ഈ പെൺപുലികളൊക്കെ എന്താണാവോ കഴിക്കുന്നത്?
പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളികളും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ പിന്തുടര്‍ന്നിരുന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്.
August 25, 2016, 10:33 AM ISTമനസിന് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് സുഹൃത്തുക്കളോടൊപ്പം സൊറയും പറഞ്ഞിരിക്കാന്‍ ഒരു ദിവസമെങ്കിലും കിട്ടിയാല്‍ അതിലും വലുതായി മറ്റൊന്നുമില്ല എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇത്തരം സന്തോഷങ്ങളൊന്നും വേണ്ടെന്നുവച്ച് ജീവിതത്തിന്റെ സുഖവും സന്തോഷവും എല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ചിലരുണ്ട്... അവരാണ് ചരിത്രം സൃഷ്ടിക്കുന്നത്.
അങ്ങനെ ചരിത്രം സൃഷ്ടിച്ചവരാണ് റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധുവും സാക്ഷി മാലികും ദിപാ കര്‍മാകറും. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഒളിമ്പിക്സിനായി ഇവര്‍ സഹിച്ച ത്യാഗങ്ങള്‍ എല്ലാവരും അറിഞ്ഞത്.
പ്രിയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളുമൊത്തുള്ള അടിച്ചുപൊളിയും ഇല്ലാത്ത യാന്ത്രികമായ ദിനചര്യകളായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പെണ്‍കുട്ടികള്‍ ആചരിച്ചുപോന്നത്. എല്ലാം ഒരു സ്വപ്നത്തിനു വേണ്ടിയായിരുന്നു... ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കാലങ്ങളോളം ഓര്‍ത്തുവയ്ക്കാനുള്ള വകയുമായിട്ടാണ് സിന്ധുവും സാക്ഷിയും ദിപയും മടങ്ങിയെത്തിയിരിക്കുന്നത്.
ലോകചാമ്പ്യന്മാരോടാണ് ഇവര്‍ക്ക് ഏറ്റുമുട്ടേണ്ടി വരിക. അപ്പോള്‍ പതറാതിരിക്കാനും തളരാതിരിക്കാനും എന്തു ഭക്ഷണമാകും ഇവര്‍ കഴിക്കുകയെന്ന് ആലോചിക്കാത്തവര്‍ കുറവാകും. ഇതാണ് ആ ഗുട്ടന്‍സ്...
''ഫൈനല്‍ കഴിഞ്ഞു രണ്ടുദിവസത്തിനു ശേഷമാണ് ഞാന്‍ കുറച്ച് ഐസ്‌ക്രീം കഴിച്ചത്. മൂന്നു മാസമെങ്കിലും ആയിക്കാണും ഞാന്‍ മധുരപലഹാരങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ട്. അതുകൊണ്ടുതന്നെ കുറച്ചല്ല കുറച്ചധികം ഐസ്‌ക്രീം കഴിച്ചു. ഇപ്പൊ തൊണ്ട വേദനയാണ്,'' റിയോയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ദിപ പറഞ്ഞതാണിത്. ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ താരങ്ങള്‍ വേണ്ടെന്നുവച്ച സന്തോഷങ്ങളുടെ ഏടുകള്‍ കാണാം ആ ചിരികള്‍ക്കപ്പുറത്ത്.
''ഒളിമ്പിക്സിനു ശേഷം കഴിച്ച ആ ഐസ്‌ക്രീമുകള്‍ ഈ മടുപ്പിക്കുന്ന ഭക്ഷണക്രമത്തില്‍ നിന്നും അവള്‍ക്കൊരു മോചനമായിരിക്കും എന്നറിയാം പക്ഷേ പഴയ ഭക്ഷണ ക്രമത്തിലേക്ക് അവള്‍ വൈകാതെ തന്നെ തിരിച്ചുവരും. കാരണം അവളുടെ രാജ്യത്തിന് അഭിമാനിക്കാനുള്ള ഒരു നിമിഷം സമ്മാനിക്കുക എന്നതാണ് അവളുടെ ജീവിതലക്ഷ്യം''- ദിപയുടെ പരിശീലകന്‍ പറയുന്നു.
അതേസമയം, സാക്ഷിയുടെ ഒരു മാസത്തെ ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ചിലവ് ഏകദേശം 40,000 രൂപയോളം വരും. കൂട്ടുകാരോടൊത്ത് നക്ഷത്രങ്ങള്‍ കൂടിയ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ച് വരുത്തിവയ്ക്കുന്ന തുകയല്ല കേട്ടോ ഇത്. വളരെ കൂടിയ അളവില്‍ കലോറി അടങ്ങിയിരിക്കുന്ന ആഹാരസാധനങ്ങള്‍ വേണം സാക്ഷിക്ക് കഴിക്കാന്‍ എന്നാലേ ഗോദയില്‍ പിടിച്ചുനില്‍ക്കാനാവൂ.
ചോറും കറിയും ആലൂ പറാത്തയുമാണ് സാക്ഷിയുടെ ഇഷ്ടഭക്ഷണങ്ങള്‍. എന്നാല്‍ ഈ വിഭവങ്ങള്‍ സാക്ഷി വീണ്ടും കണ്ണിനു നേരെ കണ്ടത് ഒളിമ്പിക്സ് കഴിഞ്ഞ് നാട്ടിലെത്തിയ ശേഷമാണ്.
ശരീരത്തെ വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ തടസപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഗോപീചന്ദ് സിന്ധുവിനെ പഞ്ചസാരയും മധുരപലഹാരങ്ങളും കഴിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തിനു ശേഷമാണ് ഐസ്‌ക്രീമും മധുരമുള്ള തൈരും കഴിക്കാന്‍ സിന്ധുവിനും ആയത്. അതും പരിശീലകന്‍ ഗോപീചന്ദിന്റെ അനുവാദത്തോടെ. ''സിന്ധുവിന്റെ ഇഷ്ടം എന്ന ഒന്ന് അവളുടെ ഭക്ഷണകാര്യത്തില്‍ ഇല്ല. ഞാന്‍ എന്തു കഴിക്കാന്‍ പറഞ്ഞിരിക്കുന്നുവോ അതാണ് അവളുടെ ഭക്ഷണക്രമം''- ഗോപീചന്ദ് പറയുന്നു.
"കലോറി വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സിന്ധുവിന് നല്‍കുന്നത്. വിശപ്പില്ലാത്തപ്പോള്‍ പോലും സിന്ധു ഈ ഭക്ഷണ ക്രമം പാലിക്കാന്‍ നിര്‍ബന്ധിതയാണ്. ഒളിമ്പിക്‌സിന്റെ സമയത്തും കൂടിയ അളവില്‍ മൂന്നുതരം ന്യൂട്രീഷന്‍സ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സിന്ധുവിന്റെ ബാഗില്‍ എപ്പോഴും ഉണ്ടായിരുന്നു. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താനുള്ളവ, കൂടിയ തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളവ, പെട്ടെന്ന് ക്ഷീണത്തെ മറികടക്കാനുള്ളവ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സിന്ധുവിന്റെ ബാഗില്‍ ഉണ്ടായിരിക്കുക," ഗോപീചന്ദ് വ്യക്തമാക്കി.
സിന്ധുവിന്റെ പരിശീലനം എന്നും രാവിലെ നാലു മണിക്കു തുടങ്ങും. 7 മണിവരെ നീളുന്ന പരിശീലനത്തിനിടയില്‍ കുറഞ്ഞത് 1000 ഷട്ടിലുകളെയെങ്കിലും സിന്ധു നേരിട്ടിട്ടുണ്ടാവും. ഒരു മണിക്കൂര്‍ വിശ്രമത്തിനു ശേഷം വീണ്ടും ആരംഭിക്കുന്ന പരിശീലനം രണ്ടു മണിക്കൂറോളം നീളും. 11 മണിക്ക് ആരംഭിച്ച് ഒന്നൊന്നര മണിക്കൂര്‍ വീണ്ടും പരിശീലനം. വൈകുന്നേരങ്ങള്‍ മുഴുവന്‍ വ്യായാമമുറകള്‍ക്കും ജിമ്മിലേക്കുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment