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ല. അ‍ഞ്ചോ ആറോ ക്ലാസു കഴിഞ്ഞപ്പോൾ കല്യാണം കഴിപ്പിച്ചുവിട്ടു. പക്ഷേ ഗഫൂർക്ക(കാർട്ടൂണിസ്റ്റ് ബി.എം.ഗഫൂർ) ഉൾപ്പെടെ സഹോദരൻമാരെല്ലാം പഠിപ്പു തുടർന്നു. എന്നെ എങ്ങനെയെങ്കിലും നാലു ക്ലാസ് പാസാക്കിയെടുക്കണം എന്നുമാത്രമായിരുന്നു അന്ന് എന്റെ വീട്ടുകാരുടെ ആഗ്രഹം. പക്ഷേ, നാലുവരെ പഠിക്കണം. അതു നിർബന്ധമാ. അതിനാണ് വീടിനടുത്തുള്ള എൽപി സ്കൂളിൽ വിട്ടത്. എനിക്കാണെങ്കിൽ നാലുപോയിട്ട് ഒരു ക്ലാസുപോലും പൂർത്തിയാക്കണമെന്നില്ല. ഉമ്മയുടെ കയ്യിൽതൂങ്ങി നാടുചുറ്റലാണ് എന്റെ വിനോദം. ഉമ്മയുടെ സഹോദരങ്ങളിൽ ചിലരൊക്കെ അന്ന് കോഴിക്കോട് നഗരത്തിലാണ് താമസം. അതുകൊണ്ട് മക്കൾക്ക് എന്തെങ്കിലും അസുഖമോ മറ്റോ ഉണ്ടായാൽ കോഴിക്കോട്ടേക്കു പോരും. മിക്കദിവസങ്ങളിലും ഉണ്ടാകും ഈ യാത്ര. അതുകൊണ്ട് ഞാൻ തലേന്നുതന്നെ കാറിൽ ഉമ്മയുടെ അടുത്ത് ഒരു സീറ്റ് ബുക്ക് ചെയ്യും. ഇതറിയാവുന്ന സഹോദരങ്ങളൊക്കെ രാവിലെ എന്നെ സ്കൂളിൽ കൊണ്ടുപോകാൻ പണിപ്പെടുമെങ്കിലും എന്തെങ്കിലും തന്ത്രം ഉപയോഗിച്ച് ഞാൻ രക്ഷപ്പെടും. ഉമ്മ വന്ന് കാറിൽ കയറുമ്പോൾ സീറ്റിനിടയിൽ ഞാൻ ഒളിച്ചിരിപ്പുണ്ടാകുഅങ്ങനെവളരെക്കുറച്ചുദിവസങ്ങൾമാത്രം ക്ലാസിൽ പോയി ഞാനെന്റെ എൽപിവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി.പിന്നെയുള്ള വിദ്യാഭ്യാസംപയ്യോളി ഗവൺമെന്റ് ഹൈസ്കൂളിലാണ്. അവിടം ഞങ്ങൾക്ക് തറവാടുവീടുപോലെയായിരുന്നു. എല്ലാ ക്ലാസിലുമുണ്ട് എന്റെ സഹോദരങ്ങൾ ആരെങ്കിലും. ഒരിക്കൽ ഒരു ചിത്രരചനാമൽസരം നടന്നു. ക്ലാസ് തലത്തിൽ ജയിക്കുന്നവരാണ് ഫൈനൽറൗണ്ടിൽ സ്കൂൾ തലത്തിൽ മൽസരിക്കുന്നത്. അപ്രാവശ്യം എല്ലാ ക്ലാസിൽനിന്നും ജയിച്ചുവന്നത് ഞങ്ങൾ സഹോദരങ്ങൾ ആറുപേർ. ഇതുകണ്ട് മാഷന്മാർക്ക് അത്ഭുതമായി. ‘‘ഉപ്പേനേം ഉമ്മേനേം കൂടി വിളിച്ചോണ്ടു വരാമായിരുന്നില്ലേ, നിങ്ങള് വീട്ടിൽ എല്ലാർക്കും ഇതുതന്നെയാണോ പണി.’’ ഹിന്ദി മാഷിന്റെ കമന്റ് കേട്ട് ഞങ്ങളുതന്നെ ചിരിച്ചുപോയി. രണ്ടുവർഷമായിരുന്നു പയ്യോളി സ്കൂളിലെ സുഖവാസം. അതുകഴിഞ്ഞപ്പൊഴേക്കും ഞങ്ങൾ എരഞ്ഞിപ്പാലത്തേക്കു താമസം മാറ്റിയിരുന്നു. നഗരത്തിലെ ഏറ്റവും പ്രമുഖമായ പ്രോവിഡൻസ് സ്കൂളിൽത്തന്നെ എന്നെയും ചേർത്തു. തിക്കോടിയിലെ ബാല്യം കോഴിക്കോട്ടേക്കു പറിച്ചുനട്ടപ്പോൾ ഉണ്ടായ ഏറ്റവും വലിയമാറ്റം ഞാൻ തിരിച്ചറിഞ്ഞത് സ്കൂളിൽ വച്ചാണ്. എല്ലാവർക്കും യൂണിഫോം. കൃത്യമായ ചിട്ടകളും നിയമങ്ങളും നിയന്ത്രണങ്ങളും. എക്സ്ട്രാ സ്മാർട്ടായ നഗരവാസികളായ കുട്ടികൾ. എന്റെ മൂത്ത ചേച്ചി ഉമ്മി അബ്ദുല്ലയുടെ മകൾ അന്ന് അവിടെ എട്ടാം ക്ലാസിൽ പഠിക്കുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിൽ ചേരുമ്പോൾ എന്റെ ക്ലാസിലെ മറ്റുകുട്ടികൾക്ക് ഇതൊരു കൗതുകമായിരുന്നു. നീ അവളുടെ ആന്റിയല്ലേ എന്നു പറഞ്ഞ് അവർ എന്നെ കളിയാക്കുമായിരൂന്നു. ഞാൻ ജനിച്ചപ്പോഴേ ആന്റിയായിരുന്നു എന്ന കാര്യം അവർക്കറിയില്ലല്ലോ. കാരണം എന്റെ സഹോദരങ്ങൾക്ക് എന്നേക്കാൾ മൂത്ത മക്കൾ ഉണ്ടായിരുന്നു. ഏതായാലും ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു കാറിലാണ് സ്കൂളിലേക്കു പോകുന്നത്. കുടുംബത്തിൽ ആരെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കോ മറ്റോ പോകാനുണ്ടെങ്കിൽ അവരും കാറിൽ കയറും. എങ്ങനെയായാലും മിക്കദിവസങ്ങളിലും ഞാൻ ലേറ്റാകും. അതുകൊണ്ട് പലദിവസങ്ങളിലും ക്ലാസിനു പുറത്തായിരുന്നു എന്റെ സ്ഥാനം. പ്രോവിഡൻസിലും എന്റെ പ്രതിയോഗി ‘കണക്കു’ തന്നെയായിരുന്നു. കൂട്ടാനും കുറയ്ക്കാനും ഒരുവിധം അറിയാം എന്നതിൽ കവിഞ്ഞ് രക്ഷയില്ല. ഗുണിക്കാനോ ഹരിക്കാനോ പറഞ്ഞാൽ, പണി പാളും. മുൻ ശുണ്ഠിക്കാരിയായ വർക്കി ടീച്ചറായിരുന്നു കണക്കു പഠിപ്പിച്ചിരുന്നത്. പ്രോവിഡൻസിലെ അധ്യാപികമാരുടെ പേരുകൾ വലിയ രസമായിരുന്നു. വർക്കി ടീച്ചർ, ചെറിയാനി ടീച്ചർ എന്നൊക്കെയാണ് ഞങ്ങൾ വിളിച്ചിരുന്നത്. യഥാർഥത്തിൽ വർക്കി, ചെറിയാൻ എന്നൊക്കെയുള്ളത് അവരുടെ ഭർത്താക്കന്മാരുടെ പേരുകളായിരുന്നു. ശരിക്കും അവർ റോസമ്മ വർക്കിയോ ത്രേസ്യാമ്മ ചെറിയാനോ മറ്റോ ഒക്കെ ആയിരുന്നിരിക്കും. വർക്കി ടീച്ചറുടെ കണക്ക് ക്ലാസ് എല്ലാവർക്കും ഭയമായിരുന്നു. വള്ളിച്ചൂരൽ കൊണ്ടുള്ള അടിതന്നെ കാരണം. എത്ര പറ‍ഞ്ഞാലും കണക്കുപഠിക്കാത്ത എന്റെ കാര്യം പറയാനുണ്ടോ. വർക്കി ടീച്ചറാണെങ്കിൽ ഒരു ദിവസവും എന്നെ വെറുതെവിടില്ല. കൈവെള്ളയിലല്ല ടീച്ചർ അടിക്കുന്നത്. പുറം തിരിഞ്ഞുനിർത്തിയിട്ട് പിൻഭാഗത്ത് അടിക്കും. പ്ലീറ്റുള്ള മിഡിയായിരുന്നു യൂണിഫോം. അതുകൊണ്ട് എത്ര ആഞ്ഞ് അടിച്ചാലും കാര്യമായ വേദനയുണ്ടാകില്ല. പക്ഷേ, മിഡി ഇട്ടാൽ കാലു കാണും എന്നതുകൊണ്ട് ഞങ്ങൾ കുറച്ചു കുട്ടികൾ പ്രത്യേക അനുമതിയോടെ ചുരിദാർ ആണ് ഇട്ടിരുന്നത്. ചുരിദാറിന് പ്ലീറ്റ് ഇല്ലാത്തതുകൊണ്ട് അടിയുടെ ശക്തി അതേ പടി കിട്ടും.ഇങ്ങനെയൊക്ക ആയിരുന്നെങ്കിലും പ്രോവിഡൻസ് സ്കൂളിലെ ജീവിതം വലിയ അനുഭവം തന്നെയായിരുന്നു. അവിടെ എല്ലാ ക്ലാസിലും സമ്മാനങ്ങൾ ഉണ്ടായിരുന്നു. ബെസ്റ്റ് സ്റ്റുഡന്റിന് അവാർഡ്, ബെസ്റ്റ് കാരക്ടറുള്ള സ്റ്റുഡന്റിന് അവാർഡ്, ഹാർഡ് വർക്കിങ് സ്റ്റുഡന്റിന് അവാർഡ്, ഇങ്ങനെ അവാർഡുകളുടെ പെരുമഴ. ഹാർഡ് വർക്കിങ് സ്റ്റുഡന്റിനുള്ള അവാർഡാണ് എനിക്കുകിട്ടുന്നത്. അക്കാര്യത്തിൽ ഇന്നും എന്നെ തോൽപ്പിക്കാൻ വലിയ ബുദ്ധിമുട്ടാ. പക്ഷേ, ഇപ്പോൾ എനിക്കതിന് അവാർഡ്കിട്ടുന്നില്ലെന്നുമാത്രം. ഒൻപതാം ക്ലാസിൽ എത്തിയപ്പോൾ ഒരു വിജയലക്ഷ്മി ടീച്ചറിനായിരുന്നു ഞങ്ങളുടെ ക്ലാസ് ചാർജ്. സുഹറയെപ്പോലെ അച്ചടക്കം പാലിക്കണം, സുഹറയെ നോക്കൂ എത്ര നീറ്റായിട്ടാണ് പുസ്തകം സൂക്ഷിക്കുന്നത്, എത്ര ഹാർഡ് വർക്കിങ്ങാണ് സുഹറ എന്നൊക്കെ പരസ്യമായി എന്നെപ്പറ്റി നല്ലതുകേൾക്കുന്നത് വിജയലക്ഷ്മി ടീച്ചറിൽനിന്നാണ്. ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സ്കൂൾ ലീഡറായി തിരിഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. മൽസരത്തിൽ ജയിച്ചില്ലെങ്കിലും മറ്റു ക്ലാസുകളിൽ പോയി പരസ്യമായി വോട്ട് ചോദിക്കാനും പ്രസംഗിക്കാനുമൊക്കെ എനിക്കു ധൈര്യം കിട്ടിയത് ആ തിരഞ്ഞെടുപ്പാണ്.നാലോ അഞ്ചോ ക്ലാസിൽ വിദ്യാഭ്യാസം നിർത്തണം എന്നു കരുതിയ വീട്ടുകാരുടെ മുന്നിൽ ഞാൻ നല്ല മാർക്കോടെ എസ്എസ്‌എൽസി പാസായി. സഹോദരൻമാരുടെ പ്രോൽസാഹനം കൊണ്ട് ബിഎ പാസായി. പിന്നെയായിരുന്നു വിവാഹം. സഹോദരൻമാരുടെ ആഗ്രഹം പോലെ നല്ല വിദ്യാഭ്യാസയോഗ്യതയുള്ള ആളെത്തന്നെ ഭർത്താവായി കിട്ടി. എം.എം.ബഷീർ എന്ന കോളജ് അധ്യാപകൻ. കൊല്ലം ടികെഎം കോളജിലായിരുന്നു അദ്ദേഹത്തിനു ജോലിയെങ്കിലും തിരുവനന്തപുരം പേട്ടയിലായിരുന്നു താമസം. ഗഫൂർക്ക കൊണ്ടുവരുന്ന പുസ്തകങ്ങളും ചേച്ചിയുടെ വീട്ടിലെ ലൈബ്രറിയിൽനിന്ന് കിട്ടിയ പുസ്തകങ്ങളുമായിരുന്നു അതുവരെ എന്റെ വായനാലോകം. ചേച്ചിയുടെ ഭർത്താവ് വി.അബ്ദുല്ല കോഴിക്കോട്ടെ പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും സുഹൃത്തും നല്ല വിവർത്തകനുമായിരുന്നു. അതുകൊണ്ട് അവിടെനിന്ന് ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ, അവിടെക്കാണാത്ത പുസ്തകശേഖരമായിരുന്നു ഭർത്താവിന്റെ വീട്ടിൽ എന്നെ കാത്തിരുന്നത്. പുതിയപരിചയങ്ങളും പുതിയ ലോകവും. അധികം വൈകാതെ അദ്ദേഹത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ മലയാളവിഭാഗത്തിൽ ജോലി കിട്ടി. അങ്ങനെ ഞാൻ എന്റെ സ്വന്തം നാട്ടിലേക്കു മടങ്ങി വന്നു. ഭർത്താവ് പിഎച്ച്ഡി എടുത്തു ഡോ.എം.എം.ബഷീറായി. ആ ഗവേഷണകാലവും അദ്ദേഹത്തോടൊത്തുള്ള ജീവിതവുമാണ് അധ്യാപകരെപ്പറ്റിയുള്ള എന്റെ ധാരണകളെ മാറ്റിഎഴുതിയത്. പിറ്റേന്നത്തെ ക്ലാസിനുവേണ്ടിയുള്ള തയാറെടുപ്പുകൾ, ഉറക്കം ഒഴിവാക്കിയുള്ള നോട്ട് കുറിക്കൽ, നേരം പുലരുവോളം വരെ നീളുന്ന റഫറൻസ് വായനകൾ. ഇതിനിടയിൽ ഭാര്യയുടെയും മക്കളുടെയും വരെ കാര്യങ്ങൾ മറന്നുപോകുന ദിനചര്യകൾ. ഒരു നല്ല അധ്യാപകന്റെ ഭാര്യ ഒരു പാട് ത്യാഗങ്ങൾ സഹിക്കണം എന്ന് എനിക്കു മനസിലായി. എന്നാലും ഒരു ട്രെയിൻ യാത്രയിൽ– അല്ലെങ്കിൽ ഏതെങ്കിലും വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ ഒരാൾ സാറേ എന്നു പറഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിക്കും. അപ്പോൾ തോന്നുന്ന ആ സന്തോഷമുണ്ടല്ലോ, അത് എല്ലാ ത്യാഗങ്ങളെയും ഇല്ലായ്മ ചെയ്തു കളയുന്നതാണ്. ഇപ്പോൾ തിരി‍ഞ്ഞുനോക്കുമ്പോൾ രാവുണ്ണി മാഷിന്റെയും വർക്കി ടീച്ചറിന്റെയും ചൂരൽപ്രയോഗങ്ങൾക്ക് ഒരു മധുരമുണ്ട്. ഞങ്ങളുടെ തലമുറയെ പഠിപ്പിച്ച് മിടുക്കരാക്കാൻവേണ്ടി അവർ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ പറ്റും. കാരണം വിദ്യാർഥികളുടെ വിജയങ്ങളാണല്ലോ അധ്യാപകരുടെ വിജയം. © Copyright 2016 Manoramaonline. All rights reserved.

ചൂരലിൻ ഭീതിപ്പാടുകൾ

അധ്യാപകരെപ്പറ്റി ചോദിച്ചാൽ എനിക്ക് ആദ്യം ഓർമവരുന്നത് ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ മുഖമല്ല. ഒരു വള്ളിച്ചൂരലിന്റെ വേദനയാണ്. ആ വള്ളിച്ചൂരലിന്റെ പിന്നിൽ ഓരോരോ മുഖങ്ങളായി തെളിഞ്ഞുവരും ചിലർ. അതിൽ ഒന്നാമത് നിൽക്കുന്നത് തിക്കോടി മാപ്പിള സ്കൂളിലെ കണക്ക് അധ്യാപകനായ രാവുണ്ണിമാഷാണ്. മാഷ് ക്ലാസിലേക്കു നടന്നുവരുന്നതുതന്നെ ഒരു പ്രത്യേകരീതിയിലാണ്. മുറുക്കാൻ ചവച്ചാണ് വരുന്നതെന്നു തോന്നും. ക്ലാസിൽ എത്തിക്കഴിയുമ്പോഴാണ് അറിയുന്നത് വായിൽക്കിടന്നത് മുറുക്കാനല്ല, കടലാസാണെന്ന്.
പുസ്തകത്തിന്റെ അകത്തോ മേശവലിപ്പിലോ ഉപയോഗമില്ലാത്ത കടലാസുകഷണങ്ങൾ കണ്ടാൽ മാഷ് അത് വെറുതെ പുറത്തേക്ക് വലിച്ചെറിയില്ല. വായിലിട്ട് ചവച്ചുതുപ്പും. എന്തായിരുന്നു അതിനു പിന്നിലെ പരിസ്ഥിതി ശാസ്ത്രം എന്ന് ഇപ്പോഴും എനിക്കറിയില്ല. മാഷ് ക്ലാസിലേക്കു വരുന്നതുതന്നെ എനിക്കു പേടിയായിരുന്നു. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി വലിയ ഒന്ന് എന്നതിനപ്പുറം കണക്കിൽ എനിക്ക് വലിയ പിടിയില്ലായിരുന്നു എന്നതുതന്നെ കാരണം. രണ്ടു കയ്യിലും കൂടി പത്തു വിരൽ ഉള്ളതുകൊണ്ട് അത്രയും വിരലിൽതൊട്ട് എണ്ണും. പതിനൊന്നാമത് ഒരു വിരൽ ഇല്ലാത്തതുകൊണ്ട് പിന്നെ തെറ്റും.
അതുകൊണ്ട് രാവുണ്ണി മാഷിന്റെ ചൂരലിന്റെ ചൂട് ഏറ്റവും കൂടുതൽ അറിഞ്ഞത് ഞാനായിരിക്കും. വീട്ടിലെ പത്തുമക്കളിൽ ഇളയവളാണ് ഞാൻ. മുകളിലുള്ള രണ്ട് സഹോദരിമാർക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ല. അ‍ഞ്ചോ ആറോ ക്ലാസു കഴിഞ്ഞപ്പോൾ കല്യാണം കഴിപ്പിച്ചുവിട്ടു. പക്ഷേ ഗഫൂർക്ക(കാർട്ടൂണിസ്റ്റ് ബി.എം.ഗഫൂർ) ഉൾപ്പെടെ സഹോദരൻമാരെല്ലാം പഠിപ്പു തുടർന്നു. എന്നെ എങ്ങനെയെങ്കിലും നാലു ക്ലാസ് പാസാക്കിയെടുക്കണം എന്നുമാത്രമായിരുന്നു അന്ന് എന്റെ വീട്ടുകാരുടെ ആഗ്രഹം. പക്ഷേ, നാലുവരെ പഠിക്കണം. അതു നിർബന്ധമാ. അതിനാണ് വീടിനടുത്തുള്ള എൽപി സ്കൂളിൽ വിട്ടത്. എനിക്കാണെങ്കിൽ നാലുപോയിട്ട് ഒരു ക്ലാസുപോലും പൂർത്തിയാക്കണമെന്നില്ല. ഉമ്മയുടെ കയ്യിൽതൂങ്ങി നാടുചുറ്റലാണ് എന്റെ വിനോദം.
ഉമ്മയുടെ സഹോദരങ്ങളിൽ ചിലരൊക്കെ അന്ന് കോഴിക്കോട് നഗരത്തിലാണ് താമസം. അതുകൊണ്ട് മക്കൾക്ക് എന്തെങ്കിലും അസുഖമോ മറ്റോ ഉണ്ടായാൽ കോഴിക്കോട്ടേക്കു പോരും. മിക്കദിവസങ്ങളിലും ഉണ്ടാകും ഈ യാത്ര. അതുകൊണ്ട് ഞാൻ തലേന്നുതന്നെ കാറിൽ ഉമ്മയുടെ അടുത്ത് ഒരു സീറ്റ് ബുക്ക് ചെയ്യും. ഇതറിയാവുന്ന സഹോദരങ്ങളൊക്കെ രാവിലെ എന്നെ സ്കൂളിൽ കൊണ്ടുപോകാൻ പണിപ്പെടുമെങ്കിലും എന്തെങ്കിലും തന്ത്രം ഉപയോഗിച്ച് ഞാൻ രക്ഷപ്പെടും. ഉമ്മ വന്ന് കാറിൽ കയറുമ്പോൾ സീറ്റിനിടയിൽ ഞാൻ ഒളിച്ചിരിപ്പുണ്ടാകുഅങ്ങനെവളരെക്കുറച്ചുദിവസങ്ങൾമാത്രം ക്ലാസിൽ പോയി ഞാനെന്റെ എൽപിവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി.പിന്നെയുള്ള വിദ്യാഭ്യാസംപയ്യോളി ഗവൺമെന്റ് ഹൈസ്കൂളിലാണ്. അവിടം ഞങ്ങൾക്ക് തറവാടുവീടുപോലെയായിരുന്നു. എല്ലാ ക്ലാസിലുമുണ്ട് എന്റെ സഹോദരങ്ങൾ ആരെങ്കിലും. ഒരിക്കൽ ഒരു ചിത്രരചനാമൽസരം നടന്നു. ക്ലാസ് തലത്തിൽ ജയിക്കുന്നവരാണ് ഫൈനൽറൗണ്ടിൽ സ്കൂൾ തലത്തിൽ മൽസരിക്കുന്നത്. അപ്രാവശ്യം എല്ലാ ക്ലാസിൽനിന്നും ജയിച്ചുവന്നത് ഞങ്ങൾ സഹോദരങ്ങൾ ആറുപേർ. ഇതുകണ്ട് മാഷന്മാർക്ക് അത്ഭുതമായി.
‘‘ഉപ്പേനേം ഉമ്മേനേം കൂടി വിളിച്ചോണ്ടു വരാമായിരുന്നില്ലേ,
നിങ്ങള് വീട്ടിൽ എല്ലാർക്കും ഇതുതന്നെയാണോ പണി.’’
ഹിന്ദി മാഷിന്റെ കമന്റ് കേട്ട് ഞങ്ങളുതന്നെ ചിരിച്ചുപോയി. രണ്ടുവർഷമായിരുന്നു പയ്യോളി സ്കൂളിലെ സുഖവാസം. അതുകഴിഞ്ഞപ്പൊഴേക്കും ഞങ്ങൾ എരഞ്ഞിപ്പാലത്തേക്കു താമസം മാറ്റിയിരുന്നു. നഗരത്തിലെ ഏറ്റവും പ്രമുഖമായ പ്രോവിഡൻസ് സ്കൂളിൽത്തന്നെ എന്നെയും ചേർത്തു. തിക്കോടിയിലെ ബാല്യം കോഴിക്കോട്ടേക്കു പറിച്ചുനട്ടപ്പോൾ ഉണ്ടായ ഏറ്റവും വലിയമാറ്റം ഞാൻ തിരിച്ചറിഞ്ഞത് സ്കൂളിൽ വച്ചാണ്. എല്ലാവർക്കും യൂണിഫോം. കൃത്യമായ ചിട്ടകളും നിയമങ്ങളും നിയന്ത്രണങ്ങളും. എക്സ്ട്രാ സ്മാർട്ടായ നഗരവാസികളായ കുട്ടികൾ. എന്റെ മൂത്ത ചേച്ചി ഉമ്മി അബ്ദുല്ലയുടെ മകൾ അന്ന് അവിടെ എട്ടാം ക്ലാസിൽ പഠിക്കുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിൽ ചേരുമ്പോൾ എന്റെ ക്ലാസിലെ മറ്റുകുട്ടികൾക്ക് ഇതൊരു കൗതുകമായിരുന്നു. നീ അവളുടെ ആന്റിയല്ലേ എന്നു പറഞ്ഞ് അവർ എന്നെ കളിയാക്കുമായിരൂന്നു.
ഞാൻ ജനിച്ചപ്പോഴേ ആന്റിയായിരുന്നു എന്ന കാര്യം അവർക്കറിയില്ലല്ലോ. കാരണം എന്റെ സഹോദരങ്ങൾക്ക് എന്നേക്കാൾ മൂത്ത മക്കൾ ഉണ്ടായിരുന്നു. ഏതായാലും ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഒരു കാറിലാണ് സ്കൂളിലേക്കു പോകുന്നത്. കുടുംബത്തിൽ ആരെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കോ മറ്റോ പോകാനുണ്ടെങ്കിൽ അവരും കാറിൽ കയറും. എങ്ങനെയായാലും മിക്കദിവസങ്ങളിലും ഞാൻ ലേറ്റാകും. അതുകൊണ്ട് പലദിവസങ്ങളിലും ക്ലാസിനു പുറത്തായിരുന്നു എന്റെ സ്ഥാനം.
പ്രോവിഡൻസിലും എന്റെ പ്രതിയോഗി ‘കണക്കു’ തന്നെയായിരുന്നു. കൂട്ടാനും കുറയ്ക്കാനും ഒരുവിധം അറിയാം എന്നതിൽ കവിഞ്ഞ് രക്ഷയില്ല. ഗുണിക്കാനോ ഹരിക്കാനോ പറഞ്ഞാൽ, പണി പാളും. മുൻ ശുണ്ഠിക്കാരിയായ വർക്കി ടീച്ചറായിരുന്നു കണക്കു പഠിപ്പിച്ചിരുന്നത്. പ്രോവിഡൻസിലെ അധ്യാപികമാരുടെ പേരുകൾ വലിയ രസമായിരുന്നു. വർക്കി ടീച്ചർ, ചെറിയാനി ടീച്ചർ എന്നൊക്കെയാണ് ഞങ്ങൾ വിളിച്ചിരുന്നത്. യഥാർഥത്തിൽ വർക്കി, ചെറിയാൻ എന്നൊക്കെയുള്ളത് അവരുടെ ഭർത്താക്കന്മാരുടെ പേരുകളായിരുന്നു. ശരിക്കും അവർ റോസമ്മ വർക്കിയോ ത്രേസ്യാമ്മ ചെറിയാനോ മറ്റോ ഒക്കെ ആയിരുന്നിരിക്കും.
വർക്കി ടീച്ചറുടെ കണക്ക് ക്ലാസ് എല്ലാവർക്കും ഭയമായിരുന്നു. വള്ളിച്ചൂരൽ കൊണ്ടുള്ള അടിതന്നെ കാരണം. എത്ര പറ‍ഞ്ഞാലും കണക്കുപഠിക്കാത്ത എന്റെ കാര്യം പറയാനുണ്ടോ. വർക്കി ടീച്ചറാണെങ്കിൽ ഒരു ദിവസവും എന്നെ വെറുതെവിടില്ല. കൈവെള്ളയിലല്ല ടീച്ചർ അടിക്കുന്നത്. പുറം തിരിഞ്ഞുനിർത്തിയിട്ട് പിൻഭാഗത്ത് അടിക്കും. പ്ലീറ്റുള്ള മിഡിയായിരുന്നു യൂണിഫോം. അതുകൊണ്ട് എത്ര ആഞ്ഞ് അടിച്ചാലും കാര്യമായ വേദനയുണ്ടാകില്ല. പക്ഷേ, മിഡി ഇട്ടാൽ കാലു കാണും എന്നതുകൊണ്ട് ഞങ്ങൾ കുറച്ചു കുട്ടികൾ പ്രത്യേക അനുമതിയോടെ ചുരിദാർ ആണ് ഇട്ടിരുന്നത്. ചുരിദാറിന് പ്ലീറ്റ് ഇല്ലാത്തതുകൊണ്ട് അടിയുടെ ശക്തി അതേ പടി കിട്ടും.ഇങ്ങനെയൊക്ക ആയിരുന്നെങ്കിലും പ്രോവിഡൻസ് സ്കൂളിലെ ജീവിതം വലിയ അനുഭവം തന്നെയായിരുന്നു. അവിടെ എല്ലാ ക്ലാസിലും സമ്മാനങ്ങൾ ഉണ്ടായിരുന്നു. ബെസ്റ്റ് സ്റ്റുഡന്റിന് അവാർഡ്, ബെസ്റ്റ് കാരക്ടറുള്ള സ്റ്റുഡന്റിന് അവാർഡ്, ഹാർഡ് വർക്കിങ് സ്റ്റുഡന്റിന് അവാർഡ്, ഇങ്ങനെ അവാർഡുകളുടെ പെരുമഴ. ഹാർഡ് വർക്കിങ് സ്റ്റുഡന്റിനുള്ള അവാർഡാണ് എനിക്കുകിട്ടുന്നത്. അക്കാര്യത്തിൽ ഇന്നും എന്നെ തോൽപ്പിക്കാൻ വലിയ ബുദ്ധിമുട്ടാ. പക്ഷേ, ഇപ്പോൾ എനിക്കതിന് അവാർഡ്കിട്ടുന്നില്ലെന്നുമാത്രം.
ഒൻപതാം ക്ലാസിൽ എത്തിയപ്പോൾ ഒരു വിജയലക്ഷ്മി ടീച്ചറിനായിരുന്നു ഞങ്ങളുടെ ക്ലാസ് ചാർജ്. സുഹറയെപ്പോലെ അച്ചടക്കം പാലിക്കണം, സുഹറയെ നോക്കൂ എത്ര നീറ്റായിട്ടാണ് പുസ്തകം സൂക്ഷിക്കുന്നത്, എത്ര ഹാർഡ് വർക്കിങ്ങാണ് സുഹറ എന്നൊക്കെ പരസ്യമായി എന്നെപ്പറ്റി നല്ലതുകേൾക്കുന്നത് വിജയലക്ഷ്മി ടീച്ചറിൽനിന്നാണ്. ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സ്കൂൾ ലീഡറായി തിരിഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. മൽസരത്തിൽ ജയിച്ചില്ലെങ്കിലും മറ്റു ക്ലാസുകളിൽ പോയി പരസ്യമായി വോട്ട് ചോദിക്കാനും പ്രസംഗിക്കാനുമൊക്കെ എനിക്കു ധൈര്യം കിട്ടിയത് ആ തിരഞ്ഞെടുപ്പാണ്.നാലോ അഞ്ചോ ക്ലാസിൽ വിദ്യാഭ്യാസം നിർത്തണം എന്നു കരുതിയ വീട്ടുകാരുടെ മുന്നിൽ ഞാൻ നല്ല മാർക്കോടെ എസ്എസ്‌എൽസി പാസായി. സഹോദരൻമാരുടെ പ്രോൽസാഹനം കൊണ്ട് ബിഎ പാസായി. പിന്നെയായിരുന്നു വിവാഹം.
സഹോദരൻമാരുടെ ആഗ്രഹം പോലെ നല്ല വിദ്യാഭ്യാസയോഗ്യതയുള്ള ആളെത്തന്നെ ഭർത്താവായി കിട്ടി. എം.എം.ബഷീർ എന്ന കോളജ് അധ്യാപകൻ. കൊല്ലം ടികെഎം കോളജിലായിരുന്നു അദ്ദേഹത്തിനു ജോലിയെങ്കിലും തിരുവനന്തപുരം പേട്ടയിലായിരുന്നു താമസം. ഗഫൂർക്ക കൊണ്ടുവരുന്ന പുസ്തകങ്ങളും ചേച്ചിയുടെ വീട്ടിലെ ലൈബ്രറിയിൽനിന്ന് കിട്ടിയ പുസ്തകങ്ങളുമായിരുന്നു അതുവരെ എന്റെ വായനാലോകം. ചേച്ചിയുടെ ഭർത്താവ് വി.അബ്ദുല്ല കോഴിക്കോട്ടെ പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും സുഹൃത്തും നല്ല വിവർത്തകനുമായിരുന്നു. അതുകൊണ്ട് അവിടെനിന്ന് ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ, അവിടെക്കാണാത്ത പുസ്തകശേഖരമായിരുന്നു ഭർത്താവിന്റെ വീട്ടിൽ എന്നെ കാത്തിരുന്നത്. പുതിയപരിചയങ്ങളും പുതിയ ലോകവും.
അധികം വൈകാതെ അദ്ദേഹത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ മലയാളവിഭാഗത്തിൽ ജോലി കിട്ടി. അങ്ങനെ ഞാൻ എന്റെ സ്വന്തം നാട്ടിലേക്കു മടങ്ങി വന്നു. ഭർത്താവ് പിഎച്ച്ഡി എടുത്തു ഡോ.എം.എം.ബഷീറായി. ആ ഗവേഷണകാലവും അദ്ദേഹത്തോടൊത്തുള്ള ജീവിതവുമാണ് അധ്യാപകരെപ്പറ്റിയുള്ള എന്റെ ധാരണകളെ മാറ്റിഎഴുതിയത്. പിറ്റേന്നത്തെ ക്ലാസിനുവേണ്ടിയുള്ള തയാറെടുപ്പുകൾ, ഉറക്കം ഒഴിവാക്കിയുള്ള നോട്ട് കുറിക്കൽ, നേരം പുലരുവോളം വരെ നീളുന്ന റഫറൻസ് വായനകൾ. ഇതിനിടയിൽ ഭാര്യയുടെയും മക്കളുടെയും വരെ കാര്യങ്ങൾ മറന്നുപോകുന ദിനചര്യകൾ.
ഒരു നല്ല അധ്യാപകന്റെ ഭാര്യ ഒരു പാട് ത്യാഗങ്ങൾ സഹിക്കണം എന്ന് എനിക്കു മനസിലായി. എന്നാലും ഒരു ട്രെയിൻ യാത്രയിൽ– അല്ലെങ്കിൽ ഏതെങ്കിലും വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ ഒരാൾ സാറേ എന്നു പറഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിക്കും. അപ്പോൾ തോന്നുന്ന ആ സന്തോഷമുണ്ടല്ലോ, അത് എല്ലാ ത്യാഗങ്ങളെയും ഇല്ലായ്മ ചെയ്തു കളയുന്നതാണ്. ഇപ്പോൾ തിരി‍ഞ്ഞുനോക്കുമ്പോൾ രാവുണ്ണി മാഷിന്റെയും വർക്കി ടീച്ചറിന്റെയും ചൂരൽപ്രയോഗങ്ങൾക്ക് ഒരു മധുരമുണ്ട്. ഞങ്ങളുടെ തലമുറയെ പഠിപ്പിച്ച് മിടുക്കരാക്കാൻവേണ്ടി അവർ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ പറ്റും. കാരണം വിദ്യാർഥികളുടെ വിജയങ്ങളാണല്ലോ അധ്യാപകരുടെ വിജയം.

No comments :

Post a Comment