Saturday, 15 October 2016

ചന്ദ്രനില്‍ ഇന്ത്യ ദൂരദര്‍ശിനി സ്ഥാപിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ചന്ദ്രനില്‍ ഇന്ത്യ ദൂരദര്‍ശിനി സ്ഥാപിക്കുന്നു


വിദൂരപ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം അതിന് തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഇത് നിരീക്ഷണത്തിന് അനുകൂലഘടകമാണ്
Published: Oct 15, 2016, 10:22 AM IST

ചെന്നൈ: പ്രപഞ്ചപഠനത്തിന് ചന്ദ്രനെ താവളമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അതിനായി ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ.
ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലിസ്‌കോപ്പായ'അസ്‌ട്രോസാറ്റ്' ( Astrosat ) വിജയകരമായി . അതിന്റെ തുടര്‍ച്ചയായി സ്‌പേസ് അസ്‌ട്രോണമി രംഗത്ത് മുന്നേറ്റമുണ്ടാക്കാനാണ് പുതിയ നടപടി.
ചന്ദ്രനില്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്താരാഷ്ട്ര സംഘടനയുമായി ആരംഭിച്ചുകഴിഞ്ഞതായി, ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍ കുമാര്‍ അറിയിച്ചു. ഐഐടി മദ്രാസില്‍ ഡോ.എപിജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
അസ്‌ട്രോസാറ്റ്-ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പ്
വിദൂരപ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം അതിന് തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഇത് നിരീക്ഷണത്തിന് അനുകൂലഘടകമാണ് -ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
അമേരിക്കയില്‍ വെസ്റ്റ് വെര്‍ജിനിയയിലെ ഹാന്‍ഡ്‌ലിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം ബംഗലൂരുവിലിരുന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നിയന്ത്രിക്കുന്നുണ്ട്. ചന്ദ്രനില്‍ സ്ഥാപിക്കാന്‍ അതിന് സമാനമായ സംവിധാനങ്ങളുടെ സാധ്യത ആരാഞ്ഞു വരികയാണ്.
നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 ( GSLV Mark III ) റോക്കറ്റിന്റെ വിക്ഷേപണം ഈ വര്‍ഷമവസാനം നടത്താന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതായും കിരണ്‍ കുമാര്‍ പറഞ്ഞു. ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റുകള്‍ക്ക് 2.25 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു.
സ്‌പേസ് എക്‌സ് ( SpaceX ) പോലുള്ള സ്വകാര്യ സ്‌പേസ് കമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രഭാഷണമധ്യേ കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. നവീകരിക്കപ്പെടുകയും പുത്തന്‍ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് ഐഎസ്ആര്‍ഒ യ്ക്ക് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

No comments :

Post a Comment