Tuesday, 4 October 2016

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

കണ്ണൂര്‍/കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക്(ഐ.എസ്.) യുവാക്കളെ ആകര്‍ഷിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ 30അംഗ സംഘം. 'അന്‍സാറുല്‍ ഖലീഫ' എന്നപേരിലാണ് ഐ.എസ്സിന്റെ കേരളഘടകം പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ജില്ലകളിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) രഹസ്യാന്വേഷണവിഭാഗം കൈമാറി.

കൊച്ചിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാനുള്ള പദ്ധതിയുള്‍പ്പെടെ ഒട്ടേറെ 'ഓപ്പറേഷനുകള്‍' ഇവര്‍ ആസൂത്രണംചെയ്തിരുന്നു. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ കേരളത്തിലെ നാല് പ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. കൊച്ചിയില്‍ അക്രമം നടത്താനുള്ള പദ്ധതി പരാജയപ്പെട്ടതാണ് ഇവരിലേക്ക് എന്‍.ഐ.എ.ക്ക് വഴിതുറന്നത്.

കണ്ണൂര്‍ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും ഇവര്‍ക്കുണ്ട്. കേരളത്തില്‍നിന്ന് ഐ.എസ്സിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. നവമാധ്യമങ്ങളിലെ പത്തോളം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ആശയപ്രചാരണം നടത്തിയിരുന്നത്. ഇവയെല്ലാം എന്‍.ഐ.എ.യുടെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലാണ്.

ഇതിലൊരു ഗ്രൂപ്പിന്റെ അഡ്മിനാണ് കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ്. എട്ടുമാസം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ നേരത്തേ കോയമ്പത്തൂരില്‍ ഒരുമിച്ച് പഠിച്ചിരുന്നു. തീവ്രവാദചര്‍ച്ചകള്‍ക്കായി 'ടെലിഗ്രാം മെസഞ്ചറി'ലാണ് ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലി എന്ന വ്യാജപ്പേരിലാണ് മന്‍സീദ് ഗ്രൂപ്പിനെ നയിച്ചിരുന്നത്.

എന്‍.ഐ.എ. ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യാജപ്പേരില്‍ ഈ ഗ്രൂപ്പില്‍ കയറിപ്പറ്റിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. കൊച്ചിയിലെ ആക്രമണപദ്ധതിയും ഇവര്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തിരുന്നു. പദ്ധതി പൊളിഞ്ഞതോടെ ഗ്രൂപ്പ് നിശ്ചലമായി. ഗ്രൂപ്പില്‍ ഒറ്റുകാരനുണ്ടെന്ന സംശയമുയര്‍ന്നതോടെ ചര്‍ച്ച നേരിട്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിലെ കനകമലയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത് ചോര്‍ത്തിയെടുത്ത എന്‍.ഐ.എ. സംഘം ഇവരെ പിടികൂടുകയായിരുന്നു.

അന്വേഷണസംഘം കൊയിലാണ്ടിയിലെത്തിയപ്പോഴാണ് തീവ്രവാദസംഘത്തിലുള്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ണൂരിലെ കനകമലയിലുള്ള ടവറിനു സമീപമാണെന്നു സ്ഥിരീകരിക്കുന്നത്. അങ്ങനെയാണ് നേരിട്ടെത്തി കൈയോടെ അഞ്ചുപേരെയും പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് കുറ്റിയാടിയില്‍നിന്ന് ഒരാളെയും കോയമ്പത്തൂരില്‍നിന്ന് രണ്ടുപേരെയും അറസ്റ്റുചെയ്തു.

ഐ.എസ്സിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അറബിക് പുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ഇതും കൈമാറുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. തീവ്രവാദബന്ധം സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഐ.എസ്. പ്രചാരകരായ രണ്ടു മലയാളികള്‍ ബഹ്‌റൈനില്‍ ജയിലിലുണ്ട്. ഇവരും കേരളത്തിലെ സംഘത്തില്‍പ്പെട്ടവരാണ്. ഐ.എസ്. ക്യാമ്പിലേക്ക് വടക്കേ മലബാറില്‍നിന്ന് ആദ്യം ചേക്കേറിയത് കണ്ണൂരിലെ വളപട്ടണം, തലശ്ശേരി എന്നിവിടങ്ങളിലുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിനുശേഷമാണ് കാസര്‍കോട്ടുനിന്നുള്ളവര്‍ പോയത്. ഇതിലെല്ലാം കേരളത്തിലെ പ്രചാരകസംഘത്തിനു ബന്ധമുണ്ട്.

No comments :

Post a Comment