Saturday, 29 October 2016

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ഉണ്ണി കൊടുങ്ങല്ലൂര്‍
AP Photo
AP Photo

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിക്കുകയാണെങ്കില്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്ന് വ്യോമസേന. ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെ വേണം വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒറ്റ യന്ത്രമുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.
കലാവധി പൂര്‍ത്തിയായ പഴയ സോവിയറ്റ് കാലത്തെ വിമാനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാനക്കരാറാണ് ഇത്. ഏകദേശം ഒരു ലക്ഷം കോടിരൂപയുടെ ഇടപാടാണ് ഇതിലൂടെ നടക്കുന്നത്.
ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കാനാണ് വ്യോമസേന ഇതിലൂടെ ശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് 200 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങള്‍.
ആഭ്യന്തര കമ്പനികളുടെ സഹകരണത്തോടെ വിമാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്നോട്ട് വന്നിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല വിദേശത്തേക്കും വിമാനങ്ങള്‍ കയറ്റുമതി ചെയ്യുവാന്‍ ലോക്ഹീഡ് മാര്‍ട്ടിന് പദ്ധതിയുണ്ട്.


മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിമാന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

No comments :

Post a Comment